ഫരീദാബാദ്: ഹരിയാനയിലെ നൂഹിലെ കലാപവുമായി ബന്ധപ്പെട്ട് ഗോസംരക്ഷകൻ ബിട്ടു ബജ്റംഗി അറസ്റ്റിൽ. ഫരീദാബാദിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചതിന് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. കാവി വസ്ത്രം ധരിച്ച് നടന്നുപോകുന്നതും, പിന്നീട് ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതും, പ്രകോപനപരമായ ഗാനവും ബിട്ടു ബജ്റംഗി പുറത്തുവിട്ട വീഡിയോയിലുണ്ടായിരുന്നു.
രാജ്കുമാർ എന്നാണ് ബിട്ടുവിന്റെ യഥാർത്ഥ പേര്. ഗോരക്ഷാ ബജ്റംഗ് ഫോഴ്സ് എന്ന സംഘടനയുടെ പ്രസിഡന്റാണിയാൾ. മതവികാരം വ്രണപ്പെടുത്തിയതിനുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. കലാപം, അക്രമം, ഭീഷണിപ്പെടുത്തൽ സർക്കാർ ഉദ്യോഗസ്ഥനെ ഡ്യൂട്ടിയിൽ നിന്ന് തടയൽ, മാരകായുധം ഉപയോഗിച്ച് ഉപദ്രവിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹരിയാനയിലെ സംഘർഷത്തിന് കാരണക്കാക്കരനായ മോനു മനേസറിന്റെ സുഹൃത്തുകൂടിയാണ് ബിട്ടു.
കഴിഞ്ഞ മാസം നൂഹില് വിശ്വഹിന്ദു പരിഷത്ത് നടത്തിയ ശോഭ യാത്ര ആള്ക്കൂട്ടം തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘര്ഷം ഉടലെടുത്തത്. ആറ് പേർ കൊല്ലപ്പെടുകയും 88 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ശോഭ യാത്രയിൽ ഗോരക്ഷാദള് നേതാവ് മോനു മനേസർ പങ്കെടുക്കുമെന്ന അഭ്യൂഹങ്ങളാണ് സംഘർഷങ്ങളിലേക്ക് നയിച്ചത്. അത് പിന്നീട് ഗുരുഗ്രാമിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചു. ഭിവാനിയിൽ പശുമോഷണം ആരോപിച്ച് രണ്ട് രാജസ്ഥാൻ സ്വദേശികളെ കൊന്ന കേസിൽ മോനു മനേസർ ഒളിവിലാണ്. സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 113 എഫ്ഐആറുകൾ ഫയൽ ചെയ്തു. 390-ലധികം പേരുടെ അറസ്റ്റ് രേഖപെടുത്തിയതായും 118 പേരെ കസ്റ്റഡിയിലെടുത്തിയതായും അധികൃതർ അറിയിച്ചു.