ശരദ് പവാറിന് പ്രധാനമന്ത്രിയാകാൻ അവസരം ലഭിക്കാത്തതിന് കാരണം കോൺഗ്രസിന്റെ കുടുംബവാഴ്ച: നരേന്ദ്ര മോദി

പൂനെയിൽ നടന്ന തിലക് ദേശീയ അവാർഡ് ദാന ചടങ്ങിൽ ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിട്ടിരുന്നു

ന്യൂഡൽഹി: എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിന് പ്രധാനമന്ത്രിയാകാൻ അവസരം ലഭിക്കാത്തത് കോൺഗ്രസിന്റെ കുടുംബവാഴ്ച മൂലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അജിത് പവാറും മറ്റ് എട്ട് പാർട്ടി എംഎൽഎമാരും ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിൽ ചേർന്നതിന് ശേഷം എൻസിപി പിളർപ്പിലേക്ക് പോയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ഈ മാസം ആദ്യം പൂനെയിൽ നടന്ന തിലക് ദേശീയ അവാർഡ് ദാന ചടങ്ങിൽ ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിട്ടിരുന്നു. എൻസിപി 'ഇൻഡ്യ' സഖ്യത്തിന്റെ ഭാഗമായതിനാൽ പവാറിന്റെ സാന്നിധ്യം പ്രതിപക്ഷത്തിനിടയിൽ അസ്വാരസ്യം സൃഷ്ടിച്ചിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള എൻഡിഎ എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, സ്വജനപക്ഷപാതം കാരണം കോൺഗ്രസും ശരദ് പവാറും കഴിവുള്ള പലരെയും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതായും ചില വൃത്തങ്ങൾ പറയുന്നു.

2019-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ബിജെപിയും ശിവസേനയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ഉദ്ധവ് താക്കറെ വിഭാഗവുമായുള്ള സഖ്യം ബിജെപി തകർത്തിട്ടില്ലെന്നും മോദി പറഞ്ഞു. 'ഒരു കാരണവുമില്ലാതെ അവർ വിവാദങ്ങൾ സൃഷ്ടിച്ചു. പക്ഷേ ഞങ്ങൾ സഹിച്ചു. ഞങ്ങൾ അത് നിസാരമായി കണക്കാക്കി. ഒരു വശത്ത് നിങ്ങൾ അധികാരത്തിലിരിക്കാനും മറുവശത്ത് വിമർശിക്കാനും ആഗ്രഹിക്കുന്നു. ഈ രണ്ട് കാര്യങ്ങളും എങ്ങനെ ഒരുമിച്ച് പോകും?', എന്നും പ്രധാനമന്ത്രി പറഞ്ഞെന്നും റിപ്പോർട്ടിലുണ്ട്.

To advertise here,contact us