ന്യൂഡല്ഹി: ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലഫ്റ്റനന്റ് ഗവര്ണര് വി കെ സക്സേനയും രാഷ്ട്രീയ വഴക്കുകള്ക്ക് മുകളിലേക്ക് ഉയരണമെന്ന് സുപ്രീംകോടതി. ഡല്ഹി സര്ക്കാരിന്റെ അധികാരങ്ങള് പരിമിതപ്പെടുത്തുന്ന രീതിയില് കേന്ദ്രം കൊണ്ടുവന്ന ഓര്ഡിനന്സുമായി ബന്ധപ്പെട്ട ഹര്ജിയില് വാദം കേള്ക്കുമ്പോഴാണ് സുപ്രീംകോടതിയുടെ പരാമര്ശം.
ഡല്ഹി ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന് നിയമനത്തെച്ചൊല്ലിയും മുഖ്യമന്ത്രിക്കും ഗവര്ണര്ക്കുമിടയില് അഭിപ്രായ ഭിന്നതകളുണ്ട്. പ്രശ്നങ്ങള് പരിഹരിക്കാന് ഇരുവര്ക്കും ഒരുമിച്ചിരുന്ന് സംസാരിച്ചു കൂടേയെന്നും കോടതി ചോദിച്ചു. മുതിര്ന്ന അഭിഭാഷകന് ഹരീഷ് സാല്വേയാണ് ഗവര്ണര്ക്ക് വേണ്ടി ഹാജരായത്.
ഡല്ഹി ഓര്ഡിനന്സ് നിയമമാക്കാന് അടുത്ത പാര്ലമെന്റ് സമ്മേളനത്തില് ബില് അവതരിപ്പിക്കാന് കേന്ദ്രം സത്യവാങ്മൂലം നല്കിയതായി സോളിസിറ്റര് ജനറല് തുഷാര് മേത്ത കോടതിയെ അറിയിച്ചു. നിലവില് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനുമായി ബന്ധപ്പെട്ട വിഷയം മാത്രമാണ് കോടതി പരിഗണിക്കുന്നത്. ഓര്ഡിനന്സിനെ മുഴുവനായി പരിഗണിക്കുന്ന ഹര്ജി വ്യാഴാഴ്ച ഭരണഘടനാ ബെഞ്ച് പരിഗണിക്കും.