ഉമർ ഖാലിദിൻ്റെ ജാമ്യാപേക്ഷ; മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഡൽഹി പൊലീസ്

കേസ് പരിഗണിക്കുന്നത് ജൂലൈ 24 ലേക്ക് മാറ്റി വെച്ചു

icon
dot image

ഡൽഹി: ജെഎൻയുവിലെ ഗവേഷക വിദ്യാർത്ഥിയും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയില് മറുപടി നല്കാന് ഡല്ഹി പൊലീസിന് തിങ്കളാഴ്ചവരെ സുപ്രീം കോടതി സമയം നല്കി. മറുപടി സത്യവാങ്മൂലം സമര്പ്പിക്കാന് കൂടുതല് സമയം ആവശ്യമുണ്ടെന്ന് ഡൽഹി പൊലീസിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് കേസ് പരിഗണിക്കുന്നത് ജൂലൈ 24 ലേക്ക് മാറ്റി വെച്ചു.

കൂടുതല് സമയം ആവശ്യപ്പെട്ടതില് ജസ്റ്റിസ് എഎസ് ബൊപണ്ണ ആദ്യം വിയോജിച്ചിരുന്നു. എന്നാൽ ഡൽഹി പൊലീസ് അഭിഭാഷകൻ്റെ ആവശ്യം പിന്നീട് അംഗീകരിക്കുകയായിരുന്നു. ഡല്ഹി കലാപത്തിന്റെ ഗൂഢാലോചനയില് പങ്കുണ്ടെന്ന് ആരോപിച്ചാണ് ഡല്ഹി പൊലീസ് ഉമര് ഖാലിദിനെ അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തപ്പെട്ട ഉമര് ഖാലിദ് മൂന്ന് വര്ഷമായി ജുഡീഷ്യല് കസ്റ്റഡിയിലാണ്.

2020 സെപ്തംബർ മുതൽ വിചാരണ കാത്ത് ഖാലിദ് ജയിലിൽ കഴിയുകയാണ് . കഴിഞ്ഞ വർഷം ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഖാലിദ് നൽകിയ ഹർജി ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്.

ഇന്ന് നടന്ന വാദത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ഡൽഹി പൊലീസിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഖാലിദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇതിനെ എതിർത്തു. ഇത് ജാമ്യാപേക്ഷയാണെന്നും ഖാലിദ് മൂന്ന് വർഷത്തോളമായി ജയിലിലാണെന്നും കപിൽ സിബൽ വാദിച്ചു.

To advertise here,contact us
To advertise here,contact us
To advertise here,contact us