കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിക്കുന്ന റിപ്പോട്ടർ വാർത്ത അടക്കം സാമൂഹിക മാധ്യമങ്ങളിൽ നിന്ന് റിമൂവ് ചെയ്തത് മെറ്റയ്ക്ക് പറ്റിയ തെറ്റാണെന്ന മാധ്യമ വാർത്തകൾ പൊളിയുന്നു. മുഖ്യമന്ത്രിയെ വിമർശിക്കുന്ന സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തത് സർക്കാർ നിർദ്ദേശപ്രകാരമാണെന്ന് ആഭ്യന്തരമന്ത്രി ഔദ്യോഗികമായി അറിയിച്ചതോടെയാണ് ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും മീഡിയാവണ്ണും ഉൾപ്പെടെയുള്ള മാധ്യമങ്ങൾ സർക്കാരിനെ വെള്ളപൂശാൻ നടത്തിയ നീക്കങ്ങൾ ഇപ്പോൾ പൊളിയുന്നത്. പോസ്റ്റുകൾ നീക്കം ചെയ്യാൻ മെറ്റയ്ക്ക് നോട്ടീസ് നൽകിയെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം സമ്മതിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് മെറ്റ വ്യക്തമാക്കിയെന്നായിരുന്നു 2026 ആഗസ്റ്റ് 15ന് മീഡിയവൺ ഉൾപ്പെടെയുള്ള നൽകിയിരുന്ന വാർത്തയിൽ വ്യക്തമാക്കിയിരുന്നത്. എഐ സിസ്റ്റത്തിൽ വരുത്തിയ അപ്ഡേഷന്റെ ഭാഗമായി ഉണ്ടായ സാങ്കേതിക തകരാറാണ് പോസ്റ്റുകൾ അപ്രത്യക്ഷമാകാൻ കാരണമെന്ന് മെറ്റ സംസ്ഥാന സൈബർ പൊലീസിനെ ഔദ്യോഗികമായി അറിയിച്ചുവെന്നും വാർത്ത വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെയോ മറ്റ് ഏതെങ്കിലും ഏജൻസികളുടെയോ സമ്മർദ്ദത്തിന്റെയോ ഇടപെടലിന്റെയോ ഭാഗമായിട്ടല്ല പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതെന്നും മെറ്റ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നതായും ഈ വാർത്തയിൽ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ അത് ആധികാരികമായി ബോധ്യമാകുന്ന ആശയവിനിമയങ്ങളുടെ തെളിവുകൾ മാധ്യമങ്ങൾ വ്യക്തമാക്കിയിരുന്നില്ല.
മുഖ്യമന്ത്രിക്കെതിരായതോ പേര് പരാമര്ശിക്കുന്നതോ ആയ വാർത്തകൾ പിൻവലിച്ചത് സാങ്കേതിക പിഴവ് മൂലമല്ലെന്നും പരാതിയുടെ അടിസ്ഥാനത്തിലുള്ള നടപടിയാണെന്നും ഇതിന് പിന്നാലെ മെറ്റ ഔദ്യോഗികായി സ്ഥിരീകരിച്ചിരുന്നു. റിപ്പോർട്ടറിന് ഇ മെയിൽ വഴി നൽകിയ വിശദീകരണത്തിലായിരുന്നു വാർത്തകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട ഔദ്യോഗിക നിലപാട് മെറ്റ വ്യക്തമാക്കിയിരിക്കുന്നത്. വാർത്തകൾ പിൻവലിച്ചത് എഐ അധിഷ്ഠിത സംവിധാനത്തിലൂടെയാണെന്ന നിലയിൽ നേരത്തെ പ്രചരിക്കപ്പെട്ട വാദങ്ങളെയും മെറ്റ നിഷേധിച്ചിരുന്നു. ഉള്ളടക്കത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം നിർണയിക്കുന്നത് പ്രാദേശിക നിയമങ്ങളാണ് എന്നാണ് മെറ്റ വ്യക്തമാക്കുന്നത്. ബന്ധപ്പെട്ട നിയമ ഉത്തരവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കാൻ കഴിയില്ലെന്നും മെറ്റ റിപ്പോർട്ടിറിന് നൽകിയ ഇമെയിൽ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.
വാർത്തകൾ പിൻവലിച്ചത് സാങ്കേതിക പിഴവ് മൂലമല്ലെന്ന മെറ്റയുടെ വിശദീകരണത്തോടെ ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും മീഡിയാവണ്ണും ഉൾപ്പെടെയുള്ള ബോധപൂർവ്വം വാർത്തകൾ സൃഷ്ടിക്കുകയായിരുന്നു എന്ന് വ്യക്തമായിരുന്നു. മുഖ്യമന്ത്രിയെ വിമർശിക്കുന്ന സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തത് സർക്കാർ നിർദ്ദേശപ്രകാരമാണെന്ന് ഇപ്പോൾ ആഭ്യന്തരമന്ത്രി ഔദ്യോഗികമായി അറിയിച്ചതോടെ മെറ്റ നേരത്തെ നൽകിയ വിശദീകരണത്തിൽ കൂടുതൽ വ്യക്തത വന്നിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ നിന്ന് വാര്‍ത്ത നീക്കാന്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും മെറ്റ എന്താണ് ചെയ്യുന്നതെന്ന് അറിയില്ലെന്നുമായിരുന്നു നേരത്തെ വി ഡി സതീശന് വ്യക്തമാക്കിയിരുന്നത്. 'മെറ്റയുടെ പോളിസി ചെഞ്ചാണോ എന്ന് വ്യക്തമല്ല. എന്നെ വിമർശിച്ച പോസ്റ്റ് റിമൂവ് ചെയ്യരുതെന്ന് പറഞ്ഞ് ഞാൻ മെറ്റയ് ക്ക് കത്തെഴുതാം' എന്നായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം. മെറ്റയുമായി താന്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ പരാതി നല്‍കണമെന്നും സര്‍ക്കാര്‍ കൂടെ നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ആഭ്യന്തര മന്ത്രിയുടെ മറുപടിയോടെ മുഖ്യമന്ത്രിയുടെ ഈ വാദമാണ് പൊളിഞ്ഞിരിക്കുന്നത്.
Content Highlights: The Home Minister clarified that Meta's removal of news content was not part of an AI update but was carried out following a request from the government