ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനം; യുഡിഎഫിൽ പൊട്ടിത്തെറി; നേതൃത്വത്തിനെതിരെ മോന്‍സ് ജോസഫും ഷിബു ബേബി ജോണും

ബോര്‍ഡ് കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ അനിശ്ചിതമായി വൈകുന്ന സാഹചര്യത്തിലാണ് ഘടകകക്ഷികള്‍ അതൃപ്തി പരസ്യമാക്കിയത്

തിരുവനന്തപുരം: ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനം വൈകിയതോടെ യുഡിഎഫില്‍ പൊട്ടിത്തെറി. യുഡിഎഫ് നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രിമാരായ മോസ് ജോസഫും ഷിബു ബേബി ജോണും രംഗത്തെത്തി. എത്രയും പെട്ടെന്ന് ബോര്‍ഡ് കോര്‍പ്പറേഷനുകളില്‍ നിയമനങ്ങള്‍ നടത്തുന്നതാണ് നല്ലതെന്ന് മന്ത്രി മോന്‍സ് ജോസഫ് മുന്നറിയിപ്പ് നല്‍കി. മാന്യമായ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്പി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ചര്‍ച്ചകള്‍ വൈകുന്നതില്‍ കോണ്‍ഗ്രസിലും അമര്‍ഷം പുകയുകയാണ്.

ബോര്‍ഡ് കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ അനിശ്ചിതമായി വൈകുന്ന സാഹചര്യത്തിലാണ് ഘടകകക്ഷികള്‍ അതൃപ്തി പരസ്യമാക്കിയത്. യുഡിഎഫിലെ പ്രധാനഘടകകക്ഷികളായ കേരള കോണ്‍ഗ്രസ് ജോസഫ്, ആര്‍എസ്പി ഉള്‍പ്പെടെ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചിരുന്നു. സര്‍ക്കാര്‍ അധികാരത്തിലെത്തി ആറുമാസം പൂര്‍ത്തിയാകുമ്പോഴും നിയമനം നടത്താത്തതാണ് ഘടകകക്ഷികളെ പ്രകോപിപ്പിച്ചത്. 15 പദവികള്‍ ആവശ്യപ്പെട്ട ആര്‍എസ്പിക്ക് പകുതി പോലും നല്‍കാന്‍ കഴിയില്ലെന്നാണ് നേതൃത്വം നല്‍കിയ മറുപടി.

ചെയര്‍മാന്‍ പി ജെ ജോസഫിന് ക്യാബിനറ്റ് റാങ്ക് നല്‍കണമെന്നാണ് കേരള കോണ്‍ഗ്രസ്സിന്റെ പ്രധാന ആവശ്യം. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന കോണ്‍ഗ്രസ് നിലപാടാണ് കേരള കോണ്‍ഗ്രസ് ജോസഫിന്റെ അമര്‍ഷത്തിന് കാരണമായത്. ചര്‍ച്ചകള്‍ ഏകപക്ഷീയമെന്നാണ് കോണ്‍ഗ്രസിന് അകത്തെ വിമര്‍ശനം. വര്‍ക്കിങ് പ്രസിഡന്റുമാരെ മാറ്റിനിര്‍ത്തുന്നതിലും പരാതിയുണ്ട്. സര്‍ക്കാര്‍ അധികാരത്തിലെത്തി ആറുമാസം കഴിയുമ്പോഴും ബോര്‍ഡ് കോര്‍പ്പറേഷന്റെ ചര്‍ച്ചകള്‍ എവിടെയും എത്തിയിട്ടില്ല. വിഷയം ചര്‍ച്ച ചെയ്യുന്നതിന് യുഡിഎഫ് യോഗമോ ഉഭയകക്ഷി യോഗമോ ചേരാത്തതിലും അമര്‍ഷമുണ്ട്. എല്‍ഡിഎഫ് സഹയാത്രികര്‍ കോര്‍പ്പറേഷനുകളുടെ തലപ്പത്ത് തുടരുന്നതും അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

Content highlights- A dispute has emerged within the United Democratic Front (UDF) over appointments to boards and corporations in Kerala. Mons Joseph and Shibu Baby John have reportedly raised criticism against the coalition leadership over the appointment process, highlighting internal differences within the alliance.

To advertise here,contact us