കൊച്ചി: സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോംഗിങ്: എ ജേര്ണി ഓഫ് ലവ്' (Belonging: A Journey Of Love) എന്ന പുസ്തകത്തിനെ കുറിച്ച് പ്രതികരിച്ച് കെ ടി ജലീൽ. വളച്ചുകെട്ടുകളില്ലാതെ നേർക്കുനേരെ വായനക്കാരോട് സംവദിക്കുന്ന രചനയെന്നാണ് ജലീൽ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. സോണിയ ഗാന്ധിയുടെ ആത്മകഥ ഏറെ ചർച്ച ചെയ്യപ്പെടുന്നത് സത്യസന്ധവും ലളിതവുമായ അതിൻ്റെ അവതരണം കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേവലം ഒരു രാഷ്ട്രീയ ആത്മകഥയല്ല സോണിയയുടേത്. വ്യക്തിജീവിതം, പ്രണയം, കുടുംബബന്ധങ്ങൾ, ഇന്ത്യയിലേക്കുള്ള വരവ്, കുടുംബത്തിലെ ദുരന്തങ്ങൾ, രാഷ്ട്രീയപ്രവേശം തുടങ്ങിയ നിലവധി കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്നും ജലീൽ വ്യക്തമാക്കി.
'ആത്മലയനത്തിൻ്റെ സ്നേഹയാത്ര' എന്നാണ് മലയാളത്തിലേക്ക് പുസ്തകത്തിൻ്റെ തലക്കെട്ട് ഞാൻ മൊഴി മാറ്റുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പുസ്തകം പുറത്തിറങ്ങുന്നതിനു മുന്നോടിയായി 2026 നവംബർ 9ന് "The Hindu" പത്രത്തിൽ സോണിയ ഗാന്ധി എഴുതിയ ലേഖനത്തിൽ പുസ്തകം എഴുതാനുള്ള ഉദ്ദേശവും അവർ വിശദീകരിച്ചതും കെ ടി ജലീൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പുസ്തകത്തിന്റെ ഓരോ അധ്യായവും വിശദീകരിച്ചാണ് കെ ടി ജലീൽ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം
സോണിയാ ഗാന്ധിയുടെ ആത്മകഥ: (Belonging: A Journey of Love) ''ആത്മലയനത്തിൻ്റെ സ്നേഹയാത്ര"സോണിയ ഗാന്ധിയുടെ ആത്മകഥ ഏറെ ചർച്ച ചെയ്യപ്പെടുന്നത് സത്യസന്ധവും ലളിതവുമായ അതിൻ്റെ അവതരണം കൊണ്ടാണ്. വളച്ചുകെട്ടുകളില്ലാതെ നേർക്കുനേരെ വായനക്കാരോട് സംവേദിക്കുന്ന രചന. "Belonging: A Journey of Love" എന്ന തലക്കെട്ടിൽ പുറത്തുവന്ന സോണിയയുടെ ജീവിതാനുഭവങ്ങൾ വായനക്കാർക്ക് പുതുമയുള്ള ഒരു വിഭവമാണ്. ഇന്ത്യയുടെ ആത്മാവു തേടി രാജീവിൽ ഇഴുകിച്ചേർന്ന് ഒരു ഇറ്റാലിയൻ പെൺകുട്ടി നടത്തുന്ന പ്രണയയാത്രയുടെ വശ്യമായ നേർക്കാഴ്ച ഒരുപുത്തൻ വായനാനുഭൂതിയാണ് സമ്മാനിക്കുക.
കേവലം ഒരു രാഷ്ട്രീയ ആത്മകഥയല്ല സോണിയയുടേത്. വ്യക്തിജീവിതം, പ്രണയം, കുടുംബബന്ധങ്ങൾ, ഇന്ത്യയിലേക്കുള്ള വരവ്, കുടുംബത്തിലെ ദുരന്തങ്ങൾ, രാഷ്ട്രീയപ്രവേശം, എന്നിവയെല്ലാം കോർത്തിണക്കി തയ്യാറാക്കിയ ഓർമ്മകളുടെ മുത്തുമാലയെന്ന് പുസ്തകത്തെ വിശേഷിപ്പിച്ചാൽ തെറ്റില്ല. അതിൽ ബഹുസ്വരതയുടെസൗന്ദര്യമുണ്ട്, സന്തോഷങ്ങളുണ്ട്, തീരാദു:ഖമുണ്ട്, മനസ്സംഘർഷങ്ങളുണ്ട്, സ്നേഹമുണ്ട്, കുടുംബബന്ധത്തിൻ്റെ സുഗന്ധമുണ്ട്, വീണപൂവിൻ്റെ വേദനയുണ്ട്. ഉൽക്കണ്ഠകളുണ്ട്, കണ്ണീരിൻ്റെ നനവുണ്ട്, നാളെയെ കുറിച്ച ശുഭപ്രതീക്ഷകളുണ്ട്. ആധുനിക ഇന്ത്യയുടെ ഉൺമ തേടി സോണിയാ ഗാന്ധി നടത്തുന്ന പ്രണയയാത്ര, "ഇറ്റലിക്കാരി" എന്ന് തന്നെ മുദ്രകുത്തിയവർക്കുള്ള ചുട്ട മറുപടികൂടിയാണ്.
"ആത്മലയനത്തിൻ്റെ സ്നേഹയാത്ര" എന്നാണ് മലയാളത്തിലേക്ക് പുസ്തകത്തിൻ്റെ തലക്കെട്ട് ഞാൻ മൊഴി മാറ്റുന്നത്. ഹാർപർ കോളിൻസ് ഇന്ത്യയാണ്, 2026 നവംബർ 10-ന് പ്രസിദ്ധീകരിച്ച ഇന്ത്യൻ പതിപ്പിൻ്റെ പ്രസാധകർ. മൊത്തം544 പേജുകളാണ് പുസ്തകത്തിനുള്ളത്. ഏഴു അധ്യായങ്ങളിലായാണ് പിന്നിട്ട 79 വർഷങ്ങളെ സോണിയാഗാന്ധി അടയാളപ്പെടുത്തിയിരിക്കുന്നത്. ഒന്നാം അദ്ധ്യായത്തിൻ്റെ തലക്കെട്ട് 'പ്രണയവും പ്രണയനാളുകളും' എന്നാണ്. രണ്ടാം അദ്ധ്യായം: 'എൻ്റെ വഴി കണ്ടെത്തെന്നു'. മൂന്നാം അദ്ധ്യായം: 'ജയപരാജയങ്ങൾ'. നാലാം അദ്ധ്യായം: 'പ്രധാനമന്ത്രിയായ രാജീവ്'. അഞ്ചാം അദ്ധ്യായം: 'അന്ത്യവും ബാക്കിപത്രവും'. ആറാം അദ്ധ്യായം: 'കോൺഗ്രസിനെ നയിച്ച കാലം'. ഏഴാം അദ്ധ്യായം: 'രണ്ടുപതിറ്റാണ്ടുകൾക്കു ശേഷം'. എന്നിങ്ങനെയാണ് ഏഴ് അധ്യായങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ പ്രാരംഭവും ഉപസംഹാരവും വേറെയുമുണ്ട്.
പുസ്തകം പുറത്തിറങ്ങുന്നതിനു മുന്നോടിയായി 2026 നവംബർ 9-ന് "The Hindu" പത്രത്തിൽ സോണിയ ഗാന്ധി എഴുതിയ ലേഖനത്തിൽ പുസ്തകം എഴുതാനുള്ള ഉദ്ദേശ്യം അവർ വിശദീകരിച്ചത് ഇപ്രകാരമാണ്: “ഇതൊരു രാഷ്ട്രീയ പുസ്തകമല്ല, വ്യക്തിപരമായ രചനയാണ്. ഞങ്ങളുടെ കുടുംബത്തെക്കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ നഹ്റു കുടുംബം ആരെന്നോ, അവരുടെ യഥാർത്ഥ ദൗത്യങ്ങൾ എന്തെന്നോ, അവരുടെ പോരാട്ടങ്ങളും മാനുഷികമായ പരിമിതികളും എന്തെല്ലാമാണെന്നോ, ശരിയായ ഉൾക്കാഴ്ചയോടെ കുറിക്കപ്പെട്ട രചനകൾ അധികമുണ്ടാവില്ല. വ്യക്തിപരമായി വളരെ അടുത്തറിയുകയും സ്നേഹിക്കുകയും ഇടപഴകുകയും ചെയ്ത മനുഷ്യരെന്ന നിലയിൽ അവരെ സത്യസന്ധമായി അവതരിപ്പിക്കാനുള്ള എളിയ ശ്രമമാണ് എൻ്റേത്".
അതേ ലേഖനത്തിൽ മറ്റൊരു പ്രധാന കാര്യം കൂടി സോണിയ പറയുന്നുണ്ട്: “ഇന്ത്യയിൽ അഞ്ചു പതിറ്റാണ്ടിലേറെക്കാലം നേരിട്ടറിഞ്ഞ മാറ്റങ്ങൾ പങ്കുവെക്കാൻ ഞാൻ ആഗ്രഹിച്ചു. ആദ്യം സമൂഹത്തിന്റെ അരികിൽനിന്നും പിന്നീട് അതിന്റെ കേന്ദ്രത്തിൽനിന്നും ഒരു രാജ്യത്തിന്റെ വളർച്ച സസൂക്ഷ്മം നിരീക്ഷിച്ചു. ആ യാത്രയുടെയും സ്വന്തം വീടായി ഞാൻ സ്വീകരിച്ച ഈ രാജ്യത്തിന്റെയും വിവരണവും കൂടിയാകും പ്രസിദ്ധീകൃതമാകാൻ പോകുന്ന പുസ്തകം".പുസ്തകത്തിന്റെ ആത്മാവ് മനസ്സിലാക്കാൻ ഇതിലപ്പുറം ഒരു വിശദീരണത്തിൻ്റെ ആവശ്യമില്ല. സോണിയയുടെ ആത്മകഥയെ വ്യക്തിജീവിതം, കുടുംബജീവിതം, രാഷ്ട്രീയ ജീവിതം എന്നിങ്ങനെ പ്രധാനമായും മൂന്നായി തരംതിരിക്കാം. യുദ്ധാനന്തര ഇറ്റലിയിലെ ബാല്യം, കേംബ്രിഡ്ജിലെ വിദ്യാർഥിജീവിതം, രാജീവുമായുള്ള പ്രണയം, വിവാഹം, ഇന്ത്യയുടെ മരുമകളായുള്ള വരവ്, എന്നിവയാണ് ഒന്നാം ഭാഗത്തെ പ്രതിപാദ്യം. ഇന്ദിരാഗാന്ധിയുമായുള്ള ബന്ധം, രാജീവ് ഗാന്ധിയുടെ ജീവിതം, സഞ്ജയ് ഗാന്ധിയുടെ മരണം, ഇന്ദിരയുടെയും രാജീവിന്റെയും വധങ്ങൾ, ഇവയെല്ലാമാണ് രണ്ടാംഭാഗത്ത് വരുന്നത്. കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തത്, 2004-ൽ പ്രധാനമന്ത്രിപദം നിരസിച്ചത്, തുടർന്നുള്ള കലങ്ങിമറിഞ്ഞ രാഷ്ട്രീയ സ്ഥിതിഗതികൾ, തുടങ്ങിയവ മൂന്നാം ഭാഗത്ത് വിശകലനം ചെയ്യുന്നു.
സോണിയ ഗാന്ധി തന്റെ ജീവിതത്തെ വെറും രാഷ്ട്രീയ സംഭവങ്ങളുടെ ക്രമാനുഗതമായല്ല അവതരിപ്പിക്കുന്നത്. ഒരു ഇറ്റാലിയൻ പെൺകുട്ടി എങ്ങനെയാണ് ഇന്ത്യയെ സ്വന്തം വീടായി സ്വീകരിച്ചത്, കുടുംബത്തിലെ സ്നേഹവും നഷ്ടങ്ങളും എങ്ങനെയാണ് അവരെ പൊതുജീവിതത്തിലേക്ക് നയിച്ചത്, എന്നെല്ലാമുള്ള കാര്യങ്ങൾ സ്വാഭാവികത ചോർന്നു പോകാതെയാണ് സോണിയ വിശദീകരിക്കുന്നത്. പിതാവ് സ്റ്റെഫാനോ മൈനോയുമായുള്ള ബന്ധവും കുടുംബത്തിന്റെ പശ്ചാത്തലവും, കേംബ്രിഡ്ജിലെ പഠന നാളുകളും, 1965-ൽ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയതും, വ്യത്യസ്ത രാജ്യങ്ങളും സംസ്കാരങ്ങളും കുടുംബപശ്ചാത്തലങ്ങളും തമ്മിലുള്ള അകലം മറികടന്ന് രാജീവിൻ്റെ ജീവിതപങ്കാളിയായതുമെല്ലാം, ഒന്നാം അദ്ധ്യായത്തെ സമൃദ്ധമാക്കുന്നു.
ആദ്യകാല ജീവിത വിവരണവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ചില വരികൾ അവരുടെ കുടുംബത്തെക്കുറിച്ചുള്ള ഓർമ്മകളിൽ കാണാം. ഒരു സാധാരണ ഇറ്റാലിയൻ കുടുംബത്തിലാണ് സോണിയ ജനിച്ചത്. പരസ്പര ബന്ധവും ഒത്തിണക്കവുമുള്ള കുടുംബ സാഹചര്യത്തിൽ വളർന്നു. യാഥാസ്ഥികമായിരുന്നെങ്കിലും, വിശ്വസ്തത, അനുസരണം, എളിമ, സത്യസന്ധത, ഉദാരത, മുതിർന്നവരോടുള്ള ആദരവ്, തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച അവരുടെ കുടുംബം അടിസ്ഥാനപരമായി ഒരു പരമ്പരാഗത ഇന്ത്യൻ കുടുംബത്തിൽനിന്ന് ഏറെയൊന്നും വ്യത്യസ്തമായിരുന്നില്ല.പിതാവ് സ്റ്റെഫാനോ മൈനോയെ കുറിച്ച് പറയുമ്പോൾ സോണിയയുടെ വാക്കുകളിൽ ഒരു വൈകാരിക തലം പ്രകടമാണ്. സ്നേഹവും കർശനമായ പിതൃഅധികാരവും ചേർന്നതാണ് അച്ഛനും മകളും തമ്മിലുള്ള ബന്ധം. പ്രായം കൂടുന്തോറും പിതാവിന്റെ കർശനമായ പെരുമാറ്റത്തിനു പിന്നിലെ പരുപരുത്ത ജീവിത യാഥാർത്ഥ്യങ്ങളും കുടുംബത്തിന്റെ അന്തസ്സ് സംരക്ഷിക്കാനുള്ള അദ്ദേഹത്തിൻ്റെ കഠിനാദ്ധ്വാനവും സോണിയ തിരിച്ചറിഞ്ഞു. കുട്ടിക്കാലത്ത് പിതാവിന്റെ കർക്കശമായ പെരുമാറ്റം അവരെ വേദനിപ്പിച്ചത് സത്യം. എന്നാൽ വളർന്നപ്പോൾ അദ്ദേഹത്തിന്റെ ജീവിതസമരവും കുടുംബത്തോടുള്ള ഉത്തരവാദിത്വ ബോധവും സോണിയ മനസ്സിലാക്കി. അദ്ദേഹത്തിന്റെ കാർക്കശ്യങ്ങൾക്കു പിന്നിൽ കുടുംബത്തിന് സമൂഹത്തിൽ മാന്യതയും ആദരവും നേടിക്കൊടുക്കണമെന്ന താൽപര്യമാണെന്ന് തിരിച്ചറിഞ്ഞു. ഒരു മധ്യവർഗ്ഗ ഇന്ത്യൻ കുടുംബത്തിലെ കുടുംബനാഥനിൽ നിന്ന് ഒട്ടും വ്യത്യസ്തനായിരുന്നില്ല സോണിയയുടെ പിതാവെന്നർത്ഥം. പുറമെ പരുഷമെങ്കിലും അകം സ്നേഹനിർഭരം!
കേംബ്രിഡ്ജിലെ വിദ്യാർഥിജീവിതത്തെ കുറിച്ച സോണിയ ഗാന്ധിയുടെ നിരീക്ഷണം ഇപ്രകാരമാണ്: ഇംഗ്ലണ്ടിലെ ഭക്ഷണം അക്കാലത്ത് അത്ര രുചികരമല്ല. ഇഷ്ടപ്പെട്ട ഇറ്റാലിയൻ ഭക്ഷണം അന്വേഷിച്ചെത്തിയത് ചെറിയൊരു ഗ്രീക്ക് റെസ്റ്റോറൻ്റിലാണ്. സോണിയയുടെ ജീവിതത്തിൽ വരിത്തിരിവായ ആ റസ്റ്റോറൻ്റിൽ വെച്ചാണ്, തൻ്റെ പ്രിയതമനെ സോണിയ ആദ്യമായി കണ്ടത്. വാക്കുകളെക്കാൾ അവരുടെ കണ്ണുകൾ വാചാലമായ നിമിഷങ്ങൾ. അന്നാണ് രാജ്യാതിർത്തികൾ ഭേദിച്ച പ്രണയം മൊട്ടിട്ടത്. രാജീവിനെ ആദ്യമായി കണ്ടപ്പോൾത്തന്നെ, ആ മുഖവും ചിരിയും പെരുമാറ്റവും സോണിയയുടെ മനസ്സിൽ ഗാഢമായി പതിഞ്ഞു. താൻ തേടുന്ന ജീവിതപങ്കാളിയെ അവർ രാജീവിൽ കണ്ടു. ഇടക്കിടെയുള്ള കൂടിക്കാഴ്ച്ചകൾ ഇരുവരെയും പിരിയാത്ത സുഹൃത്തുക്കളാക്കി. സൗഹൃദം പ്രണയമായി വളർന്നു. രാജീവിൻ്റെ സൗന്ദര്യത്തെക്കാൾ ആഴത്തിൽ സോണിയയെ സ്പർശിച്ചത്, രാജീവിൻ്റെ മുഖത്ത് പ്രകടമായ സൗമ്യഭാവമാണ്.നിഷ്കളങ്കമായ രാജീവിൻ്റെ പ്രകൃതവും ചിരിയും എല്ലാവരെയുമെന്ന പോലെ സോണിയയേയും ഏറെ ആകർഷിച്ചു.ഒന്നാം അധ്യായത്തിന്റെ അവസാന ഭാഗത്ത് വ്യത്യസ്ത രാജ്യങ്ങൾ, സംസ്കാരങ്ങൾ, കുടുംബപശ്ചാത്തലങ്ങൾ എന്നിവയ്ക്കിടയിലെ അകലം മറികടന്ന് രാജീവിനൊപ്പം ഒരു ജീവിതം തിരഞ്ഞെടുക്കാനുള്ള സോണിയയുടെ ഉൾക്കടമായ ആഗ്രഹമാണ് പ്രതിഫലിക്കുന്നത്. രാജീവിനെ സ്നേഹിക്കുക എന്നത് വെറുമൊരു പ്രണയത്തിൽ ഒതുക്കാവുന്നതല്ല. തികച്ചും അപരിചിതമായ ഒരു രാജ്യത്തെയും സംസ്കാരത്തെയും ജീവിതരീതികളേയും സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കാനുള്ള തീരുമാനവും കൂടിയാണെന്ന് സോണിയക്ക് ബോദ്ധ്യമായി. ജന്മനാടും കുടുംബവും ഉപേക്ഷിച്ച് സ്നേഹത്തിന്റെ കരുത്തിൽ പുതിയൊരു ലോകത്തേക്ക് പ്രവേശിക്കാൻ സോണിയ തയ്യാറായി. 1968, ഫെബ്രുവരി 28-ന്- രാജീവും സോണിയയും വിവാഹിതരായി. 1969 ജനുവരി 18-ന് സോണിയ ആദ്യ കുഞ്ഞിന് ജൻമം നൽകി. മാസം തികയാതെയാണ് കുട്ടി ജനിച്ചത്. ജനിച്ചപ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നു. ഇൻകുബേറ്ററിൽ പ്രവേശിപ്പിച്ച പൈതലിന്റെ ആദ്യത്തെ കരച്ചിൽ സോണിയ കേട്ടു.
കുഞ്ഞിനെക്കുറിച്ച് സോണിയ ആത്മകഥയിൽ വിവരിക്കുന്നത് ഹൃദയസ്പർശിയായാണ്: കറുത്തു സമൃദ്ധമായ മുടിയും, നീണ്ടു മെലിഞ്ഞ വിരലുകളുമുള്ള, പൂർണരൂപം കൈവരിച്ച ഒരു ചെറിയ ആൺകുഞ്ഞ്. ആദ്യമായി കണ്ടപ്പോൾത്തന്നെ കുഞ്ഞിനോട് അതിരറ്റ സ്നേഹം തോന്നി. എന്നാൽ കുഞ്ഞിന്റെ അതിജീവനസാധ്യതയെക്കുറിച്ച് ഡോക്ടർമാർക്ക് ആശങ്കയുണ്ടായിരുന്നു. ജനിച്ച് ഏതാനും മണിക്കൂറുകൾക്കുശേഷം കുഞ്ഞ് മരിച്ചു. പിറ്റേന്ന് രാവിലെ 6.30-നാണ് മരണവാർത്ത രാജീവ് സോണിയയെ അറിയിച്ചത്. ഇരുവരും തകർന്നുപോയി. രാജീവ് പോലും നിയന്ത്രണംവിട്ട് കരഞ്ഞു.കുഞ്ഞിന്റെ മൃതദേഹം എങ്ങനെ സംസ്കരിക്കണമെന്ന കാര്യത്തിൽ കുടുംബത്തിന് ആശയക്കുഴപ്പമുണ്ടായി. ഹിന്ദു ആചാരപ്രകാരം നവജാതശിശുക്കളെ സാധാരണയായി ദഹിപ്പിക്കുകയല്ല, നദിയിൽ ഒഴുക്കിവിടുകയാണ് ചെയ്യാറുള്ളതെന്ന് രാജീവ് സോണിയയെ ധരിപ്പിച്ചു. ഇതുകേട്ടപാടെ സോണിയ വല്ലാതെ അസ്വസ്ഥയായി. ഒരിക്കൽ രാജീവിനും സുഹൃത്തുക്കൾക്കുമൊപ്പം ഓഖ്ല ബാരേജിന് സമീപം പോയപ്പോൾ നദിയിൽ ഒഴുകിയെത്തി മാലിന്യക്കൂട്ടത്തിൽ കുടുങ്ങിയ ഒരു പുരുഷന്റെ മൃതദേഹം അവർ കണ്ടിരുന്നു. അതിന്റെ സമീപത്ത് വിശന്ന നായ്ക്കൾ മൃതദേഹം വലിച്ചെടുക്കാൻ ശ്രമിക്കുന്ന കാഴ്ച കണ്ട് സോണിയ ഭയപ്പെട്ടിരുന്നു. തന്റെ കുഞ്ഞിനും ആ ഗതി വരുമോ എന്ന് അവർ ഭയപ്പെട്ടു. അത്തരമൊരു കാഴ്ച സങ്കൽപ്പിക്കാൻ പോലും സോണിയക്ക് കഴിഞ്ഞില്ല.
കുഞ്ഞിനെ നദിയിൽ ഒഴുക്കിവിടാൻ ആ അമ്മമനസ്സ് അനുവദിച്ചില്ല. നദിയിൽ കുട്ടിയെ ഒഴുക്കേണ്ടെന്ന് സോണിയ ശഠിച്ച് പറഞ്ഞു. ഒടുവിൽ രാജീവും സഹോദരൻ സഞ്ജയ് ഗാന്ധിയും ചേർന്ന്ഡ ൽഹിയിലെ മെഹ്റൗളിയിലുള്ള അച്ഛൻ ഫിറോസ് ഗാന്ധിയുടെ ഫാമിൽ കുഞ്ഞിനെ സംസ്കരിക്കാൻ തീരുമാനിച്ചു. അവിടെ പൂത്തുനിന്നിരുന്ന മനോഹരമായ ഒരു പിങ്ക് ബോഗൻവില്ലിയ ചെടിയുടെ ചുവട്ടിൽ, അതിന്റെ വേരുകൾക്കടിയിലായി കുഞ്ഞിനെ അടക്കം ചെയ്തു.പിന്നീട് രാജീവും സോണിയയും ആ ഫാം സന്ദർശിക്കുമ്പോഴെല്ലാം അൽപ്പനേരം കുഴിമാടത്തിലെത്തി പൂ വെക്കൽ പതിവാക്കി. അത് അവരുടെ സ്വകാര്യമായ ഓർമാചരണമായി മാറി.
ഈ ദുരന്തം സോണിയയുടെ മനസ്സിൽ ആഴത്തിലുള്ള മുറിവാണുണ്ടാക്കിയത്. തന്റെ ഗർഭകാലത്ത് എന്തെങ്കിലും തെറ്റുകൾ ചെയ്തതു കൊണ്ടാണോ കുഞ്ഞിനെ നഷ്ടപ്പെട്ടതെന്ന കുറ്റബോധവും വ്യസനവും മാസങ്ങളോളം അവരെ വേട്ടയാടി. പിന്നീട് വീണ്ടും ഗർഭിണിയായ സോണിയ, 1970 ജൂൺ 19-ന് രാഹുൽ ഗാന്ധിക്ക് ജന്മം നൽകിയതോടെയാണ്, ആദ്യകുഞ്ഞ് നഷ്ടപ്പെട്ടതിൻ്റെ തീരാവിഷമത്തിൽ നിന്ന് ഒരുപരിധിവരെ സോണിയ മുക്തയായത്.(തുടരും)
Content Highlights: K.T. Jaleel describes Sonia Gandhi’s autobiography as a candid work that communicates directly with readers, without beating around the bush.