ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം മനു സി പുളിക്കലിനെതിരായ ജി സുധാകരന്റെ അധിക്ഷേപ പരാമാര്‍ശങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. മനുഷ്യരെ ആക്ഷേപിക്കുക എന്നത് ചിലരുടെ സ്വാഭാവ വൈകൃതമാണ്. എന്നാല്‍ അതൊരു ലൈസന്‍സ് ആയി ജി സുധാകരന് കൊണ്ടു നടക്കരുതെന്ന് ശിവപ്രസാദ് കുറ്റപ്പെടുത്തി. മനു സി പുളിക്കലിനെതിരെ നടത്തിയ അര്‍ത്ഥശൂന്യമായ ആക്ഷേപം രാഷ്ട്രീയ ബോധ്യം ഉള്ളവര്‍ തള്ളിക്കളയുന്നതാണ്. എസ്എഫ്ഐ കാലം മുതല്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ച് യുഡിഎഫ് ഗവണ്മെന്റ് നടപ്പിലാക്കിയ വിദ്യാര്‍ത്ഥി വിരുദ്ധ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ സമരം നയിച്ചതിന് ജയില്‍വാസം അനുഭവിച്ച ആളാണ് മനു സി പുളിക്കലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ പ്രചാരണം നടത്തിയിട്ടും, സ്വന്തം അനുജനെ കൊലപ്പെടുത്തിയത് കെഎസ്യു ഗുണ്ടകളാണ് എന്ന കാര്യം പോലും മറന്ന്, ഇപ്പോള്‍ അവരോടൊപ്പം ചേര്‍ന്ന് നില്ക്കുന്ന സുധാകരന് ഇതൊന്നും ഓര്മ്മയുണ്ടാവണമെന്നില്ലെന്ന് എസ്എഫ്ഐ നേതാവ് വിമര്‍ശിച്ചു. പാര്‍ട്ടിയുടെ സംസ്ഥാന നേതാവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഇദ്ദേഹം ഏതു പാര്‍ട്ടി ബ്രാഞ്ചിന്റെ സെക്രട്ടറി ആയിരുന്നു എന്ന ചോദ്യം ആദ്യം സ്വയം ചോദിക്കുന്നത് നന്നാവുമെന്നും സുധാകരൻ മറുപടി നൽകി. ഓമനക്കുട്ടനെ പോലെ സാധാരണക്കാരനായ ഒരു പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗത്തെ പരസ്യമായി ആക്ഷേപിക്കാന്‍ സുധാകരന് തയ്യാറായത് ഓര്‍മിപ്പിക്കുന്നെന്നും ശിവപ്രസാദ് പറഞ്ഞു.
എല്ലാം താഴെത്തട്ടിലെ പാര്‍ട്ടി സഖാക്കള്‍ ഇന്നും ഓര്‍ത്തു വെക്കുന്നുണ്ട്. സ്വയം സര്‍വ്വവിജ്ഞാന കോശമാണ് എന്ന അങ്ങയുടെ അഹങ്കാരവും അങ്ങ് തീര്‍ത്തത് സാധാരണപ്പെട്ട പാര്‍ട്ടി സഖാക്കളുടെ മുകളിലാണ്. ഈ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സാധാരണക്കാരായ പാര്‍ട്ടി സഖാക്കള്‍ അവസരവാദിയായ നിങ്ങളെ നിഷ്കരുണം തള്ളിക്കളഞ്ഞത് എന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും ശിവപ്രസാദ് കുറ്റപ്പെടുത്തി.
കുട്ടനാട്ടിലെ പുതിയ പാര്‍ട്ടി പുനഃസംഘടനയ്ക്ക് പിന്നാലെയാണ് മനു സി പുളിക്കലിനെയും വിമര്‍ശിച്ചുകൊണ്ട് ജി സുധാകരന് രംഗത്തെത്തിയത്. പ്രവര്‍ത്തന പരിചയമില്ലാത്ത ഇത്തരം സോപ്പ് കുട്ടപ്പന്മാരെ ഉള്‍ക്കൊള്ളാന്‍ കുട്ടനാടിന് കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
കുട്ടനാട്ടിലെയും ആലപ്പുഴയിലെയും കമ്മ്യൂണിസ്റ്റുകാർ പോരാളികൾ തന്നെയാണ്. അതുകൊണ്ടാണ് 63 വർഷക്കാലം ഈ പാർട്ടിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നിട്ടും അധികാരത്തിന് വേണ്ടി അവസരവാദിയായ ജി. സുധാകരനൊപ്പം അവർ വരാതിരുന്നത്!
മനുഷ്യരെ ആക്ഷേപിക്കുക എന്നത് ചിലരുടെ സ്വാഭാവ വൈകൃതമാണ്. എന്നാൽ അതൊരു ലൈസൻസ് ആയി ജി സുധാകരൻ കൊണ്ടു നടക്കരുത്. ആലപ്പുഴയിലെ വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിൻ്റെ നേതൃത്വം ആയും ഇപ്പോൾ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും പ്രവർത്തിക്കുന്ന സ. മനു സി പുളിക്കൽനെതിരെ നടത്തിയ അർത്ഥശൂന്യമായ ആക്ഷേപം രാഷ്ട്രീയ ബോധ്യം ഉള്ളവർ തള്ളിക്കളയുന്നതാണ്. KSU വിന് രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്ന ചേർത്തല സെൻ്റ് മൈക്കിൾസ് കോളേജിലെ SFI യുടെ യൂണിറ്റ് ഭാരവാഹിയായി വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചതാണ് സ. മനു സി പുളിക്കൽ. അദ്ദേഹം നേതൃത്വം കൊടുത്ത് മത്സരിച്ച തെരഞ്ഞെടുപ്പിലാണ് ആദ്യമായി SFI അവിടെ വിജയിക്കുന്നത് എന്നതും ചരിത്രമാണ്. തുടർന്ന് യുവജന വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ ജില്ലാ സെക്രട്ടറിയായി ദീർഘകാലം ആലപ്പുഴ ആകെ നിറഞ്ഞു നിന്ന് അദ്ദേഹം പ്രവർത്തിച്ചു. ഈ സംഘടനകളുടെ സംസ്ഥാന ഭാരവാഹിത്വവും ഈ കാലയളവിൽ അദ്ദേഹം വഹിച്ചു. ഇന്ന് ജില്ലയിലെ പാർട്ടിയുടെ നേതൃത്വമായി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറായി പ്രവർത്തിക്കുകയാണ്. SFI ഭാരവാഹി ആയിരിക്കുമ്പോൾ അന്നത്തെ UDF ഗവൺമെൻ്റ് നടപ്പിലാക്കിയ വിദ്യാർത്ഥി വിരുദ്ധ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ സമരം നയിച്ചതിന് ജയിൽവാസം അനുഭവിച്ച മനു സി. പുളിക്കൽ അടക്കമുള്ള സഖാക്കൾക്ക് അന്ന് നൽകിയ സ്വീകരണത്തിന്റെ ഒരു നോട്ടീസ് ആകസ്മികമായി ലഭിച്ചത് ഇവിടെ പങ്കുവെക്കുന്നു. ഒരു ജീവിതകാലം മുഴുവൻ കോൺഗ്രസിനെതിരെ രാഷ്ട്രീയ പ്രചാരണം നടത്തിയിട്ടും, സ്വന്തം അനുജനെ കൊലപ്പെടുത്തിയത് KSU ഗുണ്ടകളാണ് എന്ന കാര്യം പോലും മറന്നുപോയ, ഇപ്പോ അവരോടൊപ്പം ചേർന്ന് നിൽക്കുന്ന അങ്ങേയ്ക്ക് ഇതൊന്നും പറഞ്ഞാൽ ഓർമ്മയുണ്ടാവണമെന്നില്ല.
ജി സുധാകരൻ എന്ന രാഷ്ട്രീയ നേതാവും വന്ന വഴി ഇതിൽ നിന്ന് വ്യത്യസ്തമായിരുന്നില്ലല്ലോ. കൊല്ലം SN കോളേജിൽ നിന്ന് വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം തുടർന്ന് സംസ്ഥാന നേതാവായി. വിദ്യാർത്ഥി നേതാവ് എന്ന പരിഗണനയിൽ തന്നെ ആണല്ലോ പാർട്ടിയുടെ കൊല്ലം ജില്ലാ കമ്മിറ്റി അംഗമായി അദ്ദേഹവും തിരഞ്ഞെടുക്കപ്പെട്ടത്. ഈ വസ്തുത സ്വന്തം ജീവിതത്തിൻ്റെ ഭാഗമാണ് എന്ന് ബോധ്യമുള്ളപ്പോഴാണ് സ. മനുവിനെ ആക്ഷേപിക്കാൻ ഇപ്പോൾ ഇദ്ദേഹം ഇറങ്ങിയിരിക്കുന്നത്. പാർട്ടിയുടെ സംസ്ഥാന നേതാവായി ദീർഘകാലം പ്രവർത്തിച്ച ഇദ്ദേഹം ഏതു പാർട്ടി ബ്രാഞ്ചിന്റെ സെക്രട്ടറി ആയിരുന്നു? ഈ ചോദ്യം ആദ്യം സ്വയം ചോദിക്കുന്നു നന്നാവും. ഇനി താഴെത്തട്ടിലെ സഖാക്കളുടെ പ്രയാസങ്ങളെയും അനുഭവങ്ങളെയും കുറിച്ചാണ് ജി. സുധാകരൻ ഉദ്ദേശിച്ചതെങ്കിൽ അദ്ദേഹത്തിന് സ്വയം അതില്ലാത്തതു കൊണ്ടാണ് സ. ഓമനക്കുട്ടനെ പോലെ സാധാരണക്കാരനായ ഒരു പാർട്ടി ലോക്കൽ കമ്മിറ്റി അംഗത്തെ പരസ്യമായി ആക്ഷേപിക്കാൻ തയ്യാറായതെന്ന് ഞങ്ങൾ ഓർമിപ്പിക്കുന്നു. 'ദന്തഗോപുരത്തിലെ രാജാവിനെ പോലെ' പാർട്ടി സഖാക്കളോട് അങ്ങ് പെരുമാറിയതും താഴെത്തട്ടിലെ പാർട്ടി സഖാക്കൾ ഇന്നും ഓർത്തു വെക്കുന്നുണ്ട്. സ്വയം സർവ്വവിജ്ഞാന കോശമാണ് എന്ന അങ്ങയുടെ അഹങ്കാരവും അങ്ങ് തീർത്തത് സാധാരണപ്പെട്ട പാർട്ടി സഖാക്കളുടെ മുകളിലാണ്. ഈ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സാധാരണക്കാരായ പാർട്ടി സഖാക്കൾ അവസരവാദിയായ നിങ്ങളെ നിഷ്കരുണം തള്ളിക്കളഞ്ഞത് എന്ന് ഓർക്കുന്നത് നല്ലതാണ്. മറ്റുള്ളവരെ ആക്ഷേപിക്കുമ്പോൾ ലഭിക്കുന്ന മനസ്സുഖം ദീർഘകാലം നീണ്ടുനിൽക്കുന്നതല്ല എന്ന ഓർമ്മയുണ്ടാവണം.
ആലപ്പുഴയിലെ കോൺഗ്രസുകാരോടാണ്,
വന്നു കയറി ആളിനെ കൊണ്ട് ഇപ്പോൾ നന്നായി ചൊറിയാൻ തുടങ്ങിയെന്ന് മനസ്സിലാവുന്നുണ്ട്. ആറുമാസത്തിനുള്ളിൽ കോലം കത്തിച്ചത് ആ ചൊറിച്ചിലിന്റെ തീവ്രത ബോധ്യപ്പെടുത്തുന്നുണ്ട്. ഇതാണ് പഴമക്കാർ പറഞ്ഞത് 'അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും' എന്ന്. പിന്നെ പാർട്ടി കമ്മിറ്റിയിൽ സഖാക്കൾ വിമർശിച്ചത് ഇഷ്ടപ്പെടാത്ത, പാർട്ടി വിട്ടു പോകാൻ അതൊരു കാരണമായി പറഞ്ഞ ജി സുധാകരൻ, ഇന്ന് തന്റെ കോലം കോൺഗ്രസുകാർ കത്തിച്ചിട്ടും മൗനമായി ഇതൊക്കെ കണ്ടിരിക്കുന്നുണ്ടെങ്കിൽ അധികാരമാണ് തൻ്റെ ഈ അടിമത്വത്തിൻ്റെ അടിസ്ഥാനമെന്ന് സ്വയം പ്രഖ്യാപിക്കുകയാണ്.
Content Highlights: SFI state president M Shivaprasad criticised G Sudhakaran over his remarks against CPM Alappuzha district committee member Manu C Pulickal. Shivaprasad said personal attacks should not be treated as a licence and described the remarks against Manu as meaningless. He also highlighted Manu's political background, including his involvement in SFI and his imprisonment during protests against student-unfriendly education policies introduced by the UDF government.