കോട്ടയം: പാത്രിയാര്‍ക്കീസ് ബാവായുടെ മണര്‍കാട് പള്ളി സന്ദര്‍ശനത്തിനെതിരായ വിമര്‍ശനത്തില്‍ ഓര്‍ത്തഡോക്സ് സഭക്ക് മറുപടി യാക്കോബായ സാഭാധ്യക്ഷന് ബസേലിയോസ് ജോസഫ് കാതോലിക്ക ബാവാ. മണര്‍കാട് പള്ളിയില്‍ പാത്രിയര്‍ക്കീസ് ബാവ മുന്‍പും പോയിട്ടുണ്ടെന്നും ഓര്‍ത്തഡോക്സ് സഭയുടെ പ്രതികരണം അറിവില്ലായ്മ കൊണ്ടാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണെന്നും ശുഭാപ്തി വിശ്വാസം ഉണ്ടെന്നും പറഞ്ഞ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും വ്യക്തമാക്കി.
കോടതി വിധിക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല. വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് കോടതിയെ സമീപിക്കാം. സര്‍ക്കാരിന്റെ പുറത്തേക്ക് കയറേണ്ടതില്ല. മുന്‍പ് ചെയ്തുതന്ന സൗകര്യങ്ങള്‍ തന്നെയാണ് ഇത്തവണയും സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചര്‍ച്ചകള്‍ സ്വാഗതം ചെയ്യുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കണം എന്നാണ് ജെന്‍സിയുടെ ആഗ്രഹം. തര്‍ക്കങ്ങളും പൊലീസ് ഇടപെടലും പുതിയ തലമുറയ്ക്ക് ഇഷ്ടമല്ല. ക്രിസ്തു ഇല്ലാതായി പോകുന്ന ക്രിസ്ത്യാനിറ്റി ആണത്. ത്യാഗം ചെയ്യാന്‍ തയ്യാറാണ്. ഒന്നിക്കാന്‍ ആണെങ്കിലും വിഭജനം ആണെങ്കിലും തല്‍സ്ഥിതി തുടരാന്‍ ആണെങ്കിലും മാന്യതയോടെ വേണം എന്നും കാതോലിക്ക ബാവ വിശദീകരിച്ചു. അര്‍ഹിക്കുന്ന ആദരവ് നല്കാന് തങ്ങള്‍ തയ്യാറാണ്. പള്ളിക്കും സെമിത്തേരിക്കും വേണ്ടി കേസുകള്‍ വേണോ. നഷ്ടപ്പെട്ട പള്ളികളില്‍ സിംഹ ഭൂരിപക്ഷവും യാക്കോബായ വിശ്വാസികളാണ്. അവിടങ്ങളില്‍ മാനുഷിക പരിഗണന വേണമെന്നും യാക്കോബായ സഭാധ്യക്ഷന് ചൂണ്ടിക്കാട്ടി.
പാത്രിയാര്‍ക്കീസ് ബാവായുടെ മണര്‍കാട് പള്ളി സന്ദര്‍ശനത്തിനെതിരെ ഒര്‍ത്തഡോക്സ് സഭ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സഭയ്ക്കേറ്റ മുറിവ് ഗൗരവത്തോടെ കാണണമെന്ന് കോട്ടയം ഭദ്രസനാധിപന് ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്താ ഇന്ന് പറഞ്ഞിരുന്നു. വിചിത്രമായ നിയമോപദേശത്തിലൂടെ സഭയ്ക്കുണ്ടായത് വലിയ മുറിവാണെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു സംസ്ഥാന സര്‍ക്കാരിനെതിരെ അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.
കഴിഞ്ഞ ദിവസവും അദ്ദേഹം സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. മണര്‍കാട് പള്ളിയിലെ പ്രവേശനം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ആണെന്നായിരുന്നു വിമര്‍ശനം. ചര്‍ച്ചകള്‍ക്ക് വേണ്ടി ദേവലോകത്തിന്റെ വാതിലുകള്‍ തുറന്നിട്ടു. ചര്‍ച്ചകള്‍ക്ക് ശേഷം എല്ലാ ദേവാലയങ്ങളിലും പ്രവേശിക്കുവാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാമായിരുന്നു. എന്നാല്‍ നൈമിഷിക സന്തോഷത്തിന് വേണ്ടി ശാശ്വത സമാധാനത്തെ തച്ചുടയ്ക്കുവാന്‍ ശ്രമിച്ചുവെന്നാണ് ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ പ്രതികരിച്ചത്. സഭ ഒന്നായാല്‍ സ്വര്‍ഗം സന്തോഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിന് ശേഷമുണ്ടായത് അസമാധാനം സൃഷ്ടിക്കുന്ന കാര്യങ്ങളാണെന്ന് സഭ ചൂണ്ടിക്കാട്ടി.
യാക്കോബായ സഭ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ മണര്‍കാട് പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നു. സന്ദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തള്ളിയതോടെയാണ് മണര്‍കാട് പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ വഴിയൊരുങ്ങിയത്. കത്തീഡ്രലില്‍ എത്തിയ പാത്രിയര്‍ക്കീസ് ബാവ വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തിരുന്നു.
Content Highlights: Jacobite Church head Baselios Joseph Catholicos has responded to the Orthodox Church's criticism of the Patriarch's visit to Manarkad Church. He said the Patriarch had visited the church on previous occasions and described the Orthodox Church's reaction as stemming from a lack of awareness. Expressing optimism that the dispute could be resolved, he also said the Jacobite Church was willing to participate in discussions.