തിരുവനന്തപുരം: ചാല സ്വർണക്കവർച്ചയിൽ കൂടുതൽ സ്വർണം കണ്ടെത്തി. വെള്ളായണി ക്ഷേത്രത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിലാണ് സ്വർണം കണ്ടെത്തിയത്. കവർച്ച നടത്തിയ പ്രതി അനൂപാണ് സ്വർണ്ണം ഒളിപ്പിച്ചത്. വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെ വിളിച്ചുവരുത്തി തൊണ്ടിമുതൽ പരിശോധിക്കും. കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണ്ണം കണ്ടെത്തിയത്. പ്രതിയെ സ്ഥലത്ത് എത്തിച്ച് കുഴിയിൽ നിന്ന് സ്വർണ്ണം കണ്ടെടുക്കുകയായിരുന്നു. കേസിൽ അറസ്റ്റിലായ അനില്‍ അനൂപ്, ആന്റണി എന്നിവരെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ജയറാമിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഭവത്തിന്റെ ചുരുളുകളഴിഞ്ഞത്. ഇയാള്‍ക്കെതിരെ നേരത്തെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുഖ്യപ്രതി അമുലും മാളവിക ജ്വലറി ഉടമ ജയറാമും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജ്വല്ലറി ഉടമയായ നന്ദകുമാറിനോടുള്ള പകയാണ് മോഷണത്തിന് പിന്നിലെന്നാണ് അന്വേഷണത്തിലൂടെ തെളിഞ്ഞത്. പ്രതികൾ നൽകിയ മൊഴികളിൽ നിന്നാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് ചാല മാര്‍ക്കറ്റിലെ ജ്വല്ലറി ഉടമയില്‍ നിന്നും 250 പവന് സ്വര്‍ണ്ണം പിടിച്ചുപറിക്കുന്ന സാഹചര്യമുണ്ടായത്. തിരുവനന്തപുരം ചാലയില്‍ സഭാവതി കോവില്‍ റോഡിലാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ഉടമയില്‍ നിന്ന് സ്വര്‍ണം അടങ്ങിയ ബാഗ് പിടിച്ചുപറിച്ചത്. മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള വൈഷ്ണവി ജ്വല്ലറിയിലാണ് മോഷണമുണ്ടായത്. ജ്വല്ലറി ഉടമ രാത്രി കട പൂട്ടിയ ശേഷം വീട്ടിലേക്ക് പോകാനായി ഇറങ്ങവെയായിരുന്നു കവര്‍ച്ച. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബൈക്കിലെത്തിയ ആള് സ്വര്‍ണവുമായി കടന്നുകളയുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. മറ്റൊരു ദൃശ്യത്തില്‍ രണ്ട് പേര് ഈ ബൈക്കില്‍ പോകുന്നതും കാണാം.
പ്യൂരിഫൈ ചെയ്യുന്നതിനായി മറ്റ് കടക്കാര് ഏല്‍പ്പിച്ച സ്വര്‍ണമായിരുന്നു കവര്‍ന്നത്. നാലഞ്ച് കടകളിലെ സ്വര്‍ണമുണ്ടായിരുന്നു എന്നാണ് കട ഉടമ വ്യക്തമാക്കിയിരുന്നത്. മോഷ്ടാക്കള്‍ എത്തിയ വാഹനം പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഹോണ്ട സിബി 350 ബൈക്കിലാണ് പ്രതികളെത്തിയത്. ബുള്ളറ്റിലാണ് പ്രതികള്‍ എത്തിയതെന്നായിരുന്നു നേരത്തേ പുറത്തുവന്നിരുന്ന വിവരം. മോഷ്ടാക്കള്‍ എത്തിയ ഹോണ്ട മോഡല്‍ ബൈക്ക് വാങ്ങിയ ഉടമകളെ കേന്ദ്രീകരിച്ചും പൊലീസ് അന്വഷണം നടത്തിയിരുന്നു.
Content Highlights: More gold has been recovered near Vellayani Temple in connection with the Chala gold theft case.