തൃശ്ശൂർ പൂരം കലക്കൽ: ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി സംസ്ഥാന സർക്കാർ

പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.

തിരുവനന്തപുരം: 2024 ലെ തൃശൂർ പൂരം കലക്കൽ കേസിൽ ക്രൈംബ്രാഞ്ച് നൽകിയ അന്വേഷണ റിപ്പോർട്ട് തള്ളി സംസ്ഥാന സർക്കാർ. എഡിജിപി എം ആർ അജിത്കുമാറിന് എതിരെ ദുർബല പരാമർശം മാത്രം ഉൾപ്പെടുത്തിയ റിപ്പോർട്ടാണ് സർക്കാർ തള്ളിയത്. തിരുവമ്പാടി ദേവസ്വത്തിലെ 10 ഭാരവാഹികൾക്കെതിരെ ഗൂഢാലോചന, കലാപ ആഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താനുള്ള അനുമതി തേടിയാണു റിപ്പോർട്ടെങ്കിലും ആരോപണങ്ങൾക്കൊപ്പം വ്യക്തമായ തെളിവുകളില്ലായിരുന്നു. പൂരത്തിന്റെ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന എഡിജിപി എം ആർ അജിത്കുമാറിന് ജാഗ്രതക്കുറവുണ്ടായെന്നു റിപ്പോർട്ടിൽ പരാമർശിച്ചെങ്കിലും നടപടി സ്വീകരിക്കാനുള്ള തെളിവുകൾ കണ്ടെത്താൻ എസ്ഐടിക്കു കഴിഞ്ഞില്ല.

എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് ഏറെ വിവാദമായ പൂരം കലക്കൽ അന്വേഷണം ഇതോടെ വീണ്ടും പൊലീസിലേക്കു തിരിച്ചെത്തുന്നു. എഡിജിപി എം ആർ അജിത്കുമാർ സമർപ്പിച്ച റിപ്പോർട്ട് 2024 ൽ ആഭ്യന്തര വകുപ്പ് തള്ളിയിരുന്നു. തുടർന്നാണ്, മുൻ സർക്കാരിന്റെ കാലത്ത് ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. പൊലീസിന്റെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും ഭാഗത്തുണ്ടായ 16 വീഴ്ചകളാണ് എസ്ഐടിയുടെ 15 പേജ് റിപ്പോർട്ടിലുള്ളത്. വീഴ്ച വരുത്തിയ മറ്റു പൊലീസുകാർക്കെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് റിപ്പോർ‍ട്ടിൽ പരാമർശമില്ല. പൊലീസിന്റെ നിർദേശങ്ങൾ ദേവസ്വം ജീവനക്കാർ അവഗണിച്ചെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. കൂടുതൽ വിശദീകരണവും തെളിവുകളിൽ വ്യക്തതയും ആവശ്യപ്പെട്ടാണു ചെന്നിത്തല റിപ്പോർട്ട് മടക്കിയത്. തിരുവമ്പാടി ദേവസ്വത്തിലേതടക്കം 10 പേര്‍ക്കെതിരേ മതവിശ്വാസം വ്രണപ്പെടുത്തിയതിനുള്ള ഐപിസി 295(എ) ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുക്കാനായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. എന്നാല്‍ പൂരത്തിലെ സംഘാടകര്‍ക്കെതിരേ ഈ വകുപ്പ് ചുമത്താനാവില്ലെന്ന നിലപാടിലാണ് ആഭ്യന്തരവകുപ്പ്. പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഏത് ഉദ്യോഗസ്ഥന് എന്തുതരം വീഴ്ചയാണ് ഉണ്ടായതെന്ന് വ്യക്തമാക്കിയിട്ടില്ല

Content Highlights: The Kerala government has rejected the Crime Branch report on the 2024 Thrissur Pooram disruption, seeking clearer evidence and explanations on alleged lapses by police officials and others.

To advertise here,contact us