'ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യതയില്ലാത്ത VEH ഗ്ലോബലുമായി കരാർ, 'ഒപ്പിട്ട അഴിമതി'യിൽ മുഖ്യമന്ത്രി മറുപടി പറയണം'

വിഇഎച്ച് ഗ്ലോബലിന് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ലെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഇതേ ഉത്തരവില്‍ തന്നെ വ്യക്തമാക്കുന്നുണ്ടെന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം. യോഗ്യതയില്ലാത്ത ഒരു കമ്പനിക്ക് കരാര്‍ നല്‍കിയത് ആരുടെ താത്പര്യപ്രകാരമാണെന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു.

തിരുവനന്തപുരം: വൈദ്യുതി കരാറില്‍ വീണ്ടും യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ടെന്‍ഡറോ കൂടാതെ വിഇഎച്ച് ഗ്ലോബലില്‍ നിന്ന് യൂണിറ്റിന് 11 രൂപ നിരക്കില്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചതില്‍ വന്‍ അഴിമതി നടന്നതായി അദ്ദേഹം ആരോപിച്ചു. ഇടപാടിന്റെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് പിണറായി വിജയൻ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

വൈദ്യുതി നിയമത്തിലെ സെക്ഷന്‍ 62, 63 പ്രകാരം റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച രീതിയിലോ മത്സരാധിഷ്ഠിത ടെന്‍ഡറിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങല്‍വില നിര്‍ണയിക്കാന്‍ പാടുള്ളൂ. എന്നാല്‍ വിഇഎച്ച് ഗ്ലോബലില്‍ നിന്ന് യൂണിറ്റിന് 11 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ വെറും ഓഫറുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് തീരുമാനമെടുത്തത്. ഈ വഴിവിട്ട നടപടിക്ക് റെഗുലേറ്ററി കമ്മീഷന്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിപണിയില്‍ കാറ്റില്‍ നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് മൂന്ന് മുതല്‍ നാല് രൂപ വരെ മാത്രം വിലയുള്ളപ്പോഴാണ് 11 രൂപ എന്ന ഉയര്‍ന്ന നിരക്കില്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്. സെപ്റ്റംബര്‍ 22നാണ് പീക്ക് സമയത്ത് വൈദ്യുതി നല്‍കണമെന്ന വിഇഎച്ച് ഗ്ലോബലിന്റെ ഓഫര്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതിലൂടെ സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വിഇഎച്ച്. ഗ്ലോബലിന് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ലെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഇതേ ഉത്തരവില്‍ തന്നെ വ്യക്തമാക്കുന്നുണ്ടെന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം. യോഗ്യതയില്ലാത്ത ഒരു കമ്പനിക്ക് കരാര്‍ നല്‍കിയത് ആരുടെ താത്പര്യപ്രകാരമാണെന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു.

മുമ്പ് ജിഎന്‍എ കരാറിലെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ 'കരാറില്‍ ഒപ്പിട്ടില്ലല്ലോ' എന്ന് പറഞ്ഞ് ഒളിച്ചോടിയ മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ അങ്ങനെ പറയാനാകില്ല. ഒപ്പിട്ട ഈ അഴിമതിക്കരാറിനെക്കുറിച്ചെങ്കിലും ജനങ്ങളോട് വ്യക്തമായ മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വിഇഎച്ച് ഗ്ലോബല്‍ എന്ന കമ്പനിയില്‍ നിന്നും ടെണ്ടറോ റഗുലേറ്ററി കമ്മീഷന്റെ അനുമതിയോ കൂടാതെ യൂണിറ്റിന് 11 രൂപ നിരക്കില്‍ യുഡിഎഫ് സര്‍ക്കാര്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയതിലെ അഴിമതി നവംബര്‍ പത്തിലെ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ ഇടപാടിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈദ്യുതിനിയമത്തിലെ സെക്ഷന്‍ 62, 63 പ്രകാരം റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച രീതിയിലോ, മത്സരാധിഷ്ഠിത ടെന്‍ഡറിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങല്‍വില നിര്‍ണയിക്കാവൂ. എന്നാല്‍ കഴിഞ്ഞ മാസം വി.ഇ.എച്ച് ഗ്ലോബലില്‍ നിന്നും യൂണിറ്റിന് 11 രൂപയ്ക്ക് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചത് വെറും ഓഫറുകളുടെ അടിസ്ഥാനത്തിലാണ്. ഈ വഴിവിട്ട നടപടിക്ക് റെഗുലേറ്ററി കമ്മീഷന്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടുമില്ല. കാറ്റില്‍നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് 3 മുതല്‍ 4 രൂപ വരെ മാത്രം വിലയുള്ളപ്പോഴാണ് 11 രൂപയ്ക്ക് സര്‍ക്കാര്‍ ഈ കരാര്‍ ഒപ്പിട്ടത്. സംസ്ഥാന ഖജനാവിന് വലിയ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.

സെപ്റ്റംബര്‍ 22നാണ് പീക്ക് സമയത്ത് വൈദ്യുതി നല്‍കണമെന്ന വി.ഇ.എച്ചിന്റെ ഓഫര്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. വി.ഇ.എച്ചിന് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ലെന്ന് ഇതേ ഉത്തരവില്‍ തന്നെ പറയുന്നുണ്ട് എന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം. യോഗ്യതയില്ലാത്ത ഒരു കമ്പനിക്ക് കരാര്‍ നല്‍കിയത് ആരുടെ താത്പര്യപ്രകാരമാണ്? ജിഎന്‍എ കരാറിലെ അഴിമതിയെക്കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക്, 'കരാറില്‍ ഒപ്പിട്ടില്ലല്ലോ' എന്ന മറുപടി നല്‍കി ഒളിച്ചോടിയ മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ അങ്ങനെ പറയാനാകില്ല. ഒപ്പിട്ട ഈ അഴിമതിക്കരാറിനെക്കുറിച്ചെങ്കിലും ജനങ്ങളോട് വ്യക്തമായ ഒരു മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

Content Highlight: Kerala opposition leader Pinarayi Vijayan has alleged corruption in the state's electricity purchase agreement with VEH Global, claiming that the government agreed to pay Rs 11 per unit for 200 MW of power without competitive tendering or regulatory approval. He pointed out that wind power was available in the market at Rs 3-4 per unit and alleged that the agreement had caused significant financial losses to the state exchequer. He has also demanded an explanation from the Chief Minister over the deal.

To advertise here,contact us