നോണ്‍ ബൈനറി ക്ലെയിം ചെയ്യുക എന്നത് നേഹ ബോറയുടെ അവകാശം; അതിനെ ചോദ്യം ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് എന്ത് കാര്യം?

'സിസ് ജെന്‍ഡറിന്റെ അപ്രമാദിത്വനോടുള്ള കലഹം കൂടിയാണ് നേഹയുടേത്'

1 min read|15 Nov 2026, 05:09 pm

'I DON'T IDENTITY AS A WOMAN. I IDENTIFY AS A NON BINARY PERSON', ഒരു അഭിമുഖത്തില്‍ ഐസ നേതാവ് നേഹ ബോറ പറഞ്ഞ വാക്കുകളാണിത്. ഇതില്‍ നോണ്‍ ബൈനറി എന്ന വാക്കിനെ അടര്‍ത്തിയെടുത്ത് നേഹയ്ക്കെതിരെ അധിക്ഷേപ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. നേഹ ബോറ ട്രാന്‍സ്ജെന്‍ഡറാണെന്നാണ് ഒരു വിഭാഗത്തിന്റെ പ്രചാരണം. സിസ് ജെന്‍ഡര്‍ (ജനനസമയത്ത് നിര്‍ണ്ണയിക്കപ്പെട്ട ലിംഗപദവിയും സ്വന്തം ലിംഗസ്വത്വവും ഒന്നുതന്നെയായിട്ടുള്ള വ്യക്തികള്‍), ട്രാന്‍സ്ജെന്‍ഡര്‍ എന്നതുപോലെ തന്നെയാണ് പ്രസക്തമാണ് നോണ്‍ ബൈനറി ജെന്‍ഡർ എന്നതും. നേഹ ബോറയ്ക്കെതിരായ വലതുപക്ഷ ഹാന്‍ഡിലുകളില്‍ നിന്നുള്ള ആക്രമണത്തെയും എന്താണ് നോണ്‍ ബൈനറി ജെന്‍ഡര്‍, അതിന്റെ തലങ്ങള്‍ എന്തൊക്കെ എന്നതിനെ കുറിച്ചും റിപ്പോര്‍ട്ടറിനോട് സംസാരിക്കുകയാണ് മഹാത്മഗാന്ധി സർവ്വകലാശാലയിൽ നിയമ അധ്യാപികയും ജെൻഡർ വിഷയങ്ങളിൽ ഗവേഷകയുമായ ഡോ. പി എം ആരതി.

ഒരു സ്ത്രീയോ പുരുഷനോ ആയി തന്നെ കാണേണ്ടതില്ല എന്ന് നേഹ ബോറയെ പോലെ ഒരാള്‍ പറയുന്നതിനെ വ്യവസ്ഥാപിതമായ പാട്രിയാര്‍ക്കല്‍ പൊതുബോധത്തോടുള്ള കലഹവും ഒരു ശക്തമായ രാഷ്ട്രീയ പ്രസ്താവനയുമായി വേണം കാണാനെന്ന് ആരതി പറഞ്ഞു. നേഹ വളരെ കൃത്യമായും ചിന്തിച്ചുമെടുത്ത തീരുമാനമാണ്. സിസ് ജെന്‍ഡറിന്റെ അപ്രമാദിത്വനോടുള്ള കലഹം കൂടിയാണ് നേഹയുടേത്. നോണ്‍ ബൈനറി ക്ലെയിം ചെയ്യുക എന്നത് നേഹ ബോറയുടെ അവകാശമാണ്, അതവരുടെ സെക്ഷ്വൽ ചോയ്സാണ്. അതിനെ ബഹുമാനിക്കണം. അതിനെ ചോദ്യം ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് എന്ത് കാര്യമാണുള്ളതെന്നും ആരതി ചോദിച്ചു. നേഹ ബോറ ഇത് പറഞ്ഞില്ലെങ്കില്‍ മറ്റെന്തെങ്കിലും കണ്ടുപിടിച്ച് അവർക്കെതിരെ തിരിയും. പൊതുപ്രവര്‍ത്തകരായ സ്ത്രീകളെ മോശം രീതിയില്‍ കൈകാര്യം ചെയ്യുന്നത് ഇത് ആദ്യമല്ല. ഇവിടെ സ്ത്രീയും പുരുഷനുമല്ലാത്ത വിഭാഗം എന്ന കാലഹരണപ്പെട്ട ആശയത്തിലേക്കാണ് വലത് ഹാന്‍ഡിലുകള്‍ വിഷയത്തെ കൊണ്ടുപോകുന്നത്. പറഞ്ഞ് പഴകിയ വിഷയമാണത്. പൊതുബോധം അതില്‍ നിന്ന് എത്രയോ മുന്നോട്ടുപോയ ഇക്കാലത്ത് അതിനെ അങ്ങനെ കാണുന്നു എന്നത് വലതുപക്ഷത്തിന്റെ പരിമിതിയാണ്. അതിനെ അങ്ങനെയെ അവര്‍ക്ക് കാണാന്‍ സാധിക്കൂ. അഭിപ്രായ വ്യത്യാസങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം എതിര്‍ക്കുകയാണ്. അവരോട് സംസാരിക്കാന്‍ പോയാല്‍ കാര്യമുണ്ടാകില്ല. തെറി വിളിച്ചിട്ട് പോട്ടെ എന്ന് കരുതാനേ പറ്റൂ. വലതുപക്ഷത്തിന് കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവില്ലെന്നും ആരതി പി എം പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡറും സിസ് ജെന്‍ഡറും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണ് ആക്ഷേപം ഉന്നയിക്കുന്നതെന്നും ആരതി പി എം പറഞ്ഞു. രണ്ടും രണ്ട് തരത്തിലുള്ള പോസിബിളിറ്റിയായി കാണുക എന്നേയുള്ളൂ. ഒന്ന് ഡോമിനന്റ് ആയതുകൊണ്ട് അതിനെ നാച്ചുറലായും മറ്റേത് അണ്‍നാച്ചുറലായുമാണ് ഒരു വിഭാഗം കാണുന്നത്. അത് ഇടുങ്ങിയ ചിന്താഗതിയാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ എന്നുള്ളത് സിസ് ജെന്‍ഡര്‍ പോലെ തന്നെയുള്ള ഒരു പോസിബിളിറ്റിയാണ്. അതുപോലെ തന്നെയാണ് നോണ്‍ ബൈനറിയുമെന്നും പി എം ആരതി പറഞ്ഞു.

സെക്ഷ്വൽ ഐഡന്റിറ്റി ഒരു തിരിച്ചറിവാണ്. ആ ഒരു തിരിച്ചറിവ് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. നേഹ ബോറയ്ക്കെതിരെ വിമര്‍ശിക്കുന്നവരും നാളെ ട്രാന്‍സ്‌ജെന്‍ഡറാകാനുള്ള സാധ്യതയുണ്ട്. ജെന്‍ഡര്‍ എന്നുള്ളത് ജന്മനാല്‍ സംഭവിക്കുന്നതൊന്നുമല്ല. ജീവിതത്തിന്റെ എത്രയോ ഘട്ടങ്ങള്‍ കഴിഞ്ഞവരും പിന്നീട് ട്രാന്‍സ്‌ജെന്‍ഡറായി തിരിച്ചറിയുന്നുണ്ട്. സിസ് ജെന്‍ഡറിനെയും ട്രാന്‍സ്‌ജെന്‍ഡറിനെയും ഒരേ കണ്ണുകളോടെ കാണുക എന്നുള്ളതാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ സെക്കന്‍ഡറിയായി കാണുന്നത് വളരെ കൃത്യമായിട്ടുള്ള പാട്രിയാര്‍ക്കല്‍ പോയിന്റ് ഓഫ് വ്യൂവില്‍ നിന്നാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വാക്ക് കളിയാക്കുന്നതിനും തെറിവാക്കായും ഉപയോഗിക്കുന്നുണ്ട്. സമൂഹം ഇത്രയും പുരോഗമിച്ചിട്ടും അങ്ങനെ ചിന്തിക്കുന്ന മനുഷ്യരുണ്ട് എന്നതില്‍ പ്രശ്നമുണ്ടെന്നും ആരതി വ്യക്തമാക്കി.

ലോകാരോഗ്യ സംഘനയുടെ കണക്ക് പ്രകാരം ലോകത്ത് 21 ല്‍ അധികം ലൈംഗിക വൈവിധ്യങ്ങളുണ്ട്. അത് ശാസ്ത്രീയമായി തിരിച്ചറിയപ്പെട്ടിട്ടുള്ളതാണ്. എല്‍ജിബിടിക്യൂപ്ലസ് എന്നാണ് അതിനെ പറയുന്നത്. അതില്‍ പ്ലസില്‍ തന്നെ നിരവധി സെക്ഷ്വല്‍ ഓറിയന്റേഷനുകളുണ്ട്. സിസ് ജെന്‍ഡറായിട്ടുള്ള ആള്‍ക്കും അതുപോലെ ട്രാന്‍സ്‌ജെന്‍ഡറിനും നോണ്‍ ബൈനറി ക്ലെയിം ചെയ്യാം. ഒരാള്‍ക്ക് സിസ് ജെന്‍ഡറായി തുടരുമ്പോള്‍ തന്നെ നോണ്‍ ബൈനറി ജെന്‍ഡര്‍ ഐഡന്റിറ്റി ക്ലെയിം ചെയ്യാം. സ്ത്രീയോ പുരുഷനോ ആയി ജീവിക്കാന്‍ അവര്‍ക്ക് താത്പര്യമുണ്ടാവില്ല. സ്ത്രീ, പുരുഷന്‍ എന്നിങ്ങനെയുള്ള രണ്ട് ഐഡന്റിറ്റികളും ക്ലെയിം ചെയ്യാന്‍ അവര്‍ക്ക് താത്പര്യമില്ല എന്നേ അതിന് അര്‍ത്ഥമുള്ളൂ. ട്രാന്‍സ്‌ജെന്‍ഡറായിട്ടുള്ള ഒരു വ്യക്തിക്കും നോണ്‍ ബൈനറി ജെന്‍ഡര്‍ ക്ലെയിം ചെയ്യാന്‍ സാധിക്കും. ട്രാന്‍സ്മാനോ ട്രാന്‍സ് വുമണോ അല്ലാത്ത ഒരാളായി സ്വയം തിരിച്ചറിയുന്നതാണ് ട്രാന്‍സ് കമ്മ്യൂണിറ്റിയിലുള്ള നോണ്‍ ബൈനറി ക്വീര്‍ വിഭാഗം. ഒരാള്‍ താന്‍ നോണ്‍ ബൈനറി ആണെന്ന് പറയുമ്പോള്‍ അതിനെ സ്ത്രീയും പുരുഷനുമല്ലാത്ത എന്ന രീതിയില്‍ കാണുന്നത് തികച്ചും ഇടുങ്ങിയ ചിന്താഗതിയാണെന്നും ആരതി പി എം കൂട്ടിച്ചേർത്തു.

Content Highlights- Dr PM Arathi has stated that identifying as non-binary is Neha Bora’s personal right and questioned why others should challenge her identity. Her remarks highlight issues surrounding gender identity, individual freedom and social acceptance.

To advertise here,contact us