അപകീർത്തികരമായ വീഡിയോ; വിദ്വേഷ യൂട്യൂബർ ‌ഷാജൻ സ്‌കറിയയ്‌ക്കെതിരെ നിയമനടപടിയുമായി K K ശൈലജയും വീണാ ജോർജും

ഏഴ് ദിവസത്തിനകം ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഉത്തരവാദികളായവർക്കെതിരെ സിവിൽ, ക്രിമിനൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്

തിരുവനന്തപുരം: വിദ്വേഷ യൂട്യൂബർ ഷാജൻ സ്കറിയയ്ക്കെതിരെ നിയമനടപടിയുമായി മുൻ ആരോഗ്യമന്ത്രിമാരായ കെ കെ ശൈലജയും വീണാ ജോർജും. അപകീർത്തികരമായ വീഡിയോ നിര്‍മ്മിച്ച്‌ പ്രചരിപ്പിച്ചതിന് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരുവരും അഭിഭാഷകൻ എ രാജേഷ് മുഖേന ഷാജൻ സ്കറിയയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു. '3000 കോടി കട്ട്, വീണയും ശൈലജയും' എന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെയാണ്‌ നടപടി. നവംബർ ആറിനാണ് മറുനാടൻ മലയാളി ഈ വാർത്ത പ്രസിദ്ധീകരിച്ചത്.

അപകീർത്തികരമായ വീഡിയോ ഉടൻ പിൻവലിക്കുക, പരസ്യമായി മാപ്പ് പറയുക, എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽനിന്നും വീഡിയോ നീക്കം ചെയ്യുക, ഇത്തരം പ്രചാരണങ്ങൾ ആവർത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനൽകുക തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇരുവരും വക്കീൽ നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഉത്തരവാദികളായവർക്കെതിരെ സിവിൽ, ക്രിമിനൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത 2023ലെ 356-ാം വകുപ്പ് പ്രകാരമുള്ള അപകീർത്തിക്കുറ്റത്തിന്റെ പരിധിയിൽ വരുന്നതാണ് ഈ നടപടികളെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഷാജൻ സ്കറിയയെ ഒന്നാം എതിർകക്ഷിയായും മറുനാടൻ മലയാളിയെ രണ്ടാം എതിർകക്ഷിയായും യൂട്യൂബ് റെസിഡന്റ് ഗ്രീവൻസ് ഓഫീസർ സൂരജ് റാവുവിനെ മൂന്നാം എതിർകക്ഷിയായുമാണ് നോട്ടീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Content Highlights: K K Shailaja and Veena George initiate legal action against YouTuber Shajan Skaria over an allegedly defamatory video targeting them

To advertise here,contact us