തിരുവനന്തപുരം: സംഘര്‍ഷ സാധ്യത പരിഗണിച്ചാണ് മാനവീയം വീധിയില് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് മേയര്‍ വി വി രാജേഷ്. പുഷ്പവതിയുടെ പരിപാടിക്ക് അപേക്ഷ ലഭിച്ചിട്ടില്ല. അപേക്ഷ തരുന്ന രീതി, അതിന്റെ ആധികാരികത ഇതെല്ലാം പരിശോധിച്ചാണ് അനുമതി നല്‍കുന്നത്. പരിഗണിക്കാന്‍ സാധിക്കുന്നതെല്ലാം പരിഗണിക്കാറുണ്ടെന്നും മേയര്‍ പറഞ്ഞു. തങ്ങള്‍ ആണ് മാനവീയം എന്നു പറഞ്ഞ് പലരും വരുന്നുണ്ട്. പക്ഷേ തങ്ങള്‍ക്ക് ആധികാരികമായിട്ടുള്ള രേഖകള്‍ ആവശ്യമാണ്. വ്യക്തിയുടെ പേരില്‍ ആയതുകൊണ്ടല്ല അപേക്ഷ നിരസിച്ചതെന്നും രാജേഷ് വിശദീകരിച്ചു.
എന്നാല്‍ മേയര്‍ പദവിയിലിരിക്കുന്നയാള്‍ നടത്താന്‍ പാടില്ലാത്ത പരാമര്‍ശമാണ് വി വി രാജേഷ് നടത്തുന്നതെന്ന് തിരുവനന്തപുരം കോര്പ്പറേഷന് എല്‍ഡിഎഫ് കക്ഷി നേതാവ് എസ് പി ദീപക് കുറ്റപ്പെടുത്തി. കലാകാരന്മാര്ക്ക് അവസരം നിഷേധിക്കുന്ന സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. 18 സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന് അടക്കം നേതൃത്വം നല്കുന്ന സമിതി അതില്‍ ഉള്‍പ്പെടുന്നുണ്ട്. പ്രമുഖരായിട്ടുള്ളവരാണ് സമിതിക്ക് നേതൃത്വം നല്‍കുന്നത്. അത് അറിയില്ല എന്ന് പറഞ്ഞാല്‍ മേയറോട് എന്താണ് പറയുക എന്നും ദീപക്ക് ചോദിച്ചു. ഇതിനു മുന്‍പ് നടന്ന ഒരു പരിപാടിക്ക് അനുമതി കൊടുത്തു. മാനവീയം വീഥിയില്‍ മോശം കാര്യങ്ങള്‍ നടക്കുന്നു എന്ന് മേയര്‍ പറഞ്ഞു. പുതു തലമുറയ്ക്ക് മേലാണ് മേയര്‍ കുറ്റം ചാര്‍ത്തുന്നത്. അങ്ങനെ ഏതെങ്കിലും കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നും സിപിഐഎം നേതാവ് ചോദിച്ചു.
പുതു തലമുറക്കെതിരെ നടത്തിയ പരാമര്‍ശം ഒഴിവാക്കണമെന്നും മേയര്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കലാകാരന്മാരെ ഇഷ്ടമല്ലാത്തതിനാലാണ് അനുമതി നിഷേധിച്ചത്. നാളെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. മേയര്‍ക്ക് നടത്തിപ്പ് അവകാശം മാത്രമാണ് ഉള്ളത്. സംസ്ഥാന സര്‍ക്കാരിനാണ് അനുമതി നല്‍കാനുള്ള അവകാശമെന്നും ദീപക്ക് ചൂണ്ടിക്കാട്ടി. അടിസ്ഥാനം ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞാണ് അനുമതി നിഷേധിച്ചതെന്നും കൗണ്‍സില്‍ മീറ്റിങ്ങില്‍ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിലക്ക് ശരിയല്ലെന്നും മാനവീയും ആകണമെങ്കില്‍ എല്ലാവര്ക്കും ഒരുപോലെ അവസരം ഉണ്ടാകണമെന്നും മന്ത്രി കെ മുരളീധരനും പറഞ്ഞു.
Content Highlights: Mayor V V Rajesh has said that restrictions were imposed at Manaveeyam Veedhi due to the possibility of clashes. He clarified that no application had been received for Pushpavathy's programme. The mayor said permission is granted after checking the application process and the authenticity of the documents submitted. He added that applications are not rejected because they are made in an individual's name, but proper and authentic records are required.