കൊച്ചി: കോണ്‍ഗ്രസ് അത്ഭുതകരമായ, ദൈവാധീനമുള്ള പ്രസ്ഥാനമാണെന്ന് ബിആര്‍എം ഷഫീര്‍. താന്‍ മരിക്കുംവരെയും കോണ്‍ഗ്രസുകാരനായിരിക്കുമെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ പൊളിയൂത്തില് സംസാരിക്കവെ പറഞ്ഞു. തനിക്കൊരു എംഎല്‍എ ആവണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും ആവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പറഞ്ഞ ഷഫീർ തന്റെ കഠിനാധ്വാനത്തിന്റെ ഫലം കിട്ടിയില്ലെന്നും വൈകാരികമായി പറഞ്ഞു.
ബിആര്‍എം ഷെഫീറിന്റെ വാക്കുകള്‍
കോണ്‍ഗ്രസ് അത്ഭുതകരമായ, ദൈവാധീനമുള്ള പ്രസ്ഥാനമാണ്. അത് മരിച്ചുവെന്ന് കരുതിയ എത്രയോ സന്ദര്‍ഭങ്ങളുണ്ട്. കൊന്നുവെന്ന വീരവാദം പറഞ്ഞവരുണ്ട്. രാജ്യത്തിന്റെ പലഭാഗത്തും നിങ്ങളാരുമറിയാതെ കോണ്‍ഗ്രസിന്റെ വിത്തുകള്‍ മണ്ണിനടിയില്‍ പൂഴ്ന്നുകിടക്കുന്നുണ്ട്. നല്ല മഴയോ കാറ്റോ കാലാവസ്ഥയോ വരുമ്പോള്‍ നിങ്ങളറിയാത്ത സ്ഥലങ്ങളിലിത് പൊട്ടിമുളയ്ക്കും. കാരണം കോണ്‍ഗ്രസ് ഈ രാജ്യത്തിന്റെ ഡിഎന്‍എയാണ്. ഈ രാജ്യത്തെ രൂപപ്പെടുത്തിയത്, ഈ രാജ്യത്ത് ഇന്ന് നിങ്ങളും ഞാനുമൊക്കെ മടിക്കാതെ പരസ്പരം ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കിത്തന്നത് കോൺഗ്രസാണ്.
എനിക്കൊരു എംഎല്‍എ ആവണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു, ആവുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരു എംഎല്‍എ ആവാന്‍ കഴിയുമെന്നുള്ള വിശ്വാസത്തില്‍ ഞാന്‍ കഠിനാധ്വാനം ചെയ്തിരുന്നു. അതിന്റെ ഫലം എനിക്ക് കിട്ടിയില്ല. ഞാന്‍ പത്തുകൊല്ലക്കാലം കേരളത്തിലോടിയതുപോലെ മറ്റൊരു നേതാവും ഓടിയിട്ടുണ്ടാകില്ല. ഒരുദിവസം ഞാന്‍ കാസര്‍കോട് പ്രസംഗിക്കുകയാണെങ്കില്‍ അടുത്ത ദിവസം ഞാന്‍ വയനാട്ടില്‍ പ്രസംഗിക്കുകയായിരിക്കും. രാത്രിയുടെ യാമങ്ങളില്‍ പലരും കിടന്ന് ഉറങ്ങിയപ്പോള്‍ ഞാന്‍ അര ഉറക്കില്‍ കേരളം മുഴുവനോടി നടന്ന് പ്രചരണം നടത്തി. പ്രചാരകര്‍ എന്ന വാക്കിന് യഥാര്‍ത്ഥ അര്‍ത്ഥം കൊടുത്തത് ഞാനാണ്.
എന്റെ ശബ്ദം കേള്‍ക്കാത്ത തെരുവ് കേരളത്തില്‍ ഇപ്പോഴുണ്ടാകില്ല. ഞാന്‍ പോയി പ്രസംഗിക്കാത്ത അസംബ്ലികളുണ്ടാകില്ലാത്ത. ഞാന്‍ സംസാരിക്കാത്ത വിഷയങ്ങളുണ്ടാകില്ല. ഞാന്‍ പ്രതിരോധിക്കാത്ത ഒരു നേതാവുമുണ്ടാകില്ല. ഞാന്‍ പരാജയപ്പെട്ടതിനുശേഷം വര്‍ക്കലയില്‍ ആ സീറ്റ് പിടിച്ചെടുക്കണമെന്ന വാശിയില്‍ കല്ലമ്പലത്തെ ഒരു വീട്ടില്‍ താമസിച്ചു. അഞ്ചുകൊല്ലം അവിടെ പണിയെടുത്തു. എല്ലായിടത്തും ഓടിയെത്തി. എന്നിട്ടും എന്നെ അവര്‍ ഒഴിവാക്കി, പത്തുകൊല്ലത്തെ ഫൈറ്റ് പരിണിച്ചില്ല, ചാനല്‍ ചര്‍ച്ചകള്‍ പരിഗണിച്ചില്ല.
ഞാനെന്റെ പ്രാണനില്‍ അലിയിച്ചെടുത്ത വികാരമാണ് കോണ്‍ഗ്രസ്. എനിക്കത് വിട്ട് കളിക്കാനാകില്ല. എനിക്ക് പാര്‍ട്ടി വിട്ട് കളിക്കുന്നതുപോലും ഇഷ്ടമല്ല. തല്ഖീന് ഓതി കുഴിയിലേക്ക് എടുത്ത് വയ്ക്കുന്നതുവരെ ഞാന്‍ കോണ്‍ഗ്രസ് ആയിരിക്കും. എന്നെ അവഗണിക്കുന്നവര്‍ക്ക് അവഗണിക്കാം, പരിഹസിക്കാം, വെട്ടിനിരത്താം, സീറ്റ് നിഷേധിക്കാം. എനിക്ക് പരാതിയില്ല.
എനിക്ക് നേതൃത്വത്തോട് ഒരു റിക്വസ്റ്റുണ്ട്, ജീവിതം ഇതിനായി സമര്‍പ്പിച്ച് ഒരു സമ്പാദ്യവുമില്ലാതെ തന്റെ വീടും കുടുംബവും ഉപേക്ഷിച്ച് പാര്‍ട്ടിക്കായി ആത്മാവും ശരീരവും ശബ്ദവും സമര്‍പ്പിച്ച് നില്‍ക്കുന്നവരെ കാണാതെ പോകരുത്. അവരെ ഒന്ന് കണ്ടേക്കണം, അവര്‍ക്കും വല്ലതും കൊടുത്തേക്കണം. എന്നെ കെപിസിസി സെക്രട്ടറി ആക്കിയതും, കേരളം മുഴുവന്‍ ഓടി നടക്കുന്ന പ്രാസംഗികനെന്ന നിലയിലെന്നെ രൂപപ്പെടുത്തിയതും രമേശ് ചെന്നിത്തല സാറാണ്. അദ്ദേഹം പോലും അവസാന നിമിഷം വര്‍ക്കലയുടെ കാര്യം വന്നപ്പോള്‍ എന്നെ സഹായിച്ചില്ല എന്നത് എന്റെ ഒരു നീറുന്ന വേദനയാണ്.
സീറ്റ് നിഷേധിച്ചപ്പോള്‍ കെ സി സാറിനെ വിളിച്ചു. ഒരുപാടുപേര്‍ക്ക് സീറ്റ് നിഷേധിച്ചിട്ടുണ്ടല്ലോ, ധൈര്യമായി ഇരിക്കാന്‍ അദ്ദേഹം പറഞ്ഞു. കുറേക്കഴിഞ്ഞപ്പോള്‍ ഞാന്‍ രമേശ് ജിയെ അങ്ങോട്ട് വിളിച്ചു. എന്തിനാണ് എന്നെ കളഞ്ഞതെന്ന് അറിയണമല്ലോ.. ഞാന്‍ കരഞ്ഞു. അദ്ദേഹമെന്നെ ആശ്വസിപ്പിച്ചു. ചെന്നിത്തല സര് എന്നെ കൈവിടാതിരുന്നെങ്കില്‍ ഞാനുമിന്ന് ആ നിലയിലായേനെ.
Content Highlights: brm shafeer comments on congress party and its political journey