

പാലക്കാട്: അട്ടപ്പാടിയില്‍ കഴിഞ്ഞ അഞ്ചു മാസത്തിനിടെ പത്തോളം നവജാത ശിശുക്കള്‍ മരണപ്പെട്ട സംഭവത്തിലും ആരോഗ്യവകുപ്പിന്റെ അനാസ്ഥയിലും പ്രതിഷേധിച്ച് ഉപവാസ സമരവുമായി ബാലസംഘം. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് ബാലസംഘം പ്രവര്‍ത്തകര്‍ ശിശുദിനത്തില്‍ ഉപവാസ സമരം സംഘടിപ്പിക്കുന്നത്. നവംബര്‍ 14 ശിശുദിനത്തിലെ സാധാരണ ആഘോഷ പരിപാടികള്‍ മാറ്റിവെച്ചാണ് ബാലസംഘം പ്രവര്‍ത്തകര്‍ ഈ പ്രതിഷേധം നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഉപവാസ സമരം മുന്‍ ആരോഗ്യമന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു.
ഗോത്രമേഖലയായ അട്ടപ്പാടിയില്‍ പത്തോളം കുഞ്ഞുങ്ങള്‍ മരിച്ചതിനെതിരെയും ആരോഗ്യവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെയും അമ്മമാരുടെ കണ്ണീരിനൊപ്പം നില്ക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ബാലസംഘം ഉപവാസം അനുഷ്ഠിക്കുന്നത്. പാലക്കാട് ജില്ലയിലെ വിവിധ ഏരിയകളില്‍ നിന്നായി മുന്നൂറോളം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും 80 പേർ ഉപവാസം അനുഷ്ഠിക്കുമെന്നും ബാലസംഘം അറിയിച്ചു.
'അഞ്ചു മാസത്തിനിടെ 10 കുട്ടികള്‍ മരണപ്പെടുകയും ആരോഗ്യ സുരക്ഷാ സിസ്റ്റം പൂര്‍ണമായും തകരാറിലാവുകയും ചെയ്ത സാഹചര്യത്തിലാണ് ശിശുദിനത്തില്‍ ആഘോഷങ്ങള്‍ക്ക് പകരം ഉപവാസം ഏറ്റെടുത്തത്. ഒന്നര വയസ്സു വരെയുള്ള 2,000 രൂപ ധനസഹായം നിലവില്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്.

ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുകളോ ഗര്‍ഭിണികള്‍ക്ക് വേണ്ട പരിചരണമോ മറ്റ് ആശുപത്രി സൗകര്യങ്ങളോ ലഭ്യമാകുന്നില്ല. അട്ടപ്പാടിയിലെ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം, അവര്‍ക്ക് ആവശ്യമായ പോഷകാഹാരവും മരുന്നുകളും ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിക്കണം,' ബാലസംഘം ഭാരവാഹികള്‍ പറഞ്ഞു.
നേരത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെ കെ ശൈലജയും വീണാ ജോര്‍ജും ആരോഗ്യമന്ത്രിമാരായിരുന്നപ്പോള് കേരളത്തിന്റെ ആരോഗ്യ മേഖല ലോകരാജ്യങ്ങള്‍ക്ക് മാതൃകയാകും വിധം ഉയര്‍ന്നിരുന്നു. എന്നാല്‍ നിലവിലുണ്ടായിരിക്കുന്ന ഭരണപരമായ ഇടപെടലുകള്‍ കാരണം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലും നാണക്കേടുണ്ടാക്കുന്ന വിധത്തിലേക്ക് മേഖല മാറിയിരിക്കുകയാണ്. നിരന്തരമായ ഫോളോ-അപ്പ് യോഗങ്ങള്‍ പുനഃസംഘടിപ്പിച്ച് മുന്‍പുണ്ടായിരുന്ന സിസ്റ്റത്തെ വീണ്ടും റീ-അപ്ഡേറ്റ് ചെയ്ത് മുന്നോട്ട് കൊണ്ടുപോകണമെന്നും ബാലസംഘം ആവശ്യപ്പെട്ടു.
Content Highlight: The Balasangham organised a hunger strike in front of the Attappady Block Panchayat office on Children's Day, protesting the deaths of around ten newborn babies in the region over the past five months and alleged negligence by the Health Department. The organisation decided to replace its usual Children's Day celebrations with the protest. Former Kerala Health Minister and CPI(M) Central Committee member KK Shailaja inaugurated the hunger strike.