ചങ്ങനാശ്ശേരി: പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് നടക്കുന്ന മന്നം ജയന്തി ആഘോഷങ്ങളില്‍ മുഖ്യമന്ത്രി വി ഡി സതീശന് പങ്കെടുക്കും. അഞ്ച് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് വി ഡി സതീശന് എന്‍എസ്എസ് ആസ്ഥാനത്തെത്തുന്നത്. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയെ ജി സുകുമാരൻ നായർ ഫോണില്‍ വിളിച്ച് ക്ഷണിക്കുകയും, വി ഡി സതീശന് ക്ഷണം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ജനുവരി ഒന്ന്, രണ്ട് തീയതികളിലാണ് എന്‍എസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. വി ഡി സതീശനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ അവസാനിക്കുകയാണ് എന്ന വ്യക്തമായ സൂചനയായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.
രണ്ടാം തീയതി നടക്കുന്ന ജയന്തിദിന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഒന്നാം തീയതി അഖില കേരള നായര്‍ പ്രതിനിധി സമ്മേളനവും നടക്കും.
പുതിയ പദവിയിലെത്തിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പെരുന്ന സന്ദര്‍ശനം കൂടിയാണിത്. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മന്ത്രി കെ മുരളീധരനും പെരുന്നയില്‍ എത്തും. നേരത്തെ തെരഞ്ഞെടുപ്പ് സമയത്തും അതിനുശേഷവും വി ഡി സതീശനെതിരെ സുകുമാരന്‍ നായരുടെ ഭാഗത്തുനിന്ന് രൂക്ഷമായ വിമര്‍ശനങ്ങളും കടന്നാക്രമണങ്ങളും ഉണ്ടായിരുന്നു.
മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍എസ്എസ് നേതൃത്വം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മന്നത്ത് പത്മനാഭന്റെ 150-ാം ജയന്തി പ്രൗഢഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് നേതൃത്വമെന്നാണ് സുകുമാരൻ നായർ പ്രതികരിച്ചത്.
നേരത്തെ പരസ്പരം നടത്തിയ പരാമര്‍ശങ്ങളെ കുറിച്ചും വിമര്‍ശനങ്ങളെ കുറിച്ചുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് ' അതിന്റേതായ രീതിയില്‍ ഞങ്ങള്‍ തമ്മില്‍ സംഭാഷണം നടന്നു. അത് ആ സാഹചര്യത്തില്‍ പറഞ്ഞതാണ്. ഞാന്‍ അത് മറക്കുകയും ചെയ്തു,' എന്നായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രതികരണം. വിദ്വേഷങ്ങള്‍ മറുന്നുവെന്നും സൗഹൃദപരമായി മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയായ വി ഡി സതീശനെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തോട് അഭിപ്രായ വ്യത്യാസം ഒന്നും തന്നെയില്ല എന്നായിരുന്നു മറുപടി.
നേതാക്കളുടെ തിണ്ണ നിരങ്ങില്ല എന്ന് പറഞ്ഞ സാഹചര്യം അദ്ദേഹം ബോധ്യപ്പെടുത്തി. സാഹചര്യം ബോധ്യപ്പെടുത്തേണ്ടത് അല്‍പ്പം വൈകിയെങ്കിലും ബോധ്യപ്പെട്ടു. അന്ധമായി ഞങ്ങള്‍ ആരെയും വിശ്വസിക്കുന്നില്ലെന്നും അന്ധമായി ആരോടും എതിര്‍പ്പുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ അനുഭവപൂര്‍ണമായ നിലപാടാണ് എന്‍എസ്എസ് കൈക്കൊള്ളുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ചോദ്യത്തോട് സര്‍ക്കാരിന്റെ തുടക്കമാണെന്നും അതിന്റേതായ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുമായി നേരത്തെ ഭിന്നതകള്‍ ഉണ്ടായിരുന്നു, എന്നാല്‍ അതെല്ലാം പരിഹരിച്ച് മുന്നോട്ടു പോകും എന്നാണ് കരുതുന്നതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ സര്‍ക്കാരിനെതിരെ അദ്ദേഹം വിമര്‍ശനവും ഉയര്‍ത്തി. സര്‍ക്കാരിന് ന്യായമായ സമീപനമുണ്ടാകണമെന്നും കുറച്ചുകൂടി അനുകൂല നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ പോലീസ് നടപടി ജനാധിപത്യവിരുദ്ധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Kerala Chief Minister V D Satheesan will attend the Mannam Jayanti celebrations at the NSS headquarters in Perunna. This will be his first visit to the NSS headquarters in five years. The NSS leadership invited the Chief Minister over the phone, and he accepted the invitation.