കൊച്ചി: മാനവീയം വീഥിയില്‍ ശനിയാഴ്ച നടത്താനിരുന്ന 'പുഷ്പതി പാടുന്നു'വെന്ന പരിപാടിക്ക് അനുമതി നിഷേധിച്ച തിരുവനന്തപുരം കോര്‍പ്പറേഷനെതിരെ രൂക്ഷവിമര്‍ശനവുമായി ഗായിക പുഷ്പവതി. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ ആസ്പദമാക്കിയിട്ടുള്ള തന്റെ പാട്ടുകളാവാം ബിജെപി ഭരിക്കുന്ന കോര്‍പ്പറേഷനെ ഭയപ്പെടുത്തുന്നതെന്ന് പുഷ്പവതി പ്രതികരിച്ചു. സാംസ്കാരിക ഇടങ്ങള്‍ ഇല്ലാതായാല്‍ മാത്രമെ ബിജെപിക്ക് വളരാനാകൂ. നിലപാടുകള്‍ പാട്ടിലൂടെ ആളുകളിലേക്ക് എത്തുമ്പോള്‍ അവര്‍ അതിനെ തടയും. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാത്തതെന്നും ഗായിക ചോദിക്കുന്നു. റിപ്പോര്‍ട്ടര്‍ ലൈവിനോടാണ് പുഷ്പവതിയുടെ പ്രതികരണം.
'സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ ആസ്പദമാക്കിയിട്ടുള്ള പാട്ടുകള്‍ എന്നെപ്പോലെയുള്ള ആളുകള്‍ പാടും. അത് അവരെ ഭയപ്പെടുത്തുന്നുണ്ടാകാം. എന്റെ പാട്ടിനെ എന്തിനാണ് ഭയപ്പെടുന്നത്. ഞാന്‍ സത്യമല്ലേ പാടുന്നത്. അവര്‍ വളര്‍ന്നുവന്ന വഴികളെല്ലാം അനീതിയുടേതാണ്. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ അഭിസംബോധന ചെയ്ത് ഞാന്‍ പാട്ടുകളുണ്ടാക്കാറുണ്ട്. അതാവാം അവരെ പ്രകോപിപ്പിക്കുന്നത്. കേരളം ഭരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയല്ലേ എന്നാണ് എനിക്ക് ചോദിക്കാനുണ്ട്. രമേശ് ചെന്നിത്തലയല്ലേ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത്. ഒരു നിലപാടും വിഷയത്തില്‍ ഇതുവരെ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടില്ല. ഗ്യാനേഷ് കുമാറിനെതിരായ സമരത്തിലടക്കം കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ചാണ് സമരം ചെയ്യുന്നത്. കേരളം ആര്‍എസ്എസ് ആണോ ഭരിക്കുന്നത്? സാംസ്കാരിക ഇടങ്ങള്‍ ഇല്ലാതായാല്‍ മാത്രമെ ബിജെപിക്ക് വളരാനാകൂ. പലയിടത്തും ഇത്തരം വേദികള്‍ ഇല്ലാതാവുകയാണ്. സാംസ്കാരിക ഇടനാഴിയെന്ന നിലയില്‍ സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന എംഎ ബേബി തുടങ്ങിയതാണ് മാനവീയം വീഥി. അവിടെ പരിപാടിക്ക് വിളിച്ചപ്പോള്‍ സന്തോഷത്തോടെയാണ് ക്ഷണം സ്വീകരിച്ചത്', പുഷ്പവതി വ്യക്തമാക്കി.
'പാട്ട് കൊണ്ട് ഞാന്‍ ബിജെപിക്ക് തടസ്സമാണ്. നേഹ സിംഗ് റാത്തോഡിനെ അവര്‍ അപമാനിച്ചില്ലേ. പാട്ട് മനുഷ്യരെ സ്വാധീനിക്കും. നിലപാടുകള്‍ പാട്ടിലൂടെ ആളുകളിലേക്ക് എത്തുമ്പോള്‍ അവര്‍ അതിനെ തടയും. ഭയമാണ് അവര്‍ക്ക്. പുതിയ ഗവര്‍ണര്‍ രാജ്ഭവനില്‍ മത്സ്യമാംസാധികള്‍ വേണ്ടെന്ന് വെച്ചിരുന്നു. നമ്മളെന്ത് പാടണം, എന്ത് കഴിക്കണം, എന്ത് ധരിക്കണം, എന്ത് പറയണം, എവിടെ പാടണം എന്നെല്ലാം ഇവരാണോ തീരുമാനിക്കുന്നത്. ഇന്ത്യ ഇവരുടെ കുടുംബസ്വത്ത് ആണോ? എന്റെ പാട്ടുകളെല്ലാം സംഘപരിവാറിന് എതിരായിരുന്നു', എന്നും ഗായിക പറയുന്നു.
വിഷയത്തില്‍ സര്‍ക്കാരിനെതിരെയും പുഷ്പവതി രൂക്ഷവിമര്‍ശനം ഉയര്‍ത്തി. കേരളം ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി എന്തുകൊണ്ടാണ് ഈ സാഹചര്യത്തിനെതിരെ ഒരുവാക്ക് പോലും പറയാത്തതെന്ന് പുഷ്പവതി ചോദിക്കുന്നു.
'മാനവീയം ഉള്‍പ്പെടുന്ന വട്ടിയൂര്‍ക്കാവിലെ എംഎല്‍എ കെ മുരളീധരനാണ്. അദ്ദേഹമോ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയോ ഇതിനെതിരെ ഒരുവാക്ക് പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടി കേന്ദ്രത്തില്‍ മാത്രമാണോ നിലപാട് എടുക്കുന്നത്? ജനാധിപത്യം കേരളത്തിലും മരിച്ചുവെന്ന് പറയുന്നത് വിഷമമാണ്. കേരളത്തിലെങ്കിലും ശ്വാസം വിടാനുള്ള ഇടമുണ്ടായിരുന്നു. സ്വതന്ത്രമായി പ്രതിഷേധിക്കുകയെന്നത് മൗലികാവകാശമാണ്. യുഡിഎഫ് സര്‍ക്കാരാണ് നിലപാട് എടുക്കേണ്ടത്. സിഐഎ സമരം നടക്കുമ്പോള്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ തല്ലിച്ചതയ്ക്കുമ്പോള്‍ ഞാന്‍ പാടിയ പാട്ടാണ് സകലതുമോര്ത്തുവെയ്ക്കപ്പെടും എന്നത്. ഈ പാട്ട് മുസ്ലിം ലീഗ് അടക്കമുള്ളര്‍ ഹൃദയത്തിലേറ്റെടുത്ത പാട്ടാണ്. മൗലികാവകാശത്തിനായി സംഗീതം കൊണ്ട് ഇടപെടുന്നുണ്ട്. മുസ്ലിം ലീഗിനെന്താ നിലപാട് ഇല്ലേ. അവരും ഇതിനൊപ്പം നില്ക്കുകയാണോ?', എന്നും പുഷ്പവതി ചോദിക്കുന്നു.
മാനവീയം വീഥിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു നാളെ പുഷ്പതിയുടെ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കോര്പ്പറേഷന് അനുമതി നിഷേധിക്കുകയായിരുന്നു. യാതൊരു കാരണവുമില്ലാതെയാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് രജത ജൂബിലി ആഘോഷ കമ്മിറ്റി കണ്‍വീനര്‍ രാഹുല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'പുഷ്പവതിയുടെ ഗാനസന്ധ്യ സംഘടിപ്പിക്കുന്നതിന് നവംബര്‍ 3ന് രാവിലെ 11 മണിക്ക് അപേക്ഷ കൊടുക്കുകയും രസീത് കൈപ്പറ്റുകയും ചെയ്തിരുന്നു. നവംബര്‍ 9ന് മൈക്ക് അനുവദിക്കുന്നതിനായി പൊലീസിന് അപേക്ഷ നല്കി. നഗരസഭ സെക്രട്ടറി അടക്കം അപേക്ഷ ഫോര്‍വേഡ് ചെയ്തിട്ടും മേയര്‍ അകാരണമായി തടഞ്ഞു വച്ചിരിക്കുകയാണ്. കോര്‍പ്പറേഷന്റെ അനുമതി ലഭിക്കാത്തതിനാല്‍ മൈക്ക് പെര്മിഷന് ലഭിച്ചിട്ടില്ല. മാനവീയം വീഥി എന്ന സാംസ്കാരിക ഇടനാഴിയില്‍ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് അനുമതി നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല', രാഹുല്‍ പ്രതികരിച്ചു. സാംസ്കാരിക പരിപാടികള്‍ക്ക് അനുമതി നിഷേധിക്കുമ്പോള്‍ തന്നെ കച്ചവട താല്പര്യമുള്ള പലതരം എക്സ്പോകള്‍ക്ക് സ്റ്റാളുകള്‍ അനുവദിക്കുന്നുണ്ട്. മാനവീയം വീഥി സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിഭാവനം ചെയ്ത സാംസ്കാരിക ഇടനാഴിയാണ്. അതിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിന് പകരം വീഥിയെ കച്ചവടവല്‍ക്കരിക്കാനുള്ള നീക്കങ്ങളാണ് നഗരസഭ നടത്തുന്നതെന്നും രാഹുല്‍ പ്രതികരിച്ചു.
Content Highlights: Singer Pushpavathy has strongly criticised the Thiruvananthapuram Corporation for denying permission to her Pushpathi Paadunnu programme,