തിരുവനന്തപുരം: വിവാദമായ വൈദ്യുത കരാറിനായി ജിഎൻഎ കമ്പനിയെ ആദ്യം ശുപാര്‍ശ ചെയ്തത് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ. ഹിമാചൽ വൈദ്യുതി പ്രൊപ്പോസൽ ഫയലിൽ ജിഎൻഎ കമ്പനിക്കായി ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പ്രത്യേകം കുറിപ്പെഴുതിയിരുന്നു. ജിഎൻഎ എനർജി പ്രൈവറ്റ് ലിമിറ്റഡിനെ പരിഗണിക്കണമെന്നും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുമെന്നുമായിരുന്നു ചിഫ് സെക്രട്ടറിയുടെ കുറിപ്പ്.
ജിഎൻഎയുമായുള്ള കരാർ ബോർഡിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് കെഎസ്ഇബി മുൻ സിഎംഡി എം ജി രാജമാണിക്യം ചൂണ്ടിക്കാണിച്ചിട്ടും അത് മുഖവിലയ്ക്കെടുക്കാൻ ചീഫ് സെക്രട്ടറി തയ്യാറായില്ല. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുമാണ് ജിഎന്‍എ വൈദ്യുതി കരാറില്‍ ഒപ്പുവെക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. എം ജെ രാജമാണിക്യത്തെ മാറ്റുന്നതിന് തൊട്ടുമുമ്പും ചീഫ് സെക്രട്ടറിയുടെ സമ്മർദ്ദം തുടർന്നു. 903 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.
അതേസമയം വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ്ഇബിക്കെതിരെ ഉയർന്ന ആരോപണങ്ങളെ തള്ളി മന്ത്രി സണ്ണി ജോസഫ് രംഗത്തെത്തി. ബോർഡ് സർക്കാരിന് തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും അനാവശ്യ സമ്മർദ്ദം ഉണ്ടാക്കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മുൻ നിലപാടുകളെ തള്ളുന്നതാണ് മന്ത്രിയുടെ ഈ വിശദീകരണം.
കേരളത്തിൽ നിലവിൽ വലിയ വൈദ്യുതി ആവശ്യകതയുണ്ട്. വരും നാളുകളിലേക്കും ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതി വേണം. കൂടുതൽ വൈദ്യുതി വാങ്ങാനുള്ള നീക്കങ്ങൾ നടക്കുകയാണ്. ഈ സാഹചര്യത്തിൽ വൈദ്യുതിയുടെ ആവശ്യകത ബോർഡ് ആവർത്തിച്ച് പറയുക മാത്രമാണ് ചെയ്തതെന്നും മന്ത്രി ന്യായീകരിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയുമായി നിലവിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിഎൻഎ കരാർ പ്രായോഗികമല്ലെന്നും, ജിഎൻഎയുമായി ഇനി വൈദ്യുതി കരാറില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. കരാറുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകൾ കെഎസ്ഇബി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന വ്യാജ വാർത്തകൾക്ക് പിന്നിൽ മാധ്യമങ്ങളാണെന്ന് മന്ത്രി സണ്ണി ജോസഫ് കുറ്റപ്പെടുത്തി. പ്രതിസന്ധി പരിഹരിക്കാൻ മഹാരാഷ്ട്രയിലെ സിന്നാർ താപവൈദ്യുതി നിലയത്തിൽ നിന്ന് കേരളത്തിന് കൂടുതൽ വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: Chief Secretary Bishwanath Sinha reportedly recommended GNA Energy for the controversial power deal, despite KSEB's concerns over potential losses. Electricity Minister Sunny Joseph has defended the board and confirmed the government will not proceed with the agreement.