തിരുവനന്തപുരം: എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരപ്പന്തല്‍ പൊളിച്ച് നീക്കിയ നടപടിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രഞ്ജിനി ഹരിദാസ്. ഒരിക്കലും അംഗീകരിക്കാനാവാത്ത നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജന്തര്‍ മന്തറില്‍ സര്‍ക്കാര്‍ സമരത്തെ അടിച്ചമര്‍ത്തിയതു പോലെയാണ് കേരളത്തിലും ഇന്നലെ സംഭവിച്ച കാര്യം. ഡല്‍ഹിയില്‍ പ്രതിഷേധം നടത്തിയ അതേയാളുകളാണ് ഇവിടെ നാട് ഭരിക്കുന്നത്. സമരപ്പന്തല്‍ പൊളിക്കുകയും ബലം പ്രയോഗിച്ച് വളര്‍മതിയെ നീക്കുകയും ചെയ്തിരിക്കുകയാണ്. സര്‍ക്കാരിന്റേത് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണെന്നും രഞ്ജിനി ഹരിദാസ് തുറന്നടിച്ചു.
വളര്‍മതിയുടെ ആരോഗ്യം മോശമാണെങ്കില്‍ അവിടെ ചെന്ന് ഡോക്ടര്‍മാര്‍ക്ക് പരിശോധന നടത്താം. എന്നാല്‍ ബലപ്രയോഗത്തിലൂടെ അവരുടെ സമ്മതമില്ലാതെയാണ് അവരെ സമരപ്പന്തലില്‍ നിന്ന് നീക്കിയത്. പ്രതിഷേധിക്കുകയെന്നത് മൗലിക അവകാശമാണ്. അതിനെ എങ്ങനെയാണ് തടയുന്നത്? ഈ നടപടി അംഗീകരിക്കാനാവില്ലെന്നും പ്രതികരിക്കുക തന്നെ ചെയ്യുമെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.
ഇത്തരമൊരു പ്രശ്നം അവരുന്നയിക്കുന്നുണ്ടെങ്കില് സര്‍ക്കാര്‍ അതിന് പരിഹാരം കാണണം. ഡല്‍ഹിയില്‍ കണ്ട കാഴ്ച്ചകള്‍ ഇവിടെയും ആവര്‍ത്തിക്കുന്നതായാണ് തോന്നുന്നത്. ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും രഞ്ജിനി ഹരിദാസ് സമൂഹ മാധ്യമ പോസ്റ്റിലൂടെ പറഞ്ഞു.
Content Highlights: Ranjini Haridas has criticised the Kerala government over the removal of the LPST rank holders' protest camp and the forceful removal of protester Valarmathi. Calling the action unacceptable, she said peaceful protest is a fundamental right and questioned the government's handling of the issue