സമരപ്പന്തല്‍ പൊളിച്ച നടപടി; 'ജന്തര്‍ മന്തറില്‍ സമരം നടത്തിയ കോണ്‍ഗ്രസാണ് കേരളത്തില്‍ ഇത് ചെയ്തിരിക്കുന്നത്'

'മോദിയെക്കാള്‍ മോശമായി വി ഡി സതീശന്‍ പെരുമാറുന്നു'

തിരുവനന്തപുരം: എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപ്പന്തല്‍ പൊളിച്ച് നീക്കിയ നടപടിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ മന്ത്രി പി രാജീവ്. പന്തല്‍ പൊളിക്കാന്‍ കോടതി ഉത്തരവുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ജന്തര്‍ മന്തറില്‍ സമരം നടത്തിയ കോണ്‍ഗ്രസാണ് കേരളത്തില്‍ ഇത് ചെയ്തിരിക്കുന്നത്. മോദിയെക്കാള്‍ മോശമായി വി ഡി സതീശന്‍ പെരുമാറുന്നു. ഏത് കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സമരപ്പന്തല്‍ പൊളിച്ച് നീക്കാന്‍ തീരുമാനിച്ചതെന്നും പി രാജീവ് ചോദിച്ചു.

'ഞങ്ങളിതെല്ലാം ചെയ്തുതരാം എന്ന് വാഗ്ദാനം ചെയ്താണ് പിഎസ്സി റാങ്ക് ഫോള്‍ഡേഴ്‌സിനെ സമരത്തിന് ഇറക്കിയത്. 10 മിനിറ്റ് കൊണ്ട് തീര്‍ക്കാം എന്ന് പറഞ്ഞതൊക്കെ എവിടെയാണ്? ആശാവര്‍ക്കര്‍മാരുടെ സമരപ്പന്തലില്‍ പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശന്‍ എത്തിയില്ലേ. അന്ന് ആരും സമരപ്പന്തല്‍ പൊളിച്ചില്ലല്ലോ. ഇതിനുശേഷം ഏതു കോടതി വിധിയാണ് വന്നത്?

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ പാര്‍ക്ക് കഴിഞ്ഞ സര്‍ക്കാരാണ് പ്രഖ്യാപിച്ചെന്നും പി രാജീവ് പറഞ്ഞു. പ്രധാനമന്ത്രി കല്ലിട്ട പദ്ധതിക്ക് മുകളില്‍ മുഖ്യമന്ത്രി പോയി കല്ലിടുകയാണ്. കിഫ്ബിയെ അധിക്ഷേപിക്കുന്നവര്‍ കിഫ്ബിയുടെ നേട്ടങ്ങള്‍ സ്വന്തം നേട്ടമായി അവതരിപ്പിക്കുകയാണ്. സവര്‍ക്കര്‍ സര്‍ക്കാരിന്റെ രൂപത്തില്‍ പ്രവര്‍ത്തിക്കുന്നൊരു സര്‍ക്കാര്‍ ജനാധിപത്യത്തിന് ഭീഷണിയാണ്. ഇപ്പോള്‍ വി ഡി സവര്‍ക്കര്‍ സര്‍ക്കാര്‍ എന്ന രൂപത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചരിത്ര കൗണ്‍സില്‍ തലപ്പത്തേക്ക് കൊണ്ടുവന്നവരെ പരിശോധിച്ചാല്‍ അത് മനസ്സിലാകും. ഏതെങ്കിലും വിഷയത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ സമരത്തിന് ഇറങ്ങിയോ ഇതൊരു സഖ്യ സര്‍ക്കാരാണെന്നും രാജീവ് വിമര്‍ശിച്ചു.

കലൂര്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് ടെന്‍ഡര്‍ വിളിച്ചില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഏത് ടെന്‍ഡര്‍ വിളിച്ചിട്ടാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ സഞ്ചരിക്കുന്നത്? വി അബ്ദുറഹ്മാനെതിരെ രാഷ്ട്രീയമായി തിരിഞ്ഞാല്‍ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും പി രാജീവ് പറഞ്ഞു.

Content Highlights: Former Kerala minister P Rajeev has criticised the VD Satheesan government over the removal of the LPST rank holders' protest camp, questioning the court order cited for the action. He also targeted the Chief Minister over political decisions, the Kaloor Stadium project and helicopter travel

To advertise here,contact us