തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ 2027 മാര്‍ച്ച് 1 ആരംഭിച്ച് മാര്‍ച്ച് 30 അവസാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്. ആകെ 3049 പരീക്ഷ കേന്ദ്രങ്ങളാണ് ഉണ്ടാവുക. 2027 മാര്‍ച്ച് എട്ടാം തീയതി ഒഴികെയുള്ള എല്ലാ പരീക്ഷകളും രാവിലെ 9 30 മുതലും എട്ടാം തീയതിയിലെ പരീക്ഷ ഉച്ചക്ക് 2:30 മുതലും ആരംഭിക്കും. ഗള്‍ഫിലും ലക്ഷദ്വീപിലും ഏഴു വീതം പരീക്ഷാ കേന്ദ്രങ്ങളാണുണ്ടാവുക. മെയ് ആദ്യവാരം ഫല പ്രഖ്യാപനം നടത്തുമെന്നും മന്ത്രി അറിയിച്ചു.
എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ 20 വരെയാണ് നടക്കുക. ഏപ്രില്‍ 5 മുതല്‍ 27 വരെ എസ്എസ്എല്‍സി മൂല്യനിര്‍ണയം നടക്കും. പരീക്ഷാ രജിസ്ട്രേഷന് ഇനി പുതിയ സോഫ്റ്റ്വെയറായിരിക്കും ഉപയോഗിക്കുകയെന്നും മന്ത്രി അറിയിച്ചു.
ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ 2027 മാര്‍ച്ച് 2 മുതല്‍ 30 വരെയാണ് നടക്കുക. ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 12, 30 എന്നീ തീയതികളില്‍ മാത്രം ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കും. മറ്റ് ദിവസങ്ങളില്‍ രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. സംസ്ഥാനത്തെ സ്ക്കൂളുകളില്‍ ക്രിസ്തുമസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെയാണ് നടത്തുക. 18ന് ക്രിസ്മസ് ആഘോഷത്തോടെ സ്കൂളുകള്‍ അടയ്ക്കും. അവധി കഴിഞ്ഞു 28ന് സ്കൂളുകള്‍ തുറക്കും.
ഹയര്‍സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷം മോഡല്‍ പരീക്ഷകള്‍ 2027 ഫെബ്രുവരി 11 മുതല്‍ 24 വരെ നടക്കും. ഏകദേശം 9 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ആകെ രണ്ടായിരത്തോളം പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ 53,000 ത്തോളം വിദ്യാര്‍ത്ഥികള്‍ എഴുതുന്നു. മൂല്യനിര്‍ണയം 2027 ഏപ്രില്‍ 5 മുതല്‍ 15 മെയ് വരെ നടത്തി, മെയ് 15ന് ശേഷം ഫലപ്രഖ്യാപനം നടത്തും.
പ്ലസ് വണ്‍ സീറ്റ് ക്ഷാമം മലബാര്‍ മേഖലയില്‍ രൂക്ഷമാകുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സീറ്റ് ക്ഷാമം ഉള്ളതുകൊണ്ടാണ് സ്പെഷ്യല്‍ ഓര്‍ഡറുകള്‍ കൊടുക്കേണ്ടി വന്നത്. സീറ്റ് ഒഴിഞ്ഞുകിടക്കുന്നത് അണ് എയ്ഡഡ് സെക്ടറുകളിലാണ്. അമിത ഫീസ് ഈടാക്കുന്നതിനാലാണ് വിദ്യാര്‍ഥികള്‍ അങ്ങോട്ട് പോകാത്തത്. ഏറ്റവും കൂടുതല്‍ സീറ്റ് ക്ഷാമം മലപ്പുറം ജില്ലയിലാണ് നടക്കുന്നത്. ഇരുപതിനായിരത്തോളം സീറ്റിന്റെ കുറവുണ്ട്. രണ്ടാമത് പാലക്കാടും മൂന്നാമത് കോഴിക്കോടുമാണ്.
എല്‍പിഎസ്ടി സമരം സംബന്ധിച്ച കാര്യങ്ങള്‍ പലതവണ ചര്‍ച്ച ചെയ്തതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരാളെപ്പോലും നിയമിക്കാത്ത ലിസ്റ്റ് ഉണ്ടായിരുന്നു. പരമാവധി ഒഴിവുകള്‍ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യിപ്പിക്കുന്നുണ്ട്. അധ്യാപക വിദ്യാര്‍ഥി അനുപാതം തല്ക്കാലം കുറയ്ക്കാന്‍ കഴിയില്ല. കഴിഞ്ഞ സര്‍ക്കാര്‍ തന്നെ തീരുമാനിച്ച കാര്യമാണത്. എയ്ഡഡിന് വാരിക്കോരി കൊടുത്തു എന്ന് പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ മാത്രമാണ് ഇപ്പോഴും ഉള്ളത്. എയ്ഡഡിന് വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. സ്കൂളുകളില്‍ കുട്ടികള്‍ ഗണ്യമായി കുറയുന്നുണ്ട്. ഒരു ലക്ഷത്തിലധികം കുട്ടികളുടെ കുറവ് ഇത്തവണയുണ്ടായി. കേരളത്തിലെ ജനനനിരക്ക് ഗണ്യമായി കുറയുന്നതും ഇതിന് കാരണമാവുന്നുവെന്ന് മന്ത്രി പറഞ്ഞു. ഈയവസരത്തില്‍ എങ്ങനെയാണ് അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുകയെന്നും മന്ത്രി ചോദിച്ചു.
ഞങ്ങള്‍ റാങ്ക് ലിസ്റ്റില്‍ വന്നു ഞങ്ങള്‍ക്ക് ജോലി കിട്ടാന്‍ എല്ലാ കാര്യങ്ങളും മാറ്റണമെന്ന് പറഞ്ഞാല്‍ എങ്ങനെയാണെന്നും മന്ത്രി ആവര്‍ത്തിച്ചു. ഒരു വിരല്‍ ഞങ്ങള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ അവരുടെ നാല് വിരല്‍ അവര്‍ക്ക് നേരെ തന്നെയാണ് ചൂണ്ടുന്നത്. സമരക്കാരോട് ഒരു എതിര്‍പ്പുമില്ല. ഈ സര്‍ക്കാര്‍ അവരോട് ഒരു ദ്രോഹവും ചെയ്തിട്ടില്ല. മേഖലയില്‍ വിദ്യാര്‍ത്ഥി അധ്യാപക അനുപാതം കുറച്ചാല്‍ 400 കോടി ബാധ്യത വരും.
ഈ കുഴപ്പങ്ങളെല്ലാം ഉണ്ടാക്കിയത് പിഎസ്സിയാണ്. അന്ന് LPST സമരത്തെ പിന്തുണച്ചു എന്നതുകൊണ്ട് അനുപാതം കുറയ്ക്കാം എന്നല്ലല്ലോ. ഐക്യദാര്‍ഢ്യം നല്‍കുകയാണ് അന്ന് ചെയ്തത്. സമരത്തിന് എതിര് പറയുന്ന കുറെ പേര് ഈ റാങ്ക് ലിസ്റ്റില്‍ തന്നെ ഉണ്ട്. സമരപ്പന്തല്‍ പൊളിച്ച നടപടിയെയും മന്ത്രി ന്യായീകരിച്ചു. പൊലീസ് ചെയ്തത് അവരുടെ ഡ്യൂട്ടിയാണ്. വഴി തടയരുത് എന്ന് കോടതിയുടെ നിര്‍ദേശമുണ്ടെന്നും മന്ത്രി പറഞ്ഞു.
Content Highlights: Kerala Education Minister N Shamsudheen has announced the 2027 SSLC examination schedule, with exams set to begin on March 1 and conclude on March 30. Results are expected in the first week of May. The minister also addressed the Plus One seat shortage in Malabar and the ongoing LPST candidates' protest