കൊച്ചി: മലപ്പുറത്തിനെതിരെ വീണ്ടും വിദ്വേഷപരാമര്‍ശവുമായി ജനം ടിവി. അന്താരാഷ്ട്ര ഉറുദു ദിനത്തില്‍ പ്രശസ്ത ഉറുദു-പേര്‍ഷ്യന്‍ കവി അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ ചിത്രം ഉള്‍പ്പെടുത്തി തിരൂരിലെ ഒരു സ്കൂള്‍ പോസ്റ്റര്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് ജനം ടിവി വീണ്ടും മലപ്പുറത്തിനെതിരെ വിദ്വേഷപരാമര്‍ശവുമായി രംഗത്തെത്തിയത്. തിരൂര്‍, ആലത്തിയൂരിലെ ദാറുല്‍ ഖുര്‍ ആന്‍ റസിഡന്‍ഷ്യല്‍ സ്കൂളാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് ജനം ടിവിയുടെ പരാമര്‍ശങ്ങള്‍. ഉറുദു ഭാഷയ്ക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ച് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ ഒമ്പത് അന്താരാഷ്ട്ര ഉറുദു ദിനമായും ആചരിക്കുന്നുന്നുണ്ട്. സാരേ ജഹാം സേ അച്ചാ തുടങ്ങിയ ദേശഭക്തിഗാനത്തിന്റെ രചയിതാവും അദ്ദേഹമാണ്.
ബ്രിട്ടീഷ് ഇന്ത്യയിലെ സിലാകോട്ടില് ജനിച്ച അദ്ദേഹം കവി എന്നതിലുപരി തത്വചിന്തകന്‍ എന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും പ്രസിദ്ധനായിരുന്നു. പഞ്ചാബ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ അധ്യക്ഷനായിരിക്കെ 1930ല്‍ അലഹബാദില്‍ നടത്തിയ പ്രസംഗത്തില്‍ പഞ്ചാബ്, സിന്ധ് പ്രവിശ്യ, ബലൂചിസ്ഥാന്‍, വടക്കുപടിഞ്ഞാറന്‍ അഥിര്‍ത്തി പ്രവിശ്യ എന്നീ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഒരു മുസ് ലിം ഭൂരിപക്ഷ സ്റ്റേറ്റ് രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന് പുറത്തുള്ള ഒരു മുസ്ലിം രാഷ്ട്രത്തിനായുള്ള ആവശ്യം താന്‍ ഉന്നയിച്ചിട്ടില്ലെന്നും, മുസ്ലിം ഭൂരിപക്ഷ പ്രവിശ്യകളുടെ പുനഃസംഘടനയാണ് തന്റെ നിര്‍ദേശമെന്നും 1931 ഒക്ടോബര്‍ 12ന് ലണ്ടനിലെ ദി ടൈംസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച കത്തില്‍ തന്റെ നിലപാട് വിശദീകരിച്ചിരുന്നു.
1934 ല്‍ എഡ്വേര്‍ഡ് ജോണ്‍ തോംസണിന് എഴുതിയ കത്തില്‍ പാകിസ്ഥാന് പദ്ധതി തന്റേതല്ലെന്ന് ഇഖ്ബാല്‍ വ്യക്തമാക്കി. താന്‍ നിര്‍ദേശിച്ചത് ഇന്ത്യന്‍ ഫെഡറേഷന്റെ ഭാഗമായ മുസ്ലിം ഭൂരിപക്ഷ പ്രവിശ്യയാണെന്നും പറഞ്ഞിരുന്നു. 1938 ഏപ്രില്‍ 21ന് ഇന്ത്യ സ്വതന്ത്രമാവുകയും പാകിസ്ഥാന് രൂപീകരിക്കുന്നതിനും മുമ്പ് തന്നെ അദ്ദേഹം മരണപ്പെടുകയും ചെയ്തു. നവംബര്‍ ഒമ്പതിന് ലോക ഉറുദു ദിനത്തില്‍ പുറത്തിറക്കിയ പോസ്റ്ററാണ് ഇപ്പോള്‍ ജനം ടിവി മലപ്പുറത്തിനെതിരെ വിദ്വേഷപ്രചരണത്തിനുള്ള ആയുധമാക്കുന്നത്. മലപ്പുറത്തിന് വീണ്ടും പാകിസ്ഥാന് പ്രേമം, ഇന്ത്യവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ മലപ്പുറത്തുണ്ട് തുടങ്ങിയ പരാമര്‍ശങ്ങള്‍ ജനം ടിവി നടത്തിയത്.
ഈ വാര്‍ത്തയ്ക്ക് കീഴില്‍ തന്നെ അല്ലാമ മുഹമ്മദ് ഇഖ്ബാല്‍ ആരാണെന്ന് വിശദീകരിച്ചും ജനം ടിവിയെ വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. അക്കാദമിക കലണ്ടറില്‍ ഉള്‍പ്പെടുത്തിയ അന്താരാഷ്ട്ര ഉറുദു ദിനത്തിന്റെ ഭാഗമായാണ് പോസ്റ്റര്‍ പുറത്തിറക്കിയതെന്ന് ദാറുല്‍ ഖുര്‍ ആന്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രതിനിധി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ജനം ടിവി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വിവാദങ്ങളുണ്ടാക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ മാനേജ്മെന്റ് പോസ്റ്റര്‍ പിന്‍വലിക്കുകയായിരുന്നുവെന്നും സ്കൂള്‍ പ്രതിനിധി കൂട്ടിച്ചേര്‍ത്തു.
Content Highlight: A Tirur-based school released a poster featuring renowned Urdu-Persian poet Allama Muhammad Iqbal to mark International Urdu Day. Following the poster's release, Janam TV made controversial remarks targeting Malappuram, allegedly portraying the district as sympathetic to Pakistan.