കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസ് ഇടിച്ച് ഐടി ജീവനക്കാരി അക്ഷര മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ ബിനോയ്ക്ക് എതിരെ കടുപ്പിച്ച് പൊലീസ്. ബിനോയ്യുടെ ഗുരുതര പിഴവാണ് അപകടത്തിന് വഴിവെച്ചതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഡ്രൈവറുടെ ലൈസന്‍സ് ആജീവനാന്തം റദ്ദ് ചെയ്യണം. ബസിന്റെ പെര്‍മിറ്റ് റദ്ദ് ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പിന് ഇന്‍ഫോപാര്‍ക്ക് പൊലീസ് കത്ത് നല്കി.
ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിനായിരുന്നു അശ്രദ്ധമായി ഓടിച്ച 'മലയില്‍' എന്ന സ്വകാര്യ ബസ് ഇടിച്ച് ഐടി ജീവനക്കാരിയായ തൃശ്ശൂര്‍ സ്വദേശിനി അക്ഷര (29) മരിച്ചത്. ജിമ്മില്‍ പോയി മടങ്ങുന്നതിനിടെയായിരുന്നു അക്ഷരയെ ബസ് ഇടിച്ചത്. വീതി കുറഞ്ഞ റോഡിന്റെ അരികുചേര്ന്നായിരുന്നു അക്ഷര നടന്നിരുന്നത്. ഇതിനിടെ ബസ് ഇടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ അക്ഷര മരിച്ചു. അപകടത്തിന് പിന്നാലെ ഡ്രൈവര്‍ ബിനോയ്യെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് നടത്തിയ പരിശോധനയിൽ ഡ്രൈവര്‍ ഏഴോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് കണ്ടെത്തി. തോപ്പുംപടി പൊലീസ് സ്റ്റേഷനില്‍ രണ്ട് വീതം ലഹരി മരുന്ന് കേസുകളും അടിപിടി കേസുകളുമുണ്ട്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലും ലഹരി കേസുണ്ട്. ഇതിന് പുറമേ വാഹനാപകട കേസും ഇയാൾക്കെതിരെയുണ്ട്.
പ്രതിക്കെതിരെ ക്രിമിനല്‍ കേസുകളുള്ളത് ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഹൈക്കോടതി ഉന്നയിച്ചത്. അപകടമുണ്ടാക്കുന്ന സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ റോഡുകളിലെ തമ്പുരാക്കന്മാരല്ലെന്നും കാലന്മാരാണെന്നും കോടതി പറഞ്ഞിരുന്നു. ബസുകള്‍ പിന്നില്‍ നിന്ന് ഉച്ചത്തില്‍ ഹോണ്‍ മുഴക്കി മറ്റുള്ളവരെ പേടിപ്പിച്ച് ഓടിക്കുകയാണ്. അവര്‍ വരുമ്പോള്‍ മറ്റുള്ളവര്‍ മാറിപ്പോകണം എന്നാണ്. അവര്‍ എവിടെയാണ് നിയമത്തെ ഭയക്കുന്നത്. വീട്ടില്‍ തിരിച്ചെത്തുമെന്ന് നമുക്ക് എന്തുറപ്പാണുള്ളത്. ഭ്രാന്ത് പിടിച്ചതുപോലെയാണ് ഡ്രൈവര്‍മാര്‍ ബസ് ഓടിക്കുന്നത്. സാധാരണ മനുഷ്യര്‍ എന്തുചെയ്യുമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
അക്ഷരയുടെ മരണത്തില്‍ പ്രതികരിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ക്രിമിനലുകളാണോ ജീവനക്കാരാണോ എന്ന് ബസ് ഉടമകള്‍ ചിന്തിക്കണമെന്ന് അക്ഷരയുടെ പിതാവ് ഓമനക്കുട്ടൻ വരുണ്‍ പറഞ്ഞിരുന്നു. ജനങ്ങളുടെ സുരക്ഷ പരിഗണിക്കണം. തങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താനാവാത്തതാണെന്നും പിതാവ് പറഞ്ഞിരുന്നു. ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂവെന്നും ഇനിയാര്‍ക്കും ഈ ഗതി വരരുതെന്നും ഭർത്താവ് വരുണും പറഞ്ഞിരുന്നു.
Content Highlights- Police have attributed the accident that led to Akshara's death to serious negligence by the driver. They have recommended lifelong cancellation of the driver's driving licence, highlighting the seriousness of the alleged driving error.