പൊലീസ് പൊളിച്ച സ്ഥലത്ത് പുതിയ പന്തല്‍കെട്ടി DYFI; LPST ഉദ്യോഗാര്‍ത്ഥി ജയകൃഷ്ണന്‍ നിരാഹാര സമരം പുനരാരംഭിച്ചു

പൊലീസ് സമരപ്പന്തൽ പൊളിച്ച് ഒരു മണിക്കൂര്‍ തികയുന്നതിന് മുമ്പേ തന്നെ സമരപ്പന്തല്‍ കെട്ടുകയായിരുന്നു

തിരുവനന്തപുരം: എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരപ്പന്തല്‍ പൊളിച്ച് സമര നേതാവ് വളര്‍മതിയെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ സമരപ്പന്തല്‍ പുനസ്ഥാപിച്ച് ഡിവൈഎഫ്‌ഐ. പൊലീസ് സമരപ്പന്തൽ പൊളിച്ച് ഒരു മണിക്കൂര്‍ തികയുന്നതിന് മുമ്പേ തന്നെ സമരപ്പന്തല്‍ കെട്ടുകയായിരുന്നു. എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥി ജയകൃഷ്ണന്‍ നിരാഹാര സമരം പുനരാരംഭിച്ചു.

നേരത്തെ രണ്ട് തവണ പൊലീസ് സമരക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. 24 മണിക്കൂറിനകം സമരപ്പന്തല്‍ പൊളിച്ച് മാറ്റണമെന്നും അല്ലാത്ത പക്ഷം നിയമനടപടിയുണ്ടാകുമെന്നുമായിരുന്നു നിര്‍ദേശം. എന്നാല്‍ രാത്രിയായതോടെ അപ്രതീക്ഷിതമായി പൊലീസുകാരെത്തി ബലം പ്രയോഗിച്ച് വളര്‍മതിയെ ആശുപത്രിയിലേക്ക് നീക്കുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് സമരപ്പന്തല്‍ പൊളിക്കുകയും ചെയ്തു.

സാധാരണയായി എല്ലാ ദിവസവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്താറുണ്ട്. എന്നാല്‍ ഇവര്‍ പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് പൊലീസ് എത്തിയത്. പൊലീസ് സമരപ്പന്തലും ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളുമടക്കം ഇവിടെ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

പൊലീസ് നടപടിയില്‍ പ്രതിഷേധവുമായി നിരവധി നേതാക്കളും രംഗത്തെത്തി. അങ്ങേയറ്റം നീചവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് സിപിഐഎം നോതാവ് കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. വി ഡി സതീശന്‍ എന്ന മുഖ്യമന്ത്രിയുടെ അവസരവാദത്തിന്റെയും വിശ്വാസവഞ്ചനയുടെയും വാഗ്ദാന ലംഘനത്തിന്റെയും നേര്‍ചിത്രമാണിത്. നിങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് സതീശന്‍ തന്നെ നേരിട്ട് ഉറപ്പു നല്‍കി തെരഞ്ഞെടുപ്പില്‍ വോട്ട് നേടിയതിനു ശേഷം ഉദ്യോഗാര്‍ത്ഥികളെ യാതൊരു ലജ്ജയുമില്ലാതെ വഞ്ചിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നിയമസഭ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വാഗ്ദാനങ്ങളിലൂടെ പ്രതീക്ഷകള്‍ നല്‍കി അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍, ഇന്ന് വാഗ്ദാനം ലംഘിക്കുകയാണെന്ന് മുന്‍ മന്ത്രിയും എംഎൽഎയുമായ പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. അന്ന് വാഗ്ദാനങ്ങള്‍ നടത്തി, ഇന്ന് സമരക്കാര്‍ക്ക് നേരെ പൊലീസ് നടപടിയെടുത്തുവെന്നും റിയാസ് വിമര്‍ശിച്ചു.

Content Highlights: DYFI has reinstated the LPST candidates' protest tent after police dismantled it and shifted protest leader Valarmathi to hospital. Meanwhile, candidate Jayakrishnan has begun a hunger strike, vowing to continue the protest demanding justice

To advertise here,contact us