LPST ഉദ്യോഗാര്‍ത്ഥികളുടെ സമരം: വളര്‍മതിയെ ബലം പ്രയോഗിച്ച് മാറ്റി പൊലീസ്; സമരപ്പന്തല്‍ പൊളിച്ചു

നിരാഹാര സമരം മറ്റൊരാള്‍ ഏറ്റെടുക്കുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു

തിരുവനന്തപുരം: എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ രാത്രിയില്‍ പൊലീസിന്റെ മിന്നല്‍ നീക്കം. സമരപ്പന്തല്‍ പൂര്‍ണമായും പൊളിച്ചുനീക്കി. നിരാഹാര സമരം നടത്തിയിരുന്ന വളര്‍മതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. സമരം ആരംഭിച്ച് 129-ാം ദിവസമാണ് സമരപ്പന്തല്‍ പൊലീസ് പൊളിച്ചത്. നിരാഹാര സമരം മറ്റൊരാള്‍ ഏറ്റെടുക്കുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു.

രാത്രി 9.20 ഓടെയാണ് പൊലീസ് സംഘം സമരപ്പന്തലിലേക്ക് ഇരച്ചെത്തിയത്. തുടര്‍ന്ന് വളര്‍മതിയെ ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. 'വാക്ക് പാലിക്കാതെ വി ഡി സതീശന്‍, വളര്‍മതിക്ക് ഐക്യദാര്‍ഢ്യം' എന്നെഴുതി സെക്രട്ടറിയേറ്റിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡ് പൊലീസ് നീക്കി. ഇതിന് പിന്നാലെ സമരപ്പന്തല്‍ പൊളിച്ചുനീക്കുകയായിരുന്നു.

ഇതിനിടെ സമരം തുടരുമെന്ന് എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ പ്രഖ്യാപിച്ചു. വളര്‍മതിക്ക് പകരം മറ്റൊരു ഉദ്യോഗാര്‍ത്ഥി നിരാഹാരം ആരംഭിക്കുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. കൊന്നാലും സമരം തുടരുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു.

Content Highlights- Police forcibly removed Valarmathi during the ongoing protest by LPST candidates in Kerala. The police also dismantled the protest tent at the site. The incident occurred amid the candidates' agitation over their demands.

To advertise here,contact us