തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫുമായി കൂടികാഴ്ച നടത്തി കെഎസ്ഇബി ചെയര്മാന് എന്‍ പ്രശാന്ത്. മന്ത്രിയുടെ അതൃപ്തി തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയിൽ കെഎസ്ഇബിയുടെ നിലവിലെ സാഹചര്യം വിശദീകരിക്കുകയും വൈദ്യുതി പ്രതിസന്ധി ചര്‍ച്ചയാവുകയും ചെയ്തു. കെഎസ്ഇബിയുടെ പുതിയ പദ്ധതികളും ചര്‍ച്ച ചെയ്തു.
വൈദ്യുതി കരാർ വിഷയത്തിൽ മുഖ്യമന്ത്രിയും മന്ത്രിയും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. കെഎസ്ഇബി ചെയര്മാന് നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത് അതൃപ്തി വർധിക്കുന്നതിനും കാരണമായി. ഇതിന് പിന്നാലെയാണ് കെഎസ്ഇബി ചെയര്മാൻ മന്ത്രിയെ കാണാനെത്തിയത്. കൂടിക്കാഴ്ച്ച. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു.
അതേസമയം ജിഎന്എയുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന് ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വൈദ്യുതി പ്രതിസന്ധിയുണ്ടാവില്ലെന്ന് കെഎസ്ഇബി മുഖ്യമന്ത്രിക്ക് ഉറപ്പ് നല്കിയ സാഹചര്യത്തിലാണ് നീക്കം. വൈദ്യുതി ഉപഭോഗം കുറഞ്ഞതും, കൂടുതല്‍ ഉത്പ്പാദിപ്പിക്കാന്‍ കഴിഞ്ഞതും ചൂണ്ടിക്കാട്ടിയാണ് പ്രതിസന്ധിയുണ്ടാവില്ലെന്ന് വ്യക്തമാക്കിയത്. ഇതോടെ വിവാദമായ ജിഎന്എയില് നിന്ന് തത്ക്കാലം വൈദ്യുതി വാങ്ങേണ്ടന്ന തീരുമാനം എടുത്തിരിക്കുകയാണ്.
ഇപ്പോള്‍ വൈദ്യുതി ആവശ്യമില്ലെന്ന് വൈദ്യുതി മന്ത്രി പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 'ഇപ്പോള്‍ ആവശ്യമില്ല. എന്നാല്‍ അടുത്ത മാസങ്ങളില്‍ ആവശ്യം വരും. പ്ലാനിങ് ഇല്ലാത്തതിനാലാണ് സംസ്ഥാനത്ത് പവര്‍ക്കട്ട് പോലും വന്നത്. വൈദ്യുതിക്ക് വിലകുറവുണ്ടാകുമ്പോള് ദീര്‍ഘകാല കരാര്‍ ഉണ്ടാക്കാത്തതാണ് കഴിഞ്ഞ സര്‍ക്കാര്‍ ചെയ്ത കുറ്റകൃത്യം', മുഖ്യമന്ത്രി പറഞ്ഞു.
ജിഎന്എയില് നിന്ന് വൈദ്യുതി വാങ്ങിയാല്‍ കേരളത്തിന് അഞ്ച് മാസം കൊണ്ട് 903 കോടി നഷ്ടമുണ്ടാകുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ജിഎന്‍എ പ്ലാറ്റ്ഫോമിന് വൈദ്യുതി വില്‍ക്കാനുള്ള കേന്ദ്ര വൈദ്യതി നിയന്ത്രണ കമ്മീഷന്റെ അംഗീകാരമില്ലെന്നും കെഎസ്ഇബി കൊമേഴ്സല്‍ ആന്റ് താരിഫ് ചീഫ് എഞ്ചിനീയര്‍ ചെയര്മാന് കൊടുത്ത റിപ്പോര്‍ട്ടിലുണ്ട്. അതേസമയം മുന്‍ കെഎസ്ഇബി ചെയര്മാന് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: KSEB Chairman N Prasanth met Electricity Minister Sunny Joseph to discuss Kerala’s power situation and new projects. The meeting comes amid controversy over the proposed GNA power purchase deal, which the government has decided to put on hold for now, citing no immediate power shortage.