ചർച്ച വിജയം: ഓട്ടോ, ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു, ജനുവരി 1 മുതല്‍ പുതിയ നിരക്കുകള്‍

ട്രേഡ് യുണിയനുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടത്താനിരുന്ന ഓട്ടോ, ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു. സംയുക്ത ട്രേഡ് യുണിയനുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ച ധാരണയായതിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. നിലവിലെ മിനിമം ചാര്‍ജായ 30 രൂപ എന്നത് മിനിമം 50 രൂപ ആക്കി ഉയര്‍ത്തണമെന്നായിരുന്നു യൂണിയനുകളുടെ ആവശ്യം. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇതോടെ ജനുവരി 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

നിരക്ക് വര്‍ധനവിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിക്കും. യൂണിയനുകള്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ കമ്മീഷന്റെ അന്വേഷണ സമത്ത് അറിയിക്കാമെന്നാണ് ധാരണ. കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും എത്ര രൂപയാണ് വര്‍ധിപ്പിക്കേണ്ടത് എന്ന് നിശ്ചയിക്കുക. നിരക്ക് വര്‍ധന കൂടാതെ ഡ്രൈവര്‍മാര്‍ക്ക് വിശ്രമ മുറി ഒരുക്കുക, മഞ്ഞ ബോര്‍ഡ് ഇല്ലാതെ ഓടുന്ന ടൂ വീലര്‍ ടാക്സികൾ നിയന്ത്രിക്കുക, ഡ്രൈവര്‍മാര്‍ക്ക് ഇഎസ്‌ഐ അനുവദിക്കുക എന്നീ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

ഓട്ടോ ടാക്സി നിരക്കുകൾ 2022 ഏപ്രിൽ 26നാണ് ഏറ്റവും ഒടുവിൽ പരിഷ്കരിച്ച് ഗവൺമെന്റ് പ്രഖ്യാപനം ഇറക്കിയത്. അത് പരിഷ്കരിക്കേണ്ട ആവശ്യമുണ്ട് എന്ന എല്ലാ യൂണിയനുകളുടെയും ആവശ്യം തത്വത്തിൽ സർക്കാർ അംഗീകരിച്ചുവെന്ന് മന്ത്രി സി പി ജോൺ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ വളരെ വേഗം കമീഷനെ നിയമിക്കാനും തീരുമാനമുണ്ട്. 2027 ആകുമ്പോൾ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. അതിനാവശ്യമായ നടപടികളുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. ഓട്ടോറിക്ഷ ഡ്രൈവർമാർക്കും ടാക്സി ഡ്രൈവർമാർക്കും ഇഎസ്ഐ ഏർപ്പെടുത്തുന്ന കാര്യത്തിൽ അനുഭാവപൂർണ്ണമായ നടപടി എടുക്കും. ദേശീയപാത നിലവിൽ വന്നതിന്റെ അടിസ്ഥാനത്തിൽ ഒരുപാട് ഓട്ടോ- ടാക്സി സ്റ്റാൻഡുകൾ അപ്രത്യക്ഷമായിട്ടുണ്ട്. ആ സ്റ്റാൻഡുകൾ പുനഃസ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.

Content Highlights: The auto and taxi strike has been withdrawn, and new revised fare rates will come into effect from January 1

To advertise here,contact us