രേഖകൾ നഷ്ടപ്പെട്ട് ഇറാനിൽ കുടുങ്ങിയ അക്ഷയ്ക്ക് ആശ്വാസം: നാളെ നാട്ടിലേക്ക് മടങ്ങാം

ഇന്ത്യൻ എംബസി അക്ഷയ്‌യെ നേരിട്ട് ബന്ധപ്പെടുകയും നാട്ടിലേക്ക് മടങ്ങാനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തു

കൊല്ലം: പാസ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് ഇറാനിൽ കുടുങ്ങിയ മലയാളി യുവാവ് അക്ഷയ് ഹരീഷ് നാളെ നാട്ടിലേക്ക് മടങ്ങും. അക്ഷയ്ക്ക് യാത്ര ചെയ്യാനുള്ള രേഖകളെല്ലാം നാളെ തന്നെ നൽകും. തുടർന്ന് നാളെ തന്നെ നാട്ടിലേക്ക് മടങ്ങാനുള്ള ക്രമീകരണങ്ങൾ ഒരുക്കും. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണിത്. ഇന്ത്യൻ എംബസി അക്ഷയ്‌യെ നേരിട്ട് ബന്ധപ്പെടുകയും നാട്ടിലേക്ക് മടങ്ങാനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തു.

അലി ഷിപ്പിംഗ് കമ്പനിയുടെ പാം മറൈൻ എന്ന കപ്പലിൽ വാച്ച് കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു കൊല്ലം സ്വദേശിയായ 22 കാരൻ അക്ഷയ് ഹരീഷ്. പാക്ക് തുറമുഖത്ത് എത്തിയശേഷം വെരിഫിക്കേഷനുവേണ്ടി പാസ്പോർട്ടും മറ്റ് രേഖകളും നൽകിയിരുന്നു. എന്നാൽ വെരിഫിക്കേഷൻ കഴിഞ്ഞ് രേഖകൾ ക്യാപ്റ്റനെ ഏൽപ്പിച്ചുവെന്ന് കരുതിയ അക്ഷയ് തിരികെ ഇറാനിൽ എത്തിയപ്പോഴാണ് രേഖകൾ ക്യാപ്റ്റന്റെ കൈവശമില്ലെന്നും നഷ്ടമായെന്നും മനസ്സിലാക്കുന്നത്. അക്ഷയ്‌യുടെ കൂടെയുണ്ടായിരുന്ന മറ്റ് ആറ് മ്യാൻമർ പൗരന്മാർക്കും യാത്രാ രേഖകൾ നഷ്ടപ്പെട്ടിരുന്നു.

മകനെ രക്ഷിക്കാൻ ഇടപ്പെട്ടതിൽ സുരേഷ് ഗോപിയോട് അക്ഷയ്‌യുടെ അമ്മ നന്ദിയറിച്ചിരുന്നു. ആഴ്ചകളോളം കപ്പലിൽ കുടുങ്ങിയ അക്ഷയ് ഉൾപ്പെടെയുള്ള ഏഴ് പേരെയും ഹോട്ടലിലേക്ക് മാറ്റിയിരുന്നു. മ്യാൻമർ സ്വദേശികൾ രണ്ട് ദിവസം മുൻപ് നാട്ടിലേക്ക് മടങ്ങി. ഇനി അക്ഷയ് മാത്രമാണ് ബാക്കിയുള്ളത്. മുഖ്യമന്ത്രി, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി, കേന്ദ്ര വിദേശകാര്യ മന്ത്രി എന്നിവർ അക്ഷയ്‌യെ സുരക്ഷിതമായി നാട്ടിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നു. കൊല്ലം പ്രാക്കുളം സ്വദേശി ഹരീഷിന്റെയും സരിത ഹരീഷിന്റെയും മകനാണ് അക്ഷയ്.

Content Highlights:Akshay, who was stranded in Iran after losing his travel documents, has received relief. Following the completion of the necessary procedures, he is expected to return to Kerala tomorrow.

To advertise here,contact us