'17കാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണം'; ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിൽ

പ്രതിയുടെ പിതാവ് ഉന്നത സ്വാധീനമുള്ള ജുഡീഷ്യല്‍ ഓഫീസറാണ്. തെളിവ് നശിപ്പിക്കപ്പെടാമെന്നും കുടുംബം ചൂണ്ടിക്കാട്ടി

കൊച്ചി: ചേരാനല്ലൂരില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയില്‍. ജയബാലകൃഷ്ണനെ വാഹനം ഇടിച്ച പതിനേഴുകാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണം എന്നാണ് ആവശ്യം. ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട കേസാണിത്. ജാമ്യം നല്‍കി പ്രതിയെ വിട്ടത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യും. പ്രതിയെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ അയക്കണം. കേവലം അശ്രദ്ധമൂലമല്ല അപകടമുണ്ടായത്. മനുഷ്യ ജീവന് വിലകല്‍പ്പിക്കാത്ത മനോഭാവമാണ് പ്രതി കാട്ടിയത്. പ്രതിയുടെ പിതാവ് ഉന്നത സ്വാധീനമുള്ള ജുഡീഷ്യല്‍ ഓഫീസറാണ്. തെളിവ് നശിപ്പിക്കപ്പെടാമെന്നും കുടുംബം ചൂണ്ടിക്കാട്ടി.

പതിനേഴുകാരന് ജാമ്യം നല്‍കിയതിനെതിരെ ജയബാലകൃഷ്ണന്റെ കുടുംബം അടക്കം നല്‍കിയ അപ്പീലുകള്‍ നേരത്തേ എറണാകുളം പ്രത്യേക സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.

പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു പതിനേഴുകാരന് ജാമ്യം നല്‍കിയതിനെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ എറണാകുളം പ്രത്യേക സെഷന്‍സ് കോടതി തള്ളിയത്. അപ്പീലുകളില്‍ ഗുരുതര വീഴ്ചയുള്ളതായി കോടതി നിരീക്ഷിച്ചിരുന്നു. പിഴ ചുമത്താതിരിക്കാന്‍ പ്രോസിക്യൂഷന്‍ കാരണം ബോധിപ്പിക്കണമെന്ന് കോടതി പറഞ്ഞിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കോടതി ചോദിച്ചിരുന്നു. ഗുരുതര കുറ്റം അല്ലെങ്കില്‍ ജുവനൈലിനെതിരെ എഫ്‌ഐആര്‍ ഇടാനാകില്ല. ജുവനൈല്‍ കേസുകളില്‍ കുറഞ്ഞത് ഏഴ് വര്‍ഷം തടവ് കിട്ടുന്ന കുറ്റങ്ങള്‍ക്ക് മാത്രമേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്നും കോടതി പറഞ്ഞിരുന്നു.

അതേസമയം കേസിലെ പ്രതിയും പതിനേഴുകാരന്റെ പിതാവുമായ ജഡ്ജി നാളെ മുതല്‍ കോടതിയിലെത്തും. ഇത് സംബന്ധിച്ച ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിറങ്ങി. വാഹനാപകടക്കേസുകളാണ് ജഡ്ജി പരിഗണിക്കുന്നത്. കേസില്‍ ജഡ്ജിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അപകടമുണ്ടായതിന് പിന്നാലെ ജഡ്ജി കോടതിയില്‍ ഹാജരായിരുന്നില്ല.

ഒക്ടോബര്‍ 25 പുലര്‍ച്ച രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. ഇതിന് പിന്നാലെ പതിനേഴുകാരനെ കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിക്കാനുള്ള ആഗ്രഹം കാരണം വീട്ടുകാരുടെ അറിവില്ലാതെയാണ് താന്‍ വാഹനവുമായി പുറത്തിറങ്ങിയതെന്നായിരുന്നു കുട്ടി പൊലീസിന് നല്‍കിയ മൊഴി. ഇരുട്ടും മഴയുമുള്ള സമയമായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കണ്ടിരുന്നില്ല. സ്‌കൂട്ടര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും പതിനേഴുകാരന്‍ മൊഴി നല്‍കിയിരുന്നു. പൊലീസ് പിന്നീട് പതിനേഴുകാരനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരെ ജയബാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തുകയും ചെയ്തിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് കടുത്ത നടപടയിലേക്ക് പോലും കടന്നത്. ഇതിന് പിന്നാലെ രാത്രി വൈകിയാണ് 17കാരനെതിരെ നരഹത്യാവകുപ്പ് ചുമത്തിയത്.

Content Highlights- Jayabalakrishnan's family has approached the Kerala High Court seeking cancellation of the bail granted to a 17-year-old accused. The family has challenged the bail order and requested the court to revoke it.

To advertise here,contact us