EMSന്റെ മകൾ രാധയെ CPIM അവഗണിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതം, ചികിത്സാ ചെലവ് പാർട്ടി നോക്കുന്നുണ്ട്: വി ജോയ്

'ദിവസങ്ങള്‍ക്ക് മുന്‍പ് രാധ ചേച്ചിയെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു', വി ജോയ് പറഞ്ഞു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്റെ മകള്‍ ഇ എം രാധയെ സിപിഐഎം അവഗണിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ വി ജോയ്. ദിവസങ്ങള്‍ക്ക് മുന്‍പ് രാധ ചേച്ചിയെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. ആ സമയത്ത് ഐസിയുവില്‍ ആയിരുന്നു. ആരെയും അകത്തേയ്ക്ക് പ്രവേശിപ്പിച്ചിരുന്നില്ല. സിടി സ്‌കാന്‍ എടുക്കാന്‍ പുറത്തിറങ്ങിയ സമയത്ത് കണ്ടിരുന്നുവെന്നും വി ജോയ് പറഞ്ഞു.

റിപ്പോര്‍ട്ടറിനോടായിരുന്നു വി ജോയ്‌യുടെ പ്രതികരണം.

'എട്ടോ ഒന്‍പതോ ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു രാധ ചേച്ചിയെ കണ്ടത്. കാണുന്ന സമയത്ത് ആരോഗ്യം മെച്ചമായിരുന്നില്ല. എന്തോ വിഷമമുള്ളതായിട്ട് തോന്നിയിരുന്നു. ആ സമയം രാധ ചേച്ചിയുടെ ഭര്‍ത്താവ് ഗുപ്തനും ഒപ്പമുണ്ടായിരുന്നു. രാധ ചേച്ചിയുടെ ചികിത്സാ ചെലവ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് നോക്കുന്നുണ്ടായിരുന്നുവെന്നും വി ജോയ് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകനായ റിഷി കമാല്‍ മനോജ് ഇ കെ രാധയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഫേസ്ബുക്കില്‍ഔരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇഎംഎസിന്റെ മകള്‍ രാധ കടുത്ത രോഗബാധയില്‍ തിരുവനന്തപുരത്ത് ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്നതായി ഒരു കുടുംബ സുഹൃത്ത് വിളിച്ച് പറഞ്ഞുവെന്നാണ് റിഷി കമാല്‍ ഫേസ്ബുക്കിലെ കുറിപ്പില്‍ പറഞ്ഞത്. രാധയുടെ ആരോഗ്യനില മോശമാണെന്നാണ് അറിഞ്ഞതെന്നും സാമ്പത്തിക പ്രയാസങ്ങളും നേരിടുന്നുവെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. ഭര്‍ത്താവ് ഗുപ്തനും കലശലായ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് കാര്യമായ കരുതലൊന്നുമില്ലെന്ന പരിഭവവും കുടുംബത്തിനുണ്ടെന്നാണ് സുഹൃത്ത് വഴി അറിയാന്‍ കഴിഞ്ഞതെന്നും കുറിപ്പിലുണ്ടായിരുന്നു.

'സിപിഐഎമ്മിന്റെ ഏറ്റവും വലിയ താത്വികാചാര്യനായ ഇഎംസിന്റെ കുടുംബത്തിലെ ഒരാള്‍ ഗുരുതരമായ രോഗശയ്യയിലായിട്ടും പാര്‍ട്ടി അതറിയാതെ പോകുന്നത് ഖേദകരമാണ്. ഇ എം രാധ ദേശാഭിമാനിയിലും ചിന്തയിലുമായി ഏറെ നാള്‍ പ്രവര്‍ത്തിച്ച് പാര്‍ട്ടിയുടെ ഭാഗമായി നിന്ന സഖാവാണ്. ഇപ്പോള്‍ അവര്‍ നേരിടുന്ന അവഗണന പാര്‍ട്ടി പ്രവര്‍ത്തകരെയും അനുയായികളെയും വിഷമിപ്പിക്കുന്നതാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വയോജന വകുപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്ന വനിതാ മന്ത്രി ഇ എം രാധയുടെ ചികിത്സാ സഹായ അപേക്ഷ നിരസിച്ചിരുന്നതായും കേള്‍ക്കുന്നു. അത് സത്യമാണെങ്കില്‍ ക്ഷമിക്കാവുന്ന കാര്യമല്ല. തിരുവനന്തപുരത്തെ പാര്‍ട്ടി നേതാക്കളെങ്കിലും വേഗം ഇടപെടേണ്ടുന്ന ഗൗരവ വിഷയമാണിത്', എന്നും റിഷി കമാല്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.

Content Highlights- V Joy told Reporter that allegations of CPI(M) neglecting EMS's daughter E M Radha are baseless. He stated that the party is taking responsibility for her medical treatment expenses.

To advertise here,contact us