തിരുവനന്തപുരം: ഹരിയാനയിലെ ജിഎന്എയില് നിന്ന് വൈദ്യുതി വാങ്ങുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച സമയത്ത് ഫയല്‍ ധനവകുപ്പിന് മുന്നില്‍ എത്തിയിരുന്നില്ല. ഒക്ടോബര്‍ 24ന് തുറന്ന ഫയല്‍ വൈദ്യുതി വകുപ്പിന് പുറമേ എത്തിയത് മുഖ്യമന്ത്രിക്ക് മാത്രം. വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, ചീഫ് സെക്രട്ടറി, കെഎസ്ഇബി ചെയര്മാന് എംജി രാജമാണിക്യം എന്നിവരാണ് ഫയല്‍ കണ്ടത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്ന തീരുമാനം ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി നേടാതെ എടുക്കരുതെന്നാണ് ചട്ടം. 1,566 കോടി രൂപയുടെ ഇടപാടായിട്ട് പോലും ധനവകുപ്പിലെ ഒറ്റ ഉദ്യോഗസ്ഥന് പോലും തീരുമാനം എടുക്കുന്നതുവരെ ഫയല്‍ കണ്ടിട്ടില്ല.
ജിഎന്എയില് നിന്ന് വൈദ്യുതി വാങ്ങിയാല്‍ കേരളത്തിന് അഞ്ച് മാസം കൊണ്ട് 903 കോടി നഷ്ടമുണ്ടാകുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ജിഎന്‍എ പ്ലാറ്റ്ഫോമിന് വൈദ്യുതി വില്‍ക്കാനുള്ള കേന്ദ്ര വൈദ്യതി നിയന്ത്രണ കമ്മീഷന്റെ അംഗീകാരമില്ലെന്നും കെഎസ്ഇബി കൊമേഴ്സല്‍ ആന്റ് താരിഫ് ചീഫ് എഞ്ചിനീയര്‍ ചെയര്മാന് കൊടുത്ത റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം GNA യില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് തൽക്കാലം പിന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വൈദ്യുതി പ്രതിസന്ധിയുണ്ടാവില്ലെന്ന് കെഎസ്ഇബി മുഖ്യമന്ത്രിക്ക് ഉറപ്പ് നല്കിയ സാഹചര്യത്തിലാണ് നീക്കം. വൈദ്യുതി ഉപഭോഗം കുറഞ്ഞതും, കൂടുതല്‍ ഉത്പ്പാദിപ്പിക്കാന്‍ കഴിഞ്ഞതും ചൂണ്ടിക്കാട്ടിയാണ് പ്രതിസന്ധിയുണ്ടാവില്ലെന്ന് വ്യക്തമാക്കിയത്. ഇതോടെ വിവാദമായ ജിഎന്എയില് നിന്ന് തത്ക്കാലം വൈദ്യുതി വാങ്ങേണ്ടന്ന തീരുമാനം എടുത്തു. അതേസമയം മുന്‍ കെഎസ്ഇബി ചെയര്മാന് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കണമെന്ന നിലപാടും മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു.
Content Highlights: The file related to Kerala's proposed electricity purchase from Haryana-based GNA had not reached the Finance Department when Chief Minister V D Satheesan announced the decision