ജിഎന്‍എ കരാര്‍: ജുഡീഷ്യല്‍ അന്വേഷണം വേണം, മുഖ്യമന്ത്രിയുള്‍പ്പെടെ അന്വേഷണ പരിധിയില്‍ വരണം; സിപിഐഎം

മുഖ്യമന്ത്രിയുടെ പവര്‍ ഗ്രൂപ്പാണ് കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതെന്നും എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ജിഎന്‍എ വൈദ്യുതി കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും അന്വേഷണ പരിധിയില്‍ വരണം. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. തട്ടിപ്പ് പിടിക്കപ്പെട്ടപ്പോഴാണ് സര്‍ക്കാര്‍ കരാറില്‍ നിന്ന് പിന്‍വാങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു. ഫയലുകളെല്ലാം ജനങ്ങള്‍ക്ക് കാണാവുന്ന തരത്തില്‍ പുറത്തുവിടണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിയുടെ പവര്‍ ഗ്രൂപ്പാണ് കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. മന്ത്രിയെ മറികടന്നാണ് നീക്കങ്ങള്‍ നടക്കുന്നത്. മുഖ്യമന്ത്രി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കരാറിനെ കുറിച്ച് സണ്ണി ജോസഫിന് അറിവില്ല എന്ന് പരസ്യമായി തന്നെ പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നാണ് വൈദ്യുതി മന്ത്രി പറഞ്ഞത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം തകര്‍ന്നു. അഴിമതി നടത്താനുള്ള മേഖലകള്‍ മുഖ്യമന്ത്രി കണ്ടെത്തുകയാണ്. വ്യക്തമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാരാകണം. വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രതിസന്ധി ഉണ്ടാകുമെന്ന പ്രചാരണം മുഖ്യമന്ത്രി തന്നെ നടത്തിയെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

സര്‍വകലാശാലകളില്‍ സ്വകാര്യവല്‍ക്കരണത്തിനുള്ള നീക്കമാണ് നടക്കുന്നതെന്നും സിപിഐഎം വിമര്‍ശനമുണ്ട്. പണമുള്ളവര്‍ക്ക് മാത്രം പഠിക്കാന്‍ കഴിയുന്ന അവസ്ഥയായി മാറും. എല്‍ഡിഎഫ് സര്‍ക്കാര്‍ സാമൂഹ്യനീതി ഉറപ്പാക്കിയാണ് ഇടപെട്ടത്. എന്നാല്‍ കോഴ്‌സുകള്‍ക്ക് എന്‍ഒസി പോലും വേണ്ട എന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പിഎസ്‌സിയെ കളങ്കപ്പെടുത്താന്‍ ചില മാധ്യമങ്ങളുടെ ബോധപൂര്‍വ്വമുള്ള പ്രചാരവേല നടക്കുകയാണ്. സര്‍ക്കാരും അതേവഴിക്ക് നീങ്ങുന്നു. നല്ല നിലയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്ത ഒരാളാണ് പിഎസ്‌സി ചെയര്‍മാന്‍. പിഎസ്‌സി ചെയര്‍മാനെ കേസില്‍ ഉള്‍പ്പെടുത്തി ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്നാണ് കരുതുന്നത്. പിഎസ്‌സി ചെയര്‍മാന്‍ വായ തുറക്കേണ്ട ഘട്ടത്തില്‍ തുറക്കും. ഹൈക്കോടതിയില്‍ കേസുള്ളത് കൊണ്ടാണ് ചെയര്‍മാന്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തതാണെന്നാണ് കരുതുന്നതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഇല്ലാത്ത വൈദ്യുതി പ്രതിസന്ധിയുടെ പേരില്‍ ജനങ്ങള്‍ക്ക് മേല്‍ വന്‍ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്‍കിയ അഴിമതിയാണ് ജിഎന്‍എ കരാറെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതികരിച്ചത്. അതില്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പവര്‍കട്ട് ഭീതിയിലാഴ്ത്തി നടപ്പിലാക്കാന്‍ ശ്രമിച്ച വന്‍ കൊള്ളയാണ് ജിഎന്‍എ കരാര്‍ റദ്ദാക്കലിലൂടെ സ്ഥിരീകരിക്കപ്പെട്ടത്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാട് പൂര്‍ണമായും ശരിയാണെന്ന് ഇതോടെ തെളിഞ്ഞു. ക്രമക്കേടുകള്‍ തെളിവുസഹിതം പ്രതിപക്ഷവും മാധ്യമങ്ങളും തുറന്നുകാട്ടിയപ്പോള്‍ മാത്രമാണ് പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Content Highlights: CPIM has called for a judicial investigation into the GNA electricity contract, demanding that the Chief Minister and others be included within its scope

To advertise here,contact us