ഇനി ബിരുദാനന്തര ബിരുദം മതി; സ്‌കോൾ കേരളയിൽ പ്രധാന പദവികളിലെ യോഗ്യതയിൽ വെള്ളം ചേർത്ത് സർക്കാർ

വൈസ് ചെയർമാൻ, എക്സിക്യൂട്ടീവ് ഡയറക്ടർ പദവികൾ നേരത്തെ പിഎച്ച്ഡിയും 15 വർഷത്തെ അധ്യാപന പരിചയവും ഉള്ളവർക്ക് മാത്രമായിരുന്നുവെങ്കിൽ ഇനിമുതൽ ബിരുദാനന്തര ബിരുദം മതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ കേരളയിൽ പ്രധാന പദവികളിലെ യോഗ്യതയിൽ വെള്ളം ചേർത്ത് സർക്കാർ. വൈസ് ചെയർമാൻ, എക്സിക്യൂട്ടീവ് ഡയറക്ടർ പദവികൾ നേരത്തെ പിഎച്ച്ഡിയും 15 വർഷത്തെ അധ്യാപന പരിചയവും ഉള്ളവർക്ക് മാത്രമായിരുന്നുവെങ്കിൽ ഇനിമുതൽ ബിരുദാനന്തര ബിരുദം മതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിലാണ് ഈ വിചിത്ര നീക്കം. വിദ്യാഭ്യാസ വകുപ്പിൽ ഗുണനിലവാരം കൂട്ടുന്നതിൻ്റെ ഭാഗമായി യോഗ്യതകൾ കൂട്ടി നിശ്ചയിക്കുന്നത് കാണാറുണ്ട്. എന്നാൽ നിലവിലുള്ള യോഗ്യതയിൽ വെള്ളം ചേർക്കുന്നത് സംസ്ഥാനത്ത് അപൂർവ്വമാണ്. നിലവിൽ സ്കൂൾ കേരളയിലെ വൈസ് ചെയർമാൻ പദവിക്ക് പിഎച്ച്ഡി നിർബന്ധമായിരുന്നു. എന്നാൽ അത് നീക്കുകയും പകരം ബിരുദാനന്തര ബിരുദമാക്കുകയും ചെയ്തു.

പ്ലസ് ടു വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വകുപ്പിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽമാർക്ക് ഒരു മുൻഗണനയും ഇല്ല. അവിടെയും ഹെഡ്മാസ്റ്റർ അല്ലെങ്കിൽ ഹെഡ്മിസ്ട്രസ് മതിയെന്നാണ് വ്യക്തമാക്കുന്നത്. പിഎച്ച്ഡി കൂടാതെ 15 വർഷത്തെ പ്രവർത്തി പരിചയവും മുൻ സർക്കാറിന്റെ കാലത്ത് ഈ പദവിയിലേക്ക് ആവശ്യമായിരുന്നു. ഇതാണ് ബിരുദാനന്തര ബിരുദവും 15 വർഷത്തെ പ്രവർത്തിപരിചയവും ആക്കി മാറ്റിയത്. നേരത്തെ എസ്എസ്കെയിലും യോഗ്യത കുറച്ചത് വിവാദമായിരുന്നു.

Content Highlights: scole kerala qualification criteria changed for key government appointed positions

To advertise here,contact us