സസ്‌പെൻഷനിലുള്ള ഉദ്യോഗസ്ഥർക്ക് ക്‌ളീൻ ചിറ്റ്; മന്ത്രിയെ തള്ളി സീറാം സാംബശിവ റാവുവിന്റെ അന്വേഷണ റിപ്പോർട്ട്

ഇരുവരുടെയും ഭാഗത്തുനിന്ന് കൃത്യവിലോപമോ അഴിമതിയോ ഉണ്ടായിട്ടില്ലെന്നാണ് സാംബശിവ റാവുവിന്റെ അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: സര്‍ക്കാര്‍ അറിയാതെ മൂന്ന് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടിലും എക്‌സൈസ് മന്ത്രിയെ തള്ളി വീണ്ടും സീറാം സാംബശിവ റാവു. സസ്‌പെന്‍ഷനിലായ രണ്ട് ഡെപ്യൂട്ടി കമ്മീഷണര്‍മാരെയും പൂര്‍ണ്ണമായും സംരക്ഷിക്കുന്നതാണ് റിപ്പോര്‍ട്ട്. മന്ത്രിയുടെ സംശയനിഴലില്‍ ഉള്ള പി എല്‍ ഷിബുവിനും പി കെ സതീഷ് കുമാറിനുമാണ് ആണ് സാംബശിവ റാവു ക്ലീന്‍ ചിറ്റ് നല്‍കിയത്. തന്റെ അന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരല്ല എന്ന് കണ്ടെത്തിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത്.

ഇരുവരുടെയും ഭാഗത്തുനിന്ന് കൃത്യവിലോപമോ അഴിമതിയോ ഉണ്ടായിട്ടില്ല. ഈ ഉദ്യോഗസ്ഥര്‍ നല്ല സേവന ചരിത്രവും ഔദ്യോഗിക പ്രതിബദ്ധതയും കാഴ്ച വച്ചിട്ടുള്ളവരാണ്. അനധികൃത സാമ്പത്തിക ലാഭം ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനമോ അധികാര ദുര്‍വിനിയോഗമോ നടന്നിട്ടില്ല. ഇരുവരും ചട്ടപ്രകാരം സത്യസന്ധമായ ഉദ്ദേശത്തോടെയുള്ള നടപടികളാണ് സ്വീകരിച്ചത്. ഉദ്യോഗസ്ഥരെ ഇപ്പോഴുള്ള ആരോപണങ്ങളില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. അച്ചടക്കനടപടി അവസാനിപ്പിച്ച് സസ്‌പെന്‍ഷന്‍ കാലയളവ് ഡ്യൂട്ടിയായി ക്രമീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഉദ്യോഗസ്ഥരും ബാര്‍ ലൈസന്‍സികളും അടക്കം എട്ടുപേരുടെ മൊഴി എടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

വകുപ്പില്‍ നിന്ന് സീറാം സാംബശിവ റാവുവിനെ മാറ്റുന്നതിന് തൊട്ടുമുമ്പാണ് ഇത്തരത്തില്‍ ഒറു റിപ്പോര്‍ട്ട് അദ്ദേഹം സമര്‍പ്പിക്കുന്നത്. പ്രഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ എറണാകുളം ജില്ലയിലെ രണ്ട് ബാറുകള്‍ക്ക് കോട്ടയം ജില്ലയിലെ ഒരു ബാറിനും ലൈസന്‍സ് നല്‍കിയതില്‍ യാതൊരു കൃത്യവിലോപവും ഉണ്ടായിട്ടില്ല എന്ന് സാംബശില റാവു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്ന് ആ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടായിരുന്നു രണ്ട് ഉദ്യോഗസ്ഥരെയും വകുപ്പ് സസ്‌പെന്‍ഡ് ചെയ്യുന്നത്. അതിന് പിന്നാലെയാണ് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കൂടി സീറാം സാംബശിവ റാവു സമര്‍പ്പിക്കുന്നത്. കൂടുതല്‍ കടന്ന ഭാഷയില്‍ മന്ത്രിയെ പ്രതിരോധത്തിലാക്കുന്ന കാര്യങ്ങളാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുത്.

റിപ്പോര്‍ട്ടില്‍ സാംബശിവറാവു നല്‍കിയിട്ടുള്ള ശുപാര്‍ശകളളെല്ലാം ഉറപ്പായും നടപ്പിലാക്കാന്‍ 'ശക്തമായി ആവശ്യപ്പെടുന്നു' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രധാനപ്പെട്ട ആറ് രേഖകളോളം പരിശോധിച്ചുകൂടിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നാണ് എക്‌സൈസ് കമ്മീഷണറായിരുന്ന സീറാം സാംബശിവ റാവും വ്യക്തമാക്കുന്നത്. സര്‍ക്കാരും മന്ത്രിയും പാര്‍ട്ടിയും അറിയാതെ എടുത്ത തീരുമാനത്തെ ആംഗീകരിക്കാന്‍ കഴിയില്ലെന്നും അത് സുതാര്യമല്ലെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴാണ് എം ലിജുവിനെ പരിപൂര്‍ണമായും തള്ളി മുന്‍ എകസൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് തന്നെ പുറത്തുവരുന്നത്.

Content Highlights: Sambasiva Rao has reportedly contradicted the Excise Minister again in his inquiry report on the issuance of licences to three bars without the government's knowledge. The report gives a clean chit to suspended Deputy Excise Commissioners P L Shibu and P K Satheesh Kumar, who had come under the minister's suspicion. According to the findings, Sambasiva Rao's investigation found no wrongdoing by either official.

To advertise here,contact us