തിരുവനന്തപുരം: എയ്ഡഡ്-സ്വാശ്രയ-സ്വയംഭരണ കോളേജുകളില്‍ സ്വാശ്രയ കോഴ്സുകള്‍ തുടങ്ങുന്നതിന് എന്‍ഒസി ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് രംഗത്ത്. സ്വയംഭരണ പദവിയുടെ മറവില്‍ ഉന്നതവിദ്യാഭ്യാസ മേഖലയെ കോര്‍പ്പറേറ്റ് സ്വഭാവമുള്ള സ്വകാര്യ മാനേജ്മെന്റുകളുടെ കൊള്ളലാഭത്തിന് വിട്ടുകൊടുക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കുലര്‍ ഉടന്‍ പിന്വനലിക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.
മാനേജ്മെന്റുകളുടെ വഴിവിട്ട സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ അട്ടിമറി നടത്തിയത്. സര്‍ക്കാര്‍ തലത്തിലുള്ള കര്‍ശന പരിശോധനയും നിയന്ത്രണവും ഉറപ്പുവരുത്തുന്ന വ്യവസ്ഥയെയാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്. സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളേജുകളില്‍ തോന്നുംപടി അണ്‍എയ്ഡഡ് കോഴ്സുകള്‍ തുടങ്ങുന്നതിനും സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനും എന്‍ഒസി വേണ്ടെന്ന ഇപ്പോഴത്തെ വ്യവസ്ഥ ഞെട്ടിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഒരു ആവശ്യകതാ പഠനവും നടത്താതെയും നിലവിലെ റെഗുലേറ്ററി സംവിധാനങ്ങളെ പൂര്‍ണ്ണമായി നോക്കുകുത്തിയാക്കിയുമാണ് സീറ്റുകള്‍ തോന്നിയപോലെ വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കുന്നത്. ഇത് വിദ്യാഭ്യാസ കച്ചവടത്തിന് വഴിതുറന്നുകൊടുക്കലാണ്. എയ്ഡഡ് കോളേജുകളില്‍ സ്വാശ്രയ കോഴ്സുകള്‍ വ്യാപകമായി അനുവദിക്കില്ലെന്ന് പരമോന്നത നീതിപീഠത്തിന് മുന്പില് നല്കിയ ഉറപ്പുകള്‍ കാറ്റില്‍പ്പറത്തിയാണ് ഈ വഴിവിട്ട ഒത്തുകളി നടക്കുന്നതെന്നും പിണറായി വിമര്‍ശനുമുയര്‍ത്തി.
മാനേജ്മെന്റ് പ്രതിനിധികള്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ ഇത്തരം വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ്. വര്‍ഷാവര്‍ഷമുള്ള പരിശോധനകള്‍ റദ്ദാക്കിയതും, അഡ്മിഷന് കഴിഞ്ഞ ശേഷം മാത്രം വിവരം സര്‍ക്കാരിനെ അറിയിച്ചാല്‍ മതിയെന്ന ഇളവും മെറിറ്റും സംവരണവും അട്ടിമറിച്ച് കോഴ വാങ്ങി സീറ്റ് വില്‍ക്കാനുള്ള പരസ്യമായ ഒത്താശയാണ്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാടെ എടുത്തുകളഞ്ഞ് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പഠനാവകാശങ്ങളെ തകര്‍ക്കുന്നതാണ് ഈ നടപടികള്‍ എന്നും പിണറായി കുറ്റപ്പെടുത്തി. മുന്‍ ഉത്തരവിനെ വ്യവസ്ഥകള്‍ അട്ടിമറിച്ച് മാനേജ്മെന്റുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയതിന് പിന്നിലെ അവിശുദ്ധ നീക്കങ്ങളെക്കുറിച്ച് സമഗ്രമായ നിയമപരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാശ്രയ സ്വയംഭരണ കോളേജുകള്‍ക്ക് സ്വാശ്രയ കോഴ്സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ എന്‍ഒസി ഒഴിവാക്കിയ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി എസ്എഫ്ഐയും രംഗത്തെത്തി. വിദ്യാഭ്യാസത്തെ കച്ചവടച്ചരക്കാക്കി വിചിത്രമായ ഒരു ഉത്തരവ് ഇറക്കി എന്ന് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് കുറ്റപ്പെടുത്തി. തീരുമാനം സ്വകാര്യ മുതലാളിമാരെ പോറ്റി വളര്‍ത്താനാണ്. അവരില്‍ നിന്നും പണം വാങ്ങി നടത്തുന്ന ഈ കച്ചവട പരിപാടി കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും ശക്തമായ പ്രതിഷേധം റോജി എം ജോണ്‍ നേരിടേണ്ടതായി വരും എന്നും എസ്എഫ്ഐ പറഞ്ഞു.
ഇന്നലെയാണ് എയ്ഡഡ് - സ്വാശ്രയ സ്വയംഭരണ കോളേജുകളില്‍ ഇനി യഥേഷ്ടം സ്വാശ്രയ കോഴ്സുകള്‍ തുടങ്ങാന്‍ വഴിയൊരുക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. ഓട്ടോണമസ് കോളേജുകള്‍ക്ക് സ്വാശ്രയ കോഴ്സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയാണ് ഉത്തരവ്. സര്‍ക്കാര്‍ അനുമതി കൂടാതെ സ്വാശ്രയ കോഴ്സുകള്‍ ആരംഭിക്കാന്‍ സ്വയംഭരണ മാനേജ്മെന്റുകള്‍ക്ക് പച്ചക്കൊടി നല്‍കുന്നതാണ് പുതിയ ഉത്തരവ്. പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ ഇനിമുതല്‍ എന്‍ഒസി ആവശ്യമില്ല. സര്‍ക്കാരിനെ അറിയിച്ചാല്‍ മതി എന്നാണ് പുതിയ വ്യവസ്ഥ. പ്രവേശന നടപടികള്‍ പൂര്‍ത്തിയായ ശേഷം പുതിയ കോഴ്സുകളുടെയും സീറ്റ് വര്‍ധനവിന്റെയും വിവരം സര്‍ക്കാരിനെ അറിയിച്ചാല്‍ മതി. സ്വാശ്രയ സ്വയംഭരണ കോളേജ് പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു നടപടി.
Content Highlights: Pinarayi Vijayan has opposed the government's decision to remove the NOC requirement for starting self-financing courses in aided, self-financing and autonomous colleges. He alleged that the government was using autonomous status to allow private managements with a corporate approach to pursue excessive profits in higher education. He has demanded the immediate withdrawal of the government order.