തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് ദീർഘ കാലത്തേക്ക് വൈദ്യുതി ലഭിക്കുന്ന കരാറിൽ ഉടൻ ഒപ്പ് വെയ്ക്കണമെന്ന് റെഗുലേറ്ററി കമ്മീഷന്റെ നിർദേശം ഉണ്ടായിട്ടും കൈ കൊടുക്കാതെ കെഎസ്ഇബിയുടെ ഒളിച്ചുകളി. മഹാരാഷ്ട്രയിലെ സിന്നാർ താപവൈദ്യുത നിലയത്തിൽ നിന്ന് യൂണിറ്റിന് വെറും അഞ്ച് രൂപ 18 പൈസ നിരക്കിൽ 25 വർഷത്തേക്ക് 530 മെഗാ വാട്ട് വൈദ്യുതി ലഭിക്കുന്ന കരാറിലാണ് കെഎസ്ഇബി ഒപ്പ് വയ്ക്കാതെ ഉരുണ്ടുകളിക്കുന്നത്. ജനുവരി മുതൽ ഇത്ര കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടും എന്നിരിക്കെയാണ് കൂടിയ വിലക്കുള്ള വൈദ്യുതിയുടെ പിന്നാലെ സർക്കാർ ഓടുന്നത്.
270 മെഗാവാട്ട് വൈദ്യുതി വെറും അഞ്ച് രൂപ 18 പൈസ നിരക്കിൽ കേരളത്തിന് തരാമെന്ന് മുൻ കെഎസ്ഇബി ചെയർമാൻ രാജമാണിക്യത്തിന് ഉറപ്പു കിട്ടിയിരുന്നു. വൈദ്യുതി വാങ്ങൽ കരാറിന്റെ രേഖകൾ കെഎസ്ഇബിക്ക് കൈമാറുകയും ചെയ്തു. എന്നാൽ കെഎസ്ഇബി അനങ്ങുന്നില്ല. റെഗുലേറ്ററി കമ്മീഷൻ ഉത്തരവിൽ സിനാർ വൈദ്യുതിയിൽ ഉടൻ തീരുമാനം ഉണ്ടാക്കണമെന്നാണ് കമ്മീഷൻ പറഞ്ഞിരിക്കുന്നത്. എന്നിട്ടും ഒരു തീരുമാനവും എടുത്തിട്ടില്ല.
2027 ജനുവരി മുതൽ വൈദ്യുതി ലഭ്യമായിത്തുടങ്ങുന്ന മാർച്ച് ആകുമ്പോഴേക്കും സംസ്ഥാനത്തിന് 540 മെഗാവാട്ട് വൈദ്യുതി കിട്ടും. ഇതോടെ കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് വലിയൊരളവ് വരെ പരിഹാരമാകും. സിന്നാർ കരാറിൽ ഒപ്പുവെക്കുന്നതോടെ സാമ്പത്തികമായി വലിയ നേട്ടം കെഎസ്ഇബിക്കും ഒപ്പം തന്നെ ജനങ്ങൾക്കും ഉണ്ടാകും. വൈകിയാൽ ഒരുപക്ഷേ കേരളത്തിന് കിട്ടേണ്ട കുറഞ്ഞ നിരക്കിൽ ഉള്ള വൈദ്യുതിയാണ് ഇല്ലാതാവുക. 25 വർഷത്തേക്കുള്ള കാലാവധിയിൽ ചുരുങ്ങിയ വിലയ്ക്ക് കിട്ടാൻ സാധ്യതയുള്ള വൈദ്യുതി നഷ്ടപ്പെടുത്തുമോ എന്നുള്ളതാണ് ഉയരുന്ന പ്രധാന ആശങ്ക.
Content Highlights: kseb delays signing long term power purchase agreement despite regulatory commission directive