കണ്ണടച്ച് ഇരുട്ടാക്കലല്ല ജനാധിപത്യമെന്ന് പിണറായി; കണ്ണടച്ച് ആരോപണം ഉന്നയിക്കലല്ല ജനാധിപത്യമെന്ന് സതീശൻ

വൈദ്യുതി കരാറില്‍ കൊമ്പുകോര്‍ത്ത് സതീശനും പിണറായിയും

തിരുവനന്തപുരം: ജിഎന്‍എ വൈദ്യുതി കരാറില്‍ കൊമ്പുകോര്‍ത്ത് മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും. കണ്ണടച്ച് ഇരുട്ടാക്കലല്ല ജനാധിപത്യമെന്ന പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന് കണ്ണടച്ച് ആരോപണം ഉന്നയിക്കലല്ല ജനാധിപത്യമെന്ന കുറിപ്പിലൂടെ വി ഡി സതീശന്‍ മറുപടി നല്‍കി.

വൈദ്യുതി വാങ്ങല്‍ കരാറുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങള്‍ക്ക് വ്യക്തത നല്‍കുന്നതിനു പകരം ദുരൂഹതയും അവ്യക്തതയും സൃഷ്ടിച്ച് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പിണറായി ആരോപിച്ചു. മുന്നില്‍ വന്ന ഫയലിന്റെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനമെടുത്തതെന്ന് അദ്ദേഹം സമ്മതിച്ചിരിക്കുകയാണ്. എന്നാല്‍, കെഎസ്ഇബി സാങ്കേതികവും സാമ്പത്തികവുമായ പരിശോധന നടത്തി സര്‍ക്കാരിന് സമര്‍പ്പിച്ച ഹിമാചല്‍ വൈദ്യുതി വാങ്ങാനുള്ള പ്രൊപ്പോസല്‍ അട്ടിമറിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും പിണറായി ചോദിച്ചു.

ജിഎൻഎ വൈദ്യുതി ഉത്പാദകരോ ലൈസൻസുള്ള വ്യാപാരിയോ അല്ല. വെറുമൊരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്. അങ്ങനെയൊരു പ്ലാറ്റ്‌ഫോമിന് സ്വന്തം നിലയിൽ വൈദ്യുതി വിൽക്കാൻ എന്ത് അധികാരമാണുള്ളത്? ഈ ചോദ്യത്തിന് മറുപടി പറയാതെ കഴിഞ്ഞ സർക്കാരും അവരിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്ന വാദമാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്. എൽഡിഎഫ് ഭരണകാലത്ത് ടെൻഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ഇല്ലാതെ ഒരു യൂണിറ്റ് വൈദ്യുതിയെങ്കിലും വാങ്ങാൻ കരാറുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ രേഖ പുറത്തുവിടണമെന്നും പിണറായി പറഞ്ഞു.

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചോദിച്ച ഏതെങ്കിലും രേഖ നല്‍കിയിട്ടുണ്ടോ എന്നതാണ് വി ഡി സതീശന്റെ മറുചോദ്യം. രേഖകളാവശ്യമെങ്കില്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ നേടിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫയല്‍ പരിശോധിച്ച് പഠിച്ച ശേഷമാണ് തീരുമാനമെടുത്തത്. മുന്നില്‍ വരുന്ന ടിഷ്യൂ പേപ്പറില്‍ ഒപ്പിടാറില്ലെന്നും അദ്ദേഹം പറഞ്ഞു. 12.50 രൂപയ്ക്ക് ഹിമാചൽ പ്രദേശ് വൈദ്യുതി നൽകാമെന്ന് പറഞ്ഞതിന്റെ രേഖകൾ എവിടെയെന്ന് താൻ ചോദിച്ചതിന് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞിട്ടുമില്ല. അതുകൊണ്ടുതന്നെ അത്തരമൊരു ഓഫർ ഹിമാചൽ പ്രദേശ് നൽകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവിന് ബോധ്യപ്പെട്ടെന്ന് കരുതട്ടെയെന്നും വി ഡി സതീശൻ കുറിച്ചു.

ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിന് രാജസ്ഥാൻ ഒക്ടോബർ 18ന് തീരുമാനിച്ചിരുന്നു. ഒക്ടോബർ 28ന് രാജസ്ഥാൻ റെഗുലേറ്ററി കമ്മിഷന് മുന്നിൽ കരാർ നിർദേശങ്ങൾ എത്തുകയും ചെയ്തു. കെഎസ്ഇബി ശുപാർശയിൽ അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ തൻ്റെ പക്കൽ ഫയൽ വരുന്നത് ഒക്ടോബർ 30നാണ്. കെഎസ്ഇബി മികച്ചതാണെന്ന് കണ്ടെത്തിയ ഹിമാചൽ പ്രദേശ് വൈദ്യുതി വാങ്ങാത്തത് എന്തെന്ന ചോദ്യം ഇന്നും പ്രതിപക്ഷ നേതാവ് ആവർത്തിക്കുന്നു. അതേസമയം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ചതാണെന്നും അങ്ങ് പറയുന്നു. എന്തൊരു വിരോധാഭാസമാണിതെന്നും വി ഡി സതീശൻ കുറിച്ചു. വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് കെഎസ്ഇബി തന്നെയാണ് സർക്കാരിനെ അറിയിച്ചതെന്ന് രേഖകൾ ഉദ്ധരിച്ച് താൻ മറുപടി നൽകിയിട്ടും അതേ ആരോപണം പ്രതിപക്ഷ നേതാവ് വീണ്ടും ഉന്നയിക്കുന്നതിലാണ് ദുരൂഹതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: gna electricity agreement dispute between v d satheesan and pinarayi vijayan

To advertise here,contact us