കൊച്ചി: നരേന്ദ്ര മോദിയെ പരസ്യമായി വിമര്‍ശിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. മോദി ട്രംപിന്റെ കളിപ്പാവയാണെന്നും ട്രംപ് പറയുന്നതിന് അനുസരിച്ചാണ് മോദി മുന്നോട്ട് പോകുനന്തെന്നും അഭിജീത് ദീപ്കെ വിമര്‍ശിച്ചു. ജന്തര്‍ മന്തര്‍@കൊച്ചി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഭിജീത്.
സിജെപിക്ക് വിദേശ ഫണ്ട് കിട്ടുന്നുണ്ടെന്ന ബിജെപി ആരോപണത്തെ അഭിജീത് ദീപ്കെ ചോദ്യം ചെയ്തു. വിദേശ ഫണ്ട് ലഭിക്കുന്നത് സിജെപിക്ക് അല്ല, മോദിക്കാണ്. രാജ്യത്തെ വിറ്റത് മോദിയാണ്. ട്രംപിന്റെ കളിപ്പാവയായി മോദി മാറി. ട്രംപിന് മുന്നില്‍ കീഴടങ്ങിയത് മോദിയാണെന്നും എന്നിട്ടും പറയുന്നത് സിജെപിക്ക് വിദേശ സംഭാവന ലഭിക്കുന്നുവെന്നാണെന്നും അദ്ദേഹം പറഞ്ഞു. മോദി ട്രംപിന് വിധേയപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്. ട്രംപിന്റെ താരിഫ് ഭീഷണിക്ക് മുന്നില്‍ മോദി കീഴടങ്ങിയെന്നും അഭിജീത് ദീപ്കെ ആരോപിച്ചു.
ഡല്‍ഹി സമരം അടിച്ചമര്‍ത്താന്‍ മോദി സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു. തിരികെ ശക്തിയോടെത്തന്നെ വരുമെന്നും സിജെപി സ്ഥാപകൻ കൂട്ടിച്ചേർത്തു. താന്‍ ജയിലില്‍ പോയത് ദേശീയ പതാക ഉയര്‍ത്തിയതിനാണ്. രാജ്യത്തിന്റെ ഏത് കോണില്‍ പോയാലും ദേശീയ പതാക കയ്യിലേന്തുമെന്നാണ് മോദിയോട് പറയാനുള്ളത്. ആര് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. നെഹ്റുവിനും ഗാന്ധിജിക്കും ഒപ്പം നില്ക്കാന് മോദിക്ക് കഴിയില്ല. എത്ര വര്‍ഷം മോദി ഭരിച്ചാലും നെഹ്റുവിനേക്കാള് വലുതാകില്ല. രാജ്യത്തെ ജനങ്ങളെ അഭിമുഖീകരിക്കാന്‍ പേടിക്കുന്നത് എന്തിനാണെന്നും 56 ഇഞ്ചുകാരന് എത്ര ഭീരുവാണെന്ന് സമരത്തോടുള്ള സര്‍ക്കാര്‍ സമീപനം വ്യക്തമാക്കിയെന്നും അഭിജീത് പരിഹസിച്ചു.
2029 ല്‍ മോദി അധികാരത്തില്‍ നിന്ന് പോകുമെന്നും അദ്ദേഹം പറഞ്ഞു. മോദിക്ക് രാജ്യത്തെ കുട്ടികളോട് ഒരു കരുതലുമില്ല. ഗുജറാത്തില്‍ കലാപം ഉണ്ടാക്കിയതാരാണെന്ന് എല്ലാവര്ക്കും അറിയാം. രാജ്യത്ത് മതം പറഞ്ഞ് കലാപം ഉണ്ടാക്കുന്നതാരാണെന്ന് എല്ലാവര്ക്കും അറിയാം.
തങ്ങള്‍ കലാപം ഉണ്ടാക്കാന്‍ വന്നവരല്ലെന്നും അഭിജീത് ദീപ്കെ പറഞ്ഞു.
Content Highlights: abhijit deepke criticises narendra modi at jantar mantar at kochi