ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്; 'സംയമനത്തെ ബലഹീനതയായി തെറ്റിദ്ധരിക്കരുത്'; KPCC ക്കെതിരെ സുപ്രീം കോടതി

അഭിപ്രായ സ്വാതന്ത്ര്യം ഒരിക്കലും നീതിനിര്‍വഹണത്തെ ഭീഷണിപ്പെടുത്തുന്നതാവരുതെന്നും കോടതി പറഞ്ഞു

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ കെപിസിസിയുടെ എക്സ് പോസ്റ്റില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തിനെതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി. സംയമനത്തെ ബലഹീനതയായി തെറ്റിദ്ധരിക്കരുതെന്നായിരുന്നു സുപ്രിംകോടതിയുടെ മുന്നറിയിപ്പ്. കോടതിയുടെ അധികാരത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടും. സുപ്രീംകോടതിയുടെ അധികാരത്തിന് രാഷ്ട്രീയ പിന്തുണ ആവശ്യമില്ല. ജുഡീഷ്യറി നിലകൊള്ളുന്നത് ഭരണഘടനയിലും നിയമവാഴ്ചയിലുമാണെന്നും കെപിസിസിയെ സുപ്രീംകോടതി ഓര്‍മപ്പെടുത്തി.

അഭിപ്രായ സ്വാതന്ത്ര്യം ഒരിക്കവും നീതിനിര്‍വഹണത്തെ ഭീഷണിപ്പെടുത്തുന്നതാവരുത്. നീതിയുടെ ഉറവിടത്തെ കളങ്കപ്പെടുത്താന്‍ അനുവദിക്കില്ല. ഭരണഘടനയാണ് പരമോന്നതമെന്നും കെപിസിസിയോട് സുപ്രീംകോടതി പറഞ്ഞു. കെപിസിസിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്ന കാര്യം പരിശോധിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. കോടതിയലക്ഷ്യ നടപടി പരിശോധിക്കാന്‍ അമികസ് ക്യൂറിയെ നിയോഗിച്ചു. കെപിസിസിയുടെ എല്ലാ ഭാരവാഹികള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. ഭാരവാഹികളുടെ അനുമതിയില്ലാതെയാണ് എക്സ് പോസ്റ്റ് എന്നായിരുന്നു കെപിസിസിയുടെ നിര്‍ദ്ദേശം. പോസ്റ്റിന് നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും കെപിസിസി അറിയിച്ചിരുന്നു.

സിജെപി സമരത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ സുരക്ഷ സംവിധാനങ്ങളിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിനാണ് ക്രമസമാധാനം തന്റെ ചുമതല അല്ലെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കിയത്. ക്രമസമാധാനം നിങ്ങളുടെ ചുമതല അല്ലെങ്കില്‍ രാജി വെക്കണം എന്നായിരുന്നു കോണ്‍ഗ്രസ് കേരളയുടെ എക്സ് പോസ്റ്റ്. വിവാദമായതിന് പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റ് വന്നതെന്ന് പരിശോധിക്കുമെന്നായിരുന്നു കെപിസിസി നിലപാട്. കോടതിയുടെ നിഷ്പക്ഷത സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അഭിപ്രായവ്യത്യാസമില്ല. ഇതിന് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുന്ന സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ കെപിസിസി നേതൃത്വത്തിന്റെ നിലപാടല്ലെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടിയിരുന്നു. സോഷ്യല്‍ മീഡിയ ചുമതലക്കാര്‍ക്കെതിരെ നടപടിയും കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നു.

Content Highlights: The Supreme Court strongly criticised the Kerala Congress unit over a KPCC post on X targeting the Chief Justice. The court warned that its restraint should not be mistaken for weakness and said attempts to undermine its authority would be dealt with firmly. It also stressed that the judiciary does not depend on political support for its authority, as its strength comes from the Constitution and the rule of law.

To advertise here,contact us