'നാണംകെട്ട നിലപാടുകൾ സ്വീകരിക്കരുത്'; അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം തള്ളിയ മുഖ്യമന്ത്രിക്ക് വിമർശനം

ശ്രീനാദേവി കുഞ്ഞമ്മയുടെ അനുയായികളാണ് പോസ്റ്റിന് പിന്നിൽ. രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുന്നവരും പോസ്റ്റിടുന്നവരുടെ കൂട്ടത്തിലുണ്ട്

തിരുവനന്തപുരം: അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം ഗൗരവമുള്ളതാണെന്നുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമര്‍ശനത്തിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പിന്തുണയേറുന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെയാണ് പോസ്റ്റുകള്‍ ഏറെയും. യൂട്യൂബര്‍ രാജന്‍ ജോസഫിനെ ലോക്കപ്പില്‍ പോയി കണ്ടതില്‍ എന്താണ് തെറ്റെന്നും മറ്റുള്ളവരുടെ കയ്യടിക്ക് വേണ്ടി ഓരോന്ന് പറയരുത് എന്നുമാണ് പോസ്റ്റുകളില്‍ പറയുന്നത്. ശ്രീനാദേവി കുഞ്ഞമ്മയുടെ അനുയായികളാണ് പോസ്റ്റിടുന്നത്. രാഹുല്‍ മാങ്കൂട്ടത്തിന് പിന്തുണ നല്‍കുന്നവരും പോസ്റ്റിടുന്നവരുടെ കൂട്ടത്തിലുണ്ട്.

ശ്രീനാദേവിക്കെതിരെ കേസെടുക്കാന്‍ വേണ്ടിയുള്ള തെളിവ് പുറത്തുവന്ന ദൃശ്യങ്ങളില്‍ ഇല്ലെന്ന് അത് കണ്ടാലറിയാമെന്നും അവര്‍ക്കെതിരെ കേസെടുത്താല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുമെങ്കില്‍ നല്ല കാര്യമാണെന്ന് പരിഹസിച്ചവരുമുണ്ട്. ശ്രീനാദേവി ചെയ്തതില്‍ വലിയ അസ്വാഭാവികതയൊന്നും തോന്നുന്നില്ല എന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. ശ്രീനാദേവിയെ അറസ്റ്റ് ചെയ്‌തേ പറ്റൂ എന്ന് മുഖ്യമന്ത്രി പിടിവാശി കാണിക്കുമ്പോള്‍ തകരുന്നത് തങ്ങളുടെ ഹൃദയമാണെന്നായിരുന്നു മറ്റൊരു പോസ്റ്റില്‍ പറഞ്ഞത്. മുഖ്യമന്ത്രിയില്‍ നിന്ന് ഇതല്ല പ്രതീക്ഷിക്കുന്നത്. സിപിഐഎമ്മിന്റെ കയ്യടി കിട്ടാന്‍ വേണ്ടി ഇതുപോലെ നാണംകെട്ട നിലപാടുകള്‍ സ്വീകരിക്കരുതെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. വിഷയം വലിയ ഗൗരവത്തോടെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചിരുന്നു. കര്‍ശന നടപടിയുണ്ടാകും. പൊലീസ് സ്റ്റേഷനില്‍ അത്തരത്തിലുള്ള അതിക്രമമൊന്നും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലയാണ് ശ്രീനാദേവി കുഞ്ഞമ്മ അനുകൂലികൾ സോഷ്യൽ മീഡിയയിലൂടെ മുഖ്യമന്ത്രിയെ വിമർശിച്ച് രംഗത്തെത്തിയത്.

അതേസമയം അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമവുമായി ബന്ധപ്പെട്ട് ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് പൊലീസിന്റെ സഹായം ലഭിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ത്തിട്ടും ശ്രീനാദേവി കുഞ്ഞമ്മയെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. മുന്‍കൂര്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമാണ് ശ്രീനാദേവിക്കെതിരെ ചേര്‍ത്തത്. വീട്ടില്‍ അതിക്രമിച്ച് കയറുന്നതിന് ചുമത്തുന്ന ഭാരതീയ ന്യായ സംഹിതയിലെ 333 വകുപ്പാണ് പൊലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയിട്ടില്ലെന്നും കലാപത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്.

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പൊലീസ് സ്റ്റേഷന്‍ അതിക്രമക്കേസില്‍ ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേര്‍ത്തത്. ഇതിന് പിന്നാലെ വ്യാഴാഴ്ച ഉച്ചയോടെ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ശ്രീനാദേവി കുഞ്ഞമ്മ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കോടതി ഇന്ന് റിപ്പോര്‍ട്ട് തേടും. എന്നാല്‍ പൊലീസ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധ്യതയില്ല. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആകും കോടതി ശ്രീനാദേവിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുക. നേരത്തേ കേസിലെ ഒന്നാം പ്രതിയായ ഉണ്ണിത്താന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥന് കാര്യമായ പരിക്കില്ലെന്നും കഴുത്തിന്റെ ഭാഗത്ത് തിണര്‍പ്പ് മാത്രമാണുള്ളതെന്നുമായിരുന്നു ഉണ്ണിത്താന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് കാര്യമായ വാദം നടന്നില്ല. ഇതോടെയായിരുന്നു ഉണ്ണിത്താന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നത്. ഒന്നാം പ്രതിക്ക് സമാനമായി കേസിലെ മറ്റൊരു പ്രതിയായ യൂത്ത് കോണ്‍ഗ്രസ് അടൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണനും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഒന്നാം പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു, എന്തുകൊണ്ട് മറ്റുള്ളവര്‍ക്ക് ലഭിക്കുന്നില്ല എന്നായിരുന്നു ഇവര്‍ ഉയര്‍ത്തിയ വാദം. ഇത് പരിഗണിച്ചാണ് ജയകൃഷ്ണനും ജാമ്യം ലഭിച്ചത്.

Content Highlights- Chief Minister V D Satheesan has faced criticism after rejecting allegations of an attack at Adoor police station. Supporters of Sreenadevi Kunjamma are reportedly behind the criticism, urging the Chief Minister not to adopt what they describe as a shameful position.

To advertise here,contact us