എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി; നടപടി ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെ

കഴിഞ്ഞ ദിവസം സാംബശിവ റാവുവിനെതിരെ മന്ത്രി എം ലിജു വിമർശനം ഉന്നയിച്ചിരുന്നു

തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ മാറ്റി. ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെയാണ് നടപടി. അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് പകരം ചുമതല നൽകി. പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവത്തില്‍ എക്‌സൈസ് മന്ത്രി എം ലിജു പരസ്യ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് നടപടി.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിക്കവെ എക്‌സൈസ് കമ്മീഷണര്‍ സാംബശിവ റാവുവിനെതിരെ മന്ത്രി എം ലിജു വിമർശനം ഉന്നയിച്ചിരുന്നു. എക്‌സൈസ് കമ്മീഷറുടെ നടപടികള്‍ ദുരൂഹമാണെന്നും വകുപ്പിന് നാണക്കേടുണ്ടാക്കുന്നതാണെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ബാറുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം സര്‍ക്കാരിനെ അറിയിക്കണമായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയതില്‍ ഇടപെടലുണ്ടാകുമെന്നും ഇതിനായി നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

സര്‍ക്കാരുമായോ വകുപ്പ് മന്ത്രിയുമായോ കൂടിയാലോചന നടത്താതെയാണ് കമ്മീഷണര്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. സര്‍ക്കാര്‍ അറിഞ്ഞ് തീരുമാനമെടുക്കേണ്ട കാര്യങ്ങള്‍ താഴെത്തട്ടില്‍ തീരുമാനമെടുക്കാനുള്ള അധികാരം നല്‍കിയത് മുന്‍ ഇടത് സര്‍ക്കാരാണ്. കഴിഞ്ഞ സര്‍ക്കാര്‍ സൃഷ്ടിച്ച എല്ലാ പഴുതുകളും അടയ്ക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

അതേസമയം നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു സാംബശിവ റാവുവിന്റെ വിശദീകരണം. എക്‌സൈസ് മന്ത്രി രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല. ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്ന ആളാണ് താന്‍. സദ്ഭരണണാണ് ലക്ഷ്യം. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ആരോപണ വിധേയനാകാം. അനാവശ്യ തിടുക്കം കാണിച്ചിട്ടില്ല. മന്ത്രിയുമായി യാതൊരു പ്രശ്‌നവുമില്ലെന്നും സാംബശിവ റാവു പറഞ്ഞിരുന്നു.

Content Highlights- Kerala Excise Commissioner Seeram Sambasiva Rao has been transferred amid controversies related to bar licences. The transfer comes at a time when the issue of bar licence decisions has drawn attention.

To advertise here,contact us