കൈത്താങ്ങായി ലുലു ഗ്രൂപ്പ്, കേരള ബാങ്കിന്റെ കടബാധ്യത തീർത്തു; അശ്വതിക്കും കുടുംബത്തിനും ഇനി ധൈര്യമായി കഴിയാം

ജപ്തി ചെയ്ത വീടിന്റെ വരാന്തയില്‍ കാറ്റും മഴയുമേറ്റുള്ള ദുരിത ജീവിതത്തില്‍ നിന്ന് മുന്‍ സംസ്ഥാന ത്രോബോള്‍ താരം അശ്വതിക്കും കുടുംബത്തിനും മോചനം

കണ്ണൂര്‍: ജപ്തി ചെയ്ത വീടിന്റെ വരാന്തയില്‍ കാറ്റും മഴയുമേറ്റുള്ള ദുരിത ജീവിതത്തില്‍ നിന്ന് മുന്‍ സംസ്ഥാന ത്രോബോള്‍ താരം അശ്വതിക്കും കുടുംബത്തിനും മോചനം. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ഇടപെടലില്‍ അശ്വതിയുടെ കുടുംബത്തിനുണ്ടായിരുന്ന കടബാധ്യത തീര്‍ത്തു. കേരള ബാങ്കിലെ 24 ലക്ഷം രൂപയുടെ വായ്പ ലുലു ഗ്രൂപ്പ് അടച്ചുതീര്‍ത്തു. 34 ലക്ഷം രൂപയായിരുന്നു കടബാധ്യത. ലുലു ഗ്രൂപ്പിന്റെ ഇടപെടലില്‍ ഇത് 24 ലക്ഷമായി കുറയ്ക്കുകയായിരുന്നു.

വീട് നിര്‍മ്മാണത്തിനെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് നാല് മാസം മുന്‍പായിരുന്നു കുടുംബത്തിന്റെ വീട് ബാങ്ക് ജപ്തി ചെയ്തത്. തുടര്‍ന്ന് ഭര്‍ത്താവിനും മക്കള്‍ക്കും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കുമൊപ്പം വീടിന്റെ വരാന്തയിലായിരുന്നു അശ്വതിയും കുടുംബവും താമസിച്ചിരുന്നത്. മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ലുലു ഗ്രൂപ്പ് വിഷയത്തില്‍ ഇടപെടുന്നത്. ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ലുലു ഗ്രൂപ്പ് കുടുംബത്തെ അറിയിച്ചു. തുടര്‍ന്ന് കേരള ബാങ്കിന്റെ തളിപ്പറമ്പ് സായാഹ്ന ശാഖയില്‍ ബന്ധപ്പെടുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. നാല് മാസം മുന്‍പ് പൂട്ടി സീല്‍ ചെയ്ത വീടിന്റെ താക്കോല്‍ വെള്ളിയാഴ്ച രാവിലെ കുടുംബത്തിന് കൈമാറി.

വീട് നിര്‍മ്മാണത്തിനായി 10 ലക്ഷം രൂപയായിരുന്നു കുടുംബം ആദ്യം വായ്പയെടുത്തത്. തുടര്‍ന്ന് മൂന്ന് ലക്ഷം രൂപയും വായ്പയെടുത്തു. എന്നാല്‍ തിരിച്ചടവ് മുടങ്ങി. മുതലും പലിശയും പിഴപ്പലിശയും ചേര്‍ന്ന് 34 ലക്ഷം രൂപയായി. ഇതോടെ ബാങ്ക് വീട് ജപ്തി ചെയ്തു. പോകാന്‍ മറ്റൊരു ഇടം ഇല്ലാതിരുന്നതുകൊണ്ട് അശ്വതിയും കുടുംബവും നാല് മാസമായി വീടിന്റെ വരാന്തയിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. അശ്വതിയുടെയും കുടുംബത്തിന്റെയും ദുരിത ജീവിതം മാധ്യമങ്ങള്‍ ഏറ്റെടുത്തു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ലുലു ഗ്രൂപ്പിന്റെ ഇടപെടല്‍. അശ്വതിയുടെ വീട് ജപ്തി ചെയ്ത സംഭവത്തില്‍ മന്ത്രി എം ലിജു കേരള ബാങ്ക് സിഇഒയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു.

Content Highlights- Lulu Group has cleared the outstanding Kerala Bank debt of Aswathi and her family, providing them with financial relief and renewed security.

To advertise here,contact us