കൊച്ചി: കൊച്ചിയില്‍ യുവ ഡോക്ടറെ മര്‍ദ്ദിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. ഡോ. ജോണ്സണ് കെ വര്‍ഗീസിനെതിരെ നടിയുടെ ബന്ധു നല്കിയ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തു. യുവ ഡോക്ടര്‍ക്കെതിരെ ബലാത്സംഗ പരാതിയായിരുന്നു യുവതി നല്‍കിയത്. മദ്യം നല്കി ക്രൂരമായി പീഡിപ്പിച്ചുവെന്ന് യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. യുവ ഡോക്ടറുടെ പരാതിയില്‍ നടി, നടന് ബിബിന്‍ പെരുമ്പിള്ളി അടക്കം മൂന്ന് പേരെ കടവന്ത്ര പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് നടിയുടെ ബന്ധു പരാതിയുമായി പൊലീസിനെ സമീപിച്ചത്.
നവംബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നടിയും ബിബിനും ഉള്‍പ്പെടെയുള്ള പന്ത്രണ്ട് പേര് ചേര്‍ന്ന് വൈറ്റിലയിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവ ഡോക്ടര്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നടിയുടെ അമ്മയുടെ സഹോദരിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയതെന്നായിരുന്നു പരാതിയില്‍ ഡോക്ടര്‍ ചൂണ്ടിക്കാട്ടിയത്. മുറിയില്‍ പൂട്ടിയിട്ട ശേഷം മര്‍ദ്ദിച്ചു. മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന രണ്ട് ഫോണുകള്‍ തട്ടിയെടുത്തതായും ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നു. നടിയെ നേരത്തേ പരിചയമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഫ്ളാറ്റില്‍ പോയത്. രോഗിയെ ലഹരി നല്കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മര്‍ദ്ദനമെന്നും ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. തുടര്‍ന്നാണ് നടി, ബിബിന്‍ പെരുമ്പിള്ളി അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. കേസില്‍ പന്ത്രണ്ട് പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതില്‍ അന്വേഷണം പുരോഗമിക്കുകയായിരുന്നു. അതേസമയം, കേസെടുത്തതിന് പിന്നാലെ ഡോ. ജോണ്സണ് വര്‍ഗീസിനെ, അയാള്‍ ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രി പുറത്താക്കി.
Content Highlights- A young doctor in Kochi has been booked by the police following a complaint filed by an actress's relative in connection with an assault incident. The hospital has also removed the doctor from service. The case has taken a new turn following the complaint.