ചോറ്റാനിക്കരയിലെ 45കാരിയുടെ മരണം; ഇരട്ട സഹോദരി അറസ്റ്റില്‍

കൊലപാതക വിവരം മറച്ചുവെച്ചതിന് സഹോദരന്‍ സുധീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു

ചോറ്റാനിക്കര: ചേറ്റാനിക്കരയിലെ 45കാരിയുടെ മരണം കൊലപാതകം. കണ്ണൂര്‍ കൂടാളി തലമുണ്ട സ്വദേശിനി സവിതയുടെ മരണമാണ് കൊലപാതകമെന്ന് വ്യക്തമായത്. സംഭവത്തില്‍ സവിതയുടെ ഇരട്ട സഹോദരി സജിതയെ അറസ്റ്റ് ചെയ്തു. കൊലപാതക വിവരം മറച്ചുവെച്ചതിന് സഹോദരന്‍ സുധീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഭജന ഇരിക്കാന്‍ എത്തിയതായിരുന്നു സവിതയും സജിതയും. ബുധനാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുഴഞ്ഞുവീണുവെന്ന് പറഞ്ഞ് സവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ഇതോടെ പൊലീസിന് സംശയമായി.

വിശദമായ ചോദ്യം ചെയ്യലില്‍ സജിത കുറ്റം സമ്മതിക്കുകയായിരുന്നു. സത്രത്തിലെ മുറിയില്‍വെച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെ സവിതയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് സജിത പൊലീസിനോട് പറഞ്ഞു. മുഖത്ത് ഇടിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊല നടത്തിയതെന്നും സജിത മൊഴി നല്‍കി. തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു.

Content Highlights- The twin sister of a 45-year-old woman who died in Chottanikkara has been arrested. The arrest was made in connection with the woman's death.

To advertise here,contact us