തിരുവനന്തപുരം: അടൂര്‍ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാ ദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്തേക്കില്ല. ശ്രീനാ ദേവി കുഞ്ഞമ്മ ലോക്കപ്പിന് സമീപം നിന്നത് ഒരു മിനിറ്റില്‍ താഴെ മാത്രമായതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയ ശേഷം കേസെടുക്കുന്നതില്‍ തീരുമാനം ഉണ്ടാവും എന്നാണ് സൂചന. പൊലീസ് അനുമതിയോടെ സ്റ്റേഷന് അകത്തേക്ക് കടന്ന ശ്രീനാദേവി കുഞ്ഞമ്മ പൊലീസ് നിര്‍ദേശിച്ച ഉടന്‍ ലോക്കപ്പിന് സമീപത്ത് നിന്നും മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ കേസില്‍ ഫെന്നി നൈനാന് ഉള്‍പ്പെടെയുള്ള പ്രതികളെ ഉള്‍പ്പെടുത്തും. നിലവിലെ എഫ്ഐആറിലെ വകുപ്പുകള്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യും. പരാതിക്കാരിയെന്ന നിലയില്‍ പ്രതിയെ തിരിച്ചറിയാന്‍ മാത്രമാണ് സ്റ്റേഷന് അകത്തേക്ക് പോയതെന്നും സെല്ലിനകത്തേക്ക് കയറിയിട്ടില്ലെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതിനിടെ ബലാത്സംഗക്കേസ് പ്രതി രാഹുല്‍ മാങ്കൂട്ടത്തില്‍, കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍, കേസിലെ പരാതിക്കാരി കൂടിയായ ശ്രീന ദേവി കുഞ്ഞമ്മ എന്നിവരെ കേസില്‍ പ്രതിയായ രാജന് ജോസഫ് പരസ്യസംവാദത്തിന് ക്ഷണിച്ചു. സമൂഹമാധ്യങ്ങളിലൂടെയായിരുന്നു വെല്ലുവിളി.
'രാഹുല്‍ ഷാഫി ശ്രീന മൂന്ന് പേരെയും പരസ്യമായ ഒരു സംവാദത്തിന് വേണ്ടി വിളിക്കുകയാണ്..വെല്ലുവിളിയല്ല… വെറുതെ ഒരു ക്ഷണം.. വെല്ലുവിളിക്കാന്‍ വയനാട്ടിലെ പാവപ്പെട്ടവരുടെ പൈസയൊന്നും എന്റെ കയ്യില്‍ ഇല്ലല്ലോ..കേരളത്തിലെ എല്ലാ മുഖ്യധാര ചാനലുകളെയും യൂട്യൂബ് ചാനലുകളെയും ഞാന്‍ വിളിച്ചോളാം..ഇപ്പുറത്ത് ഞാന്‍ ഒറ്റയ്ക്ക് മാത്രം മതി', എന്നായിരുന്നു പോസ്റ്റ്.
നേരത്തെ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജൂലായ് മാസത്തില്‍ നടത്തി സംഭവങ്ങളുടെ ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന ശ്രീനദേവി കുഞ്ഞമ്മയുടെ പരാതിയില്‍ എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്ത രാജന് ജോസഫിനെ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു നാടകീയ സംഭവം. ശ്രീനാദേവി കുഞ്ഞമ്മയും ഒപ്പം വ്യജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണ കേസ് പ്രതി ഫെനി നൈനാനും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. സംഭവത്തെ സംബന്ധിച്ച് കൃത്യമായ അറിയാമായിരുന്നിട്ടും ഇതില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ശ്രീനാ ദേവി കുഞ്ഞമ്മയുടേയോ ഫെനി നൈനാന്റേയോ പേരുകള്‍ ഉണ്ടായിരുന്നില്ല. മുമ്പ് തന്നെ ഇവരെ സംരക്ഷിക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഇടപെടലിലെ തുടര്‍ന്ന് നടന്നിരുന്നു എന്ന വിമര്‍ശനമാണ് ശക്തമാകുന്നത്.Content Highlights: Sreena Devi Kunjamma may escape police action in the Adoor police station incident