തിരുവനന്തപുരം: പിഎസ്സി വഴി വീണ്ടും രാഷ്ട്രീയ നിയമന തട്ടിപ്പ് എന്ന് പരാതി. ഡിവൈഎസ്പി സ്പെഷ്യല്‍ റിക്രൂട്ട്മെന്റില്‍, മുന്‍ എസ്എഫ്ഐ നേതാവിന് വഴിവിട്ട് ഒന്നാം റാങ്ക് നല്കി എന്നാണ് ആരോപണം. മഹാരാജാസ് കോളേജിലെ മുന്‍ SFI നേതാവ് ജിതിന് കെ ജെക്കെതിരെയാണ് പരാതി. പൊലീസ് ബറ്റാലിയന് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ മെയിന്‍ ലിസ്റ്റില്‍ പോലും ഉള്പ്പെടാതിരുന്നയാള് ആണ് ജിതിന് എന്നും പരാതിയില്‍ പറയുന്നു. എഴുത്തുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരെ പിന്നിലാക്കാന്‍ അഭിമുഖത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കിയെന്നാണ് ആക്ഷേപം. ജിതിനെതിരെ നിരവധി ക്രിമിനല്‍ കേസുകളില്‍ എഫ്ഐആര്‍ ഉണ്ടെന്നും ആക്ഷേപമുണ്ട്. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് പരാതി നല്കി.
മുമ്പ് കേരള യൂണിവേഴ്സിറ്റി കോളേജില്‍ സമാന വിവാദമുണ്ടായ ശിവരജ്ത്തിന്റെയും നസീമിന്റെയും സംഭവവും ഓര്‍മപ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. 1983ല്‍ കരുണാകാരന് സര്‍ക്കാരിന് ശേഷം ഇപ്പോഴാണ് ഡിവൈഎസ്പി സ്പെഷ്യല്‍ റിക്രൂട്ട്മെന്റിന് ഒരു പരീക്ഷ നടത്തിയതും നിയമന നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതും. നാളെ പൊലീസിന്റെ തലപ്പത്തേക്ക് വരെ എത്തിച്ചേരാന്‍ സാധ്യത ഉള്ള ഒരു തസ്തികയിലേക്കാണ് നിലവില്‍ ഇത്തരത്തില്‍ ഒരു ആരോപണം ഉയര്‍ന്നിരിക്കുന്നത്. റാങ്ക് ലിസ്റ്റില്‍ വേഗത്തില്‍ നിയമന നടപടികള്‍ പൂര്‍ത്തിയാക്കിയതില്‍ ദുരൂഹത ഉണ്ടെന്നാണ് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. 2025 സെപ്റ്റംബറില്‍ 17,000 പേരോളം വരുന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. ഡിസംബര്‍ മാസത്തിലാണ് തസ്തികയിലേക്കുള്ള പരീക്ഷ നടക്കുന്നത്. 2026 മാര്‍ച്ചിലാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ അഭിമുഖം നടക്കുന്നത്. മെയ് ആറാം തീയതി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഈ റാങ്ക് പട്ടികയിലാണ് ഒന്നാം റാങ്കിലേക്ക് ജിതിന് കെ ജെ എത്തുന്നത്. അഭിമുഖത്തില്‍ വഴിവിട്ട ഇളവുകള്‍ നല്കി മാര്‍ക്ക് വര്‍ധിപ്പിച്ചതാണ് ഇത്തരത്തില്‍ റാങ്ക് പട്ടിക വരാന്‍ കാരണമെന്നാണ് പരാതിയില്‍ വിശദീകരിക്കുന്നത്. പിഎസ്സി ചെയര്മാന് എം ആര് ബൈജു അടക്കം നേരിട്ട് പങ്കെടുത്ത പാനല്‍ ആയിരുന്നു അഭിമുഖം നടത്തിയത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം. അഡൈ്വസ് മെമ്മോ നല്‍കിയെങ്കിലും ജിതിന് ട്രെയിനിംഗിന് പ്രവേശിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. ട്രെയിനിംഗിനുള്ള അനുമതിയും നിയമന ഉത്തരവും തടയണമെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് പരാതിയില്‍ പറയുന്നത്.
Content Highlights: A complaint has alleged irregularities in the PSC’s special recruitment process for DYSP posts, claiming that former Maharaja’s College SFI leader Jithin KJ was awarded the top rank through preferential interview marks. The complaint states that he was not even included in the main rank list for police battalion constable recruitment, while candidates who scored higher in the written examination were allegedly pushed down through interview scoring. It also raises allegations about FIRs registered against Jithin in several criminal cases. The Save University Campaign has submitted complaints to the Chief Minister and Home Minister seeking action.