തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളള്ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. ഇത്തരം പ്രവണതയ്ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പ്രത്യേകം നിമയങ്ങള്‍ കൊണ്ടുവരുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
'സോഷ്യല്‍മീഡിയയിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത്. ട്രെയിനിന്റെ ടോയ്ലറ്റ് കോമ്പസ് കൊണ്ടും പബ്ലിക് ടോയിലറ്റില്‍ കരി കൊണ്ടും എഴുതിവെയ്ക്കുന്നതുകാണാം. അത്തരം അശ്ലീലങ്ങള്‍ ഇപ്പോള്‍ കാണാനില്ല. അവരെല്ലാം സോഷ്യല്‍ മീഡിയയിലാണ് എഴുതുന്നത്. അവരത് കൃത്യമായി ചെയ്യുന്നുണ്ട്. ഇവരുടെ ഏറ്റവും വലിയ ടാര്‍ഗറ്റ് സ്ത്രീകളാണ്. ഇതിനെതിരെ സ്പെഷ്യല്‍ ആക്ട് കൊണ്ടുവരാനാകുമോയെന്നാണ് നോക്കുന്നത്'; വി ഡി സതീശന് പറഞ്ഞു.
പുതിയ കാലത്തേക്കുള്ള വനിതാ നയം രൂപീകരിക്കണം. രാജ്യത്തിന് തന്നെ മോഡലായ നയം വേണം. ഇത് ഇച്ഛാശക്തിയോടെ നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കാലവും ലോകവും മാറുമ്പോഴും ചിന്തയില്‍ പലരും മാറുന്നില്ല. വേഷം മാത്രമേ മാറുന്നുള്ളൂ. സ്ത്രീകള്‍ക്ക് സാമ്പത്തികമായ സ്വയം പര്യാപതത കൈവരിക്കുന്നതിനൊപ്പം സമൂഹത്തില്‍ ആത്മവിശ്വാസവും വേണമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് സ്ത്രീശാക്തീകരണത്തെ ലക്ഷ്യമിട്ട് സംഘടിപ്പിച്ച 'മകള്‍ക്കൊപ്പം' പദ്ധതിയുടെ ഭാഗമായുള്ള വനിതാ നയ സമ്മിറ്റ് ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സാമ്പത്തികമായും സാമൂഹികമായും സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്നും, ഇതിനായി വിട്ടുവീഴ്ചയില്ലാത്ത വനിതാ നയം കേരളത്തില്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlights: The Chief Minister commented on abusive content on social media, stating that a special law should be implemented to address such practices.