'നഫീസത്തുല്ലിനെതിരെ നടക്കുന്ന കോൺഗ്രസ്-ലീഗ് അണികൾ നടത്തുന്ന സൈബർ ആക്രമണം ജനാധിപത്യ, മനുഷ്യത്വ വിരുദ്ധം'

വിദ്യാര്‍ത്ഥികള്‍ക്കെതിരെ രായ്ക്കുരാമാനം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പ്രതികാരനടപടി സ്വീകരിക്കുന്നത് സര്‍ക്കാരിന്റെ നഗ്‌നമായ ഇരട്ടത്താപ്പും പ്രീണന രാഷ്ട്രീയവുമാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി

തിരുവനന്തപുരം: മഹാരാജാസ് കോളേജില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിനെതിരെ ചോദ്യമുയര്‍ത്തിയതിന് പിന്നാലെ എസ്എഫ്‌ഐ നേതാവ് നഫീസത്തുല്‍ മിസ്രിയക്കെതിരെ കോണ്‍ഗ്രസ്-ലീഗ് അണികള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സൈബര്‍ ആക്രമണം ജനാധിപത്യ, മനുഷ്യത്വ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിദ്യാര്‍ത്ഥികളെ പ്രതിചേര്‍ത്ത് പൊലീസ് നടത്തുന്ന ഭരണകൂട വേട്ടയേയും ഈ രീതിയില്‍ വേണം കാണാനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എം ജി സര്‍വ്വകലാശാലയില്‍ സംഘപരിവാര്‍ നോമിനിയെ വിസിയാക്കിയപ്പോഴും സെനറ്റിലും സിന്‍ഡിക്കേറ്റിലും ആര്‍എസ്എസ് അനുകൂലികളെ കുത്തിനിറച്ചപ്പോഴും കാലിക്കറ്റ് പഠനബോര്‍ഡുകളില്‍ 32 ആര്‍എസ്എസുകാരെ നിയമിച്ചപ്പോഴും നിസ്സംഗത പാലിച്ചയാളാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രി. മുന്‍ ഗവര്‍ണറുടെ നോമിനിയായി നിയമിക്കപ്പെട്ട നിലവിലെ കാലടി സര്‍വ്വകലാശാലാ വിസിയുടെ വിദ്യാര്‍ത്ഥിവിരുദ്ധ നടപടികള്‍ക്ക് ഒത്താശ ചെയ്ത സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയുടെ സംഘപരിവാര്‍ വിധേയത്വത്തെയാണ് വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെ സംഘപരിവാറുകാര്‍ വഴിയില്‍ തടഞ്ഞ അപമാനിച്ച സംഭവത്തില്‍ പെറ്റിക്കേസ് പോലും ചുമത്താത്ത പൊലീസ്, മന്ത്രിയോട് ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ രായ്ക്കുരാമാനം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പ്രതികാരനടപടി സ്വീകരിക്കുന്നത് സര്‍ക്കാരിന്റെ നഗ്‌നമായ ഇരട്ടത്താപ്പും പ്രീണന രാഷ്ട്രീയവുമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുദ്ധം പ്രഖ്യാപിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വെള്ളിയാഴ്ച മഹാരാജാസ് കോളേജില്‍ ബിരുദദാന ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു സംഭവം. മന്ത്രി റോജി എം ജോണ്‍ സംസാരിച്ചതിന് പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞ് ചോദ്യം ഉയര്‍ത്തുകയായിരുന്നു. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പതിനാറ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ത്തിയായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മന്ത്രിയെ വളഞ്ഞത്. കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നഫീസത്തുല്‍ മിസ്രിയയായിരുന്നു ആദ്യം ചോദ്യം ഉയര്‍ത്തിയത്. എന്നാല്‍ പിന്നീട് മറുപടി പറയാമെന്നായിരുന്നു മന്ത്രി പറഞ്ഞത്. രണ്ട് ചോദ്യങ്ങളെപ്പോലും എന്തിനാണ് ഇത്ര പേടിക്കുന്നതെന്ന് നഫീസത്തുല്‍ മന്ത്രിയോട് ചോദിച്ചു. എന്നാല്‍ മറുപടി പറയാന്‍ മന്ത്രി തയ്യാറായില്ല. ഇതിന് പിന്നാലെ മന്ത്രി വേദി വിടുകയായിരുന്നു.

സംഘപരിവാറിന് കുടപിടിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് നഫീസത്തുല്‍ മിസ്രിയ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു. കാലടി സര്‍വകലാശാലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ അപരിഷ്‌കൃതരെന്ന് ചാപ്പകുത്തുന്ന പ്രസ്താവനയാണ് മന്ത്രി നടത്തിയത്. പതിനാറ് വിദ്യാര്‍ത്ഥികള്‍ അറുപത് ദിവസങ്ങളായി സസ്പെന്‍ഷനിലാണ്. അവരുടെ തുടര്‍ വിദ്യാഭ്യാസവും ഭാവിയും ആശങ്കയിലാണ്. സമരവുമായി ബന്ധപ്പെട്ട് റോജി എം ജോണ്‍ നടത്തിയ ഒരു പ്രസ്താവനയാണ് വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാക്കിയിരിക്കുന്നതെന്ന് നഫീസത്തുല്‍ മിസ്രിയ പറഞ്ഞു. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള വിദ്യാര്‍ത്ഥി സമരത്തിനെതിരായ പ്രസ്താവനയില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നോ എന്ന് ചോദിക്കുന്നതിനാണ് താന്‍ റോജി എം ജോണിന്റെ സമീപത്തേയ്ക്ക് പോയത്. ബിരുദദാന ചടങ്ങിനെ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും മിസ്രിയ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. മഹാരാജാസ് സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പെരുമാറിയത് ക്രിമനലുകളെപ്പോലെയാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞിരുന്നു.

Content Highlights- Pinarayi Vijayan has criticised the cyberattack against Nafeesathul allegedly carried out by Congress and Muslim League supporters. He described the online attack as anti-democratic and against human values.

To advertise here,contact us